Sunday, 1 December 2013

നീല

                                                          മമ്മയോടും പപ്പയോടും ഇന്ന് ഫേസ് ബുക്കിൽ വീഡിയോ ചാറ്റ് ചെയ്തു. മമ്മ നല്ല സന്തോഷത്തിലായിരുന്നു .

താൻ ഡിസൈൻ ചെയ്ത വസ്ത്രങ്ങളണിഞ്ഞ് ആകാര വടിവൊത്ത യുവതീ യുവാക്കൾ ഇന്ന് മെക്സിക്കോ നഗരത്തിലെ പ്രശസ്തമായ വേദിയിൽ അന്നനട നടത്തിയതും അതിൽ ആകൃഷ്ടരായ ഒട്ടനവധി പ്രശസ്തർ പ്രശംസിച്ചതുമെല്ലം മമ്മയെ വല്ലാതെ അഭിമാനം കൊള്ളിച്ചിരിക്കുന്നു.
മമ്മക്ക് ലഭിച്ച അംഗീകാരത്തിൽ ഞാനും സന്തോഷിക്കുന്നതായി അറിയിച്ചു .

                     
പപ്പയോട് സംസാരിച്ചത് അര മണിക്കൂറിനു ശേഷമായിരുന്നു  . ഈജിപ്തിലെ പിരമിഡുകൾക്കരികിൽ ഒരുക്കിയ സെറ്റിൽ അഭിനേതാക്കൾക്കായി അനുവദിച്ച അര മണിക്കൂർ ഇടവേളയിൽ പത്ത് മിനുട്ട് പപ്പ എനിക്ക് വേണ്ടി ചെലവഴിച്ചു.
ലോകത്തിൻറെ പല കോണുകളിൽ ജോലിത്തിരക്കായിരിക്കുമ്പോഴും പ്രദേശത്തിൻറെ ഭംഗി ക്യാമറയിൽ ഒപ്പിയും സംസ്കാരം വാക്കുകളിലൂടെ അറിയിച്ചും എന്നിലെ അറിവ് വർദ്ധിപ്പിക്കാൻ പപ്പ പലപ്പോഴും ശ്രമിക്കാറുമുണ്ട്.

വലിയ വീട്ടിൽ പൂന്തോട്ടം പരിപാലിക്കുവാനും അടുക്കള ജോലി ചെയ്യുവാനും കൂട്ടിലടച്ച നാല് മുന്തിയ ഇനം നായ്ക്കളെ വളർത്തുവാനുമായി ആറു ജോലിക്കാരുണ്ട്.
ആറു പേരിൽ ഞാനെൻറെ നീലമ്മയെ ഉൾപ്പെടുത്തുന്നില്ല. എൻറെ കുട്ടിക്കാലത്ത് നീലമ്മയുടെ യഥാർഥ പേര് എന്താണെന്ന് ഞാൻ ചോദിച്ചിരുന്നു.
'നീല ' എന്ന് തന്നെയാണ് പേര. നീലയോടൊപ്പം അമ്മയെന്നു കൂടി ചേർത്ത് എല്ലാവരും വിളിക്കുന്നതാണ്.
കുട്ടികളും സമപ്രായക്കാരായ സ്ത്രീകളും ,പ്രായമായ സ്ത്രീകളും ,പുരുഷന്മാരും എല്ലാം ഒരുപോലെ നീലമ്മ എന്ന് വിളിക്കുമ്പോഴും അതിനിടയിൽ എനിക്ക് മാത്രം നീല എന്ന മനോഹരമായ പേരും
'
അമ്മ' എന്ന അതിലും മനോഹരമായ വൈകാരിക ബന്ധവും ഒന്നു പോലെ സമന്വയിപ്പിക്കാൻ കഴിഞ്ഞിരുന്നു .ഇന്നും അതിന് കഴിയുന്നതിൽ ഞാൻ അഭിമാനിക്കുന്നു .
മമ്മയോടും പപ്പയോടും ഒപ്പം ചെലവഴിച്ചിട്ടുള്ള സമയത്തേക്കാൾ എത്രയോ മടങ്ങ് സമയം ഞാൻ നീലമ്മയോടൊപ്പമാരുന്നു.
കുസൃതി കാട്ടി നടന്ന കുട്ടിക്കാലത്ത് എപ്പോഴോ എൻറെ മുന്നിലെത്തിയ സ്ത്രീയെ 'മമ്മ' എന്ന് പരിചയപ്പെടുത്തി തന്നതും നീലമ്മയായിരുന്നു .
വരവിൽ മമ്മ ഒത്തിരി ദിവസം എനിക്കൊപ്പം ഉണ്ടായിരുന്നതായി നീലമ്മ പലപ്പോഴും പറഞ്ഞ് കേട്ടിട്ടുണ്ട്.
എന്നെ കുളിപ്പിക്കുവാനും ആഹാരം കഴിപ്പിക്കുവാനുമൊക്കെ മമ്മ ശ്രമിച്ചിരുന്നെങ്കിലും അതൊക്കെ പൂർണ്ണമാക്കാൻ മമ്മക്ക് എപ്പോഴും നീലമ്മയുടെ സഹായം വേണ്ടിവന്നിരുന്നത്രേ !
വാർത്ത എന്നെ അറിയിച്ചത് നമ്മുടെ കുക്ക് രാമു അങ്കിളാണ് .
                   
                  ഞാനിപ്പോൾ ഇങ്ങനെ ഒരു കുറിപ്പെഴുതാൻ ഒരു വിശേഷമുണ്ട്.അത് പറയുന്നതിന് മുമ്പ് ഒരു കാര്യം ; എന്നെ മലയാളം പഠിപ്പിച്ചതും നീലമ്മ തന്നെയാണ്.
മമ്മക്കും പപ്പക്കും മലയാളം സംസാരിക്കുവാൻ മാത്രമേ വശമുള്ളൂ. മാതൃ ഭാഷ നന്നായി പഠിക്കുവാനും അത് ഉപയോഗിക്കുവാനും കഴിയുന്നതിൽ ഞാനിന്ന് കൃതാർത്ഥനാണ്.
അത് കൊണ്ടാണല്ലോ വൈകാരികമായി വിക്ഷോഭം അനുഭവിച്ചു കൊണ്ടിരിക്കുന്ന മണിക്കൂറുകളിലും ബാൽക്കണിയിലെ കസേരയിലിരുന്ന് എനിക്ക് എൻറെ മഷിപ്പേന കടലാസിനു മുകളിലൂടെ ചലിപ്പിക്കാനാകുന്നത്.
കരയണോ ചിരിക്കണോ എന്ന ചോദ്യത്തിനുത്തരം നീലമഷികൾ അരിച്ചിറങ്ങി എൻറെ പേന അവസാന വാക്ക് കുറിക്കുമ്പോൾ എനിക്ക് ലഭിച്ചേക്കാം .
               
               പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ് പപ്പ എനിക്ക് ഒരു വർഷം സമയം തന്നിരിക്കുകയാണ്. 'എന്നെ സ്വയം തിരിച്ചറിയാൻ 'എന്നാണ് പപ്പ അനുവദിച്ചു തന്ന ഒരു വർഷത്തിൻറെ പേര് .
"എന്തും കാണാം എന്തും അറിയാം എന്തും പഠിക്കാം . ഒടുവിൽ മുന്നൂറ്റി അറുപത്തി അഞ്ച് ദിവസം കഴിയുമ്പോൾ നിനക്ക് തീരുമാനിക്കാം നിൻറെ ഭാവി " എന്നായിരുന്നു പപ്പയുടെ വാക്കുകൾ.
'
ശരിയാണ് പപ്പ' ... ഞാനിന്ന് എന്നെ സ്വയം തിരിച്ചറിഞ്ഞിരിക്കുന്നു.
നീണ്ട പതിനേഴു വർഷത്തെ ചിന്തകൾ ഞാൻ എല്ലാവരിൽ നിന്നും ഒളിപ്പിച്ചു വെച്ചു.
പല ബാങ്കുകളിലായി കോടികൾ വരുന്നു പപ്പയുടേയും മമ്മയുടെയും നിക്ഷേപത്തിൻറെ വളരെ ചെറിയൊരു അളവ് മാത്രം
അത്യാവശ്യങ്ങൾക്കായി ചെലവഴിച്ച്,ആഘോഷങ്ങൾ ഒന്നുമില്ലാതെ സ്വയം ഒതുങ്ങിക്കൂടുമ്പോഴും, ദിവസത്തിൻറെ പല മണിക്കൂറുകളിലും ഞാൻ അനുഭവിച്ച എകാന്തതക്കുമപ്പുറം ഇനിയും സത്യങ്ങൾ എന്നിൽ നിന്നും മറഞ്ഞു നിൽക്കുന്നു എന്ന് ഞാനറിഞ്ഞിരുന്നില്ല പപ്പ ...
            
                  വണ്‍ഡേ ക്രിക്കറ്റ് മാച്ചുള്ള ദിവസം ഞാൻ വീടിനുള്ളിൽ തന്നെ കാണുമെന്നറിഞ്ഞിട്ടാകണം സൂസി ആന്റി ഇന്ന് വൈകുന്നേരം വീട്ടിൽ വന്നിരുന്നു. ആന്റി ഒരു ഡോക്ടരാനെന്നു പലപ്പോഴും ഞാൻ മറന്നു പോകാറുണ്ട് .ആന്റി ഞങ്ങളുടെ കുടുംബ സുഹൃത്താണ് .
                        മാച്ച് അവസാനിക്കാൻ ഏതാനും മിനിട്ടുകൾ മാത്രം ബാക്കി ഉള്ളപ്പോഴാണ് കൈലിരുന്ന ടാബ്ലെറ്റിൽ മമ്മ വീഡിയോ ചാറ്റിൽ വിളിച്ചത്.
ക്രിക്കറ്റിനോടുള്ള ആവേശത്തിൽ പെട്ടെന്ന് തന്നെ മമ്മയോട് ഇന്നത്തെ ഷോയുടെ സന്തോഷം പങ്കു വെച്ച് തിരികെ വന്നു.
സൂസി ആൻറി സമയം മറ്റേതോ ചാനലിൽ ഹിന്ദി സിനിമാ ഭാഗങ്ങൾ കണ്ടിരിക്കുകയായിരുന്നു. ഞാൻ  വന്നയുടൻ റിമോട്ട് എൻറെ കൈയിൽ തന്നിട്ട് ആന്റി നീലമ്മയുടെ അരികിലേക്ക് പോയി. അവർ രണ്ടു പേരും ചായയുമായി വന്നപ്പോഴേക്കും മാച്ച് കഴിഞ്ഞിരുന്നു.
ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള കളിയിൽ ഞാനാഗ്രഹിച്ച പോലെ ഓസ്ട്രേലിയ ജയിച്ച സന്തോഷത്തിൽ ചായയും കുടിച്ച് സൂസി ആന്റിയോട് അല്പ്പം കുശലം ഒക്കെ പറഞ്ഞ് ഇരിക്കുമ്പോഴാണ് പപ്പ വിളിക്കുന്നത് .
ഈജിപ്തിലെ വിശേഷങ്ങൾ അറിയാൻ ആവേശത്തോടെ ഞാൻ മുറിയിലേക്ക് പോയി .അപ്പോഴേക്കും സൂസി ആന്റിയും നീലമ്മയും ഏതോ പുതിയ ഡിഷിനെ പറ്റി സംസാരിക്കാൻ ആരംഭിച്ചു കഴിഞ്ഞിരുന്നു.
പപ്പയുടെ സമയ പരിമിതി കാരണം വേഗത്തിൽ സംസാരം അവസാനിപ്പിച്ച് പടി ഇറങ്ങി വരുമ്പോൾ നേരെയുള്ള കണ്ണാടിയിലൂടെ ഞാൻ നീലമ്മയുടെ മുഖം ശ്രദ്ധിച്ചു.
സ്വീകരണ മുറിയിലിരിക്കുന്ന അതിഥികളെ മുൻകൂട്ടി അറിയാൻ പടികൾക്ക് നേരെ ഒരുക്കിയിരിക്കുന്ന സംവിധാനമാണ് കണ്ണാടി.
നീലമ്മയുടെ കണ്ണുനീരും ദീർഘ നിശ്വാസവും എന്നിൽ സംശയം സൃഷ്ടിച്ചു. എൻറെ നിർബന്ധത്തിന് ഒന്നും ഒരു ഫലവുമുണ്ടായില്ല .
സൂസി ആന്റി നീലമ്മയെ കരയിപ്പിച്ചത് എങ്ങനെ എന്ന് എനിക്ക് മനസിലായില്ല. സൂസി ആന്റി പോയ ശേഷം നീലമ്മ വീണ്ടും ചിരിച്ച് കണ്ടു.
എന്നോട് അല്പ്പനേരം സംസാരിച്ചു. എന്നിട്ട് വലിയ വീട്ടിൽ ഏതോ നാല് ചുമരുകൾക്കുള്ളിലേക്ക് പോയി മറഞ്ഞു .
               
                      സൂസി ആന്റി പോയ ഉടൻ ഞാൻ പപ്പയുടെ മുറിയിലേക്ക് കടന്നു. രണ്ടു മാസങ്ങൾക്ക് മുമ്പ് പപ്പ അവസാനം വന്നപ്പോൾ എനിക്ക് മുറിയിലെ കമ്പ്യൂട്ടെറിന്റെ പാസ് വേർഡ് ചോർത്താനായി.
അന്ന് പ്രത്യേകിച്ച് ഉപയോഗം ഒന്നും ഇല്ലായിരുന്നെങ്കിലും ഇടയ്ക്കു എനിക്കത് വല്ലാത്ത സന്തോഷമായിരുന്നു.
സന്ധ്യക്ക് എനിക്ക് പാസ് വേർഡ് ഉപയോഗപ്പെട്ടു. വീട്ടിലെ മിക്കവാറും എല്ലാ മുറികളിലും ക്യാമറകളുണ്ട്. കാഴ്ചക്കപ്പുറം ശബ്ദം റിക്കോർഡ് ചെയ്യാനുള്ള സംവിധാനവുമുണ്ട്. നീലമ്മയെ കരയിപ്പിച്ച രഹസ്യം കണ്ടെത്താനായി നമ്മുടെ സ്വീകരണ മുറിയിലെ ക്യാമറയുടെ റിക്കോർഡിംഗ് ലിസ്റ്റ് പരിശോധിച്ചു.
അങ്ങനെയാണ് എന്നെ കുറിപ്പിൽ എത്തിച്ച രഹസ്യം ഞാനറിയുന്നത്.
  റിക്കോർഡിംഗ് ചിത്രങ്ങളിൽ ഇത്രമാത്രം;
                 
ഒരു പഞ്ചാബി വിഭവത്തിൻറെ പാചകക്കുറിപ്പ് വായിച്ചിട്ടു വന്ന സൂസി ആന്റി അതിനെ പറ്റി എനിക്ക് ഒട്ടും താല്പര്യമില്ലാത്ത ഭാഷയിൽ നീലമ്മയോട് സംസാരിച്ചു. പിന്നെ ഒരു കുശലമെന്നോണം ആന്റി ചോദിച്ചു .
"അലന് നിൻറെ സാമിപ്യം എപ്പോഴും ഒരു ആശ്വാസമാണ് അല്ലേ നീല ?? "
ഒരു നോട്ടം മാത്രം നല്കി നീലമ്മയുടെ കണ്ണുകൾ നിറഞ്ഞു. ഒരു ദീർഘ നിശ്വാസത്തിനുമപ്പുറം നീലമ്മ പറഞ്ഞു
" അമ്മയെന്ന് അവകാശപ്പെടാൻ എനിക്ക് അധികാരമില്ലെങ്കിലും .. സൂസി ഡോക്ട്ടർ,നിങ്ങൾക്കൊരിക്കലും നിക്ഷേധിക്കാനാകില്ല അലനെ പ്രസവിച്ച്,മുലയൂട്ടി വളർത്തിയത് ഞാനാണെന്ന സത്യം. അവൻറെ മമ്മയുടെയും പപ്പയുടേയും ലോകത്ത് അവൻ പലപ്പോഴും ഒറ്റപെടുന്നു. അത് മനസിലാക്കാൻ എനിക്ക് കഴിയുന്നുമുണ്ട് . എങ്കിലും ഒരു ജോലിക്കാരിയുടെ സ്നേഹ വായ്പ്പിനു എൻറെ കുഞ്ഞിൻറെ സങ്കടങ്ങൾ പൂർണ്ണമായും തീർക്കാനാകില്ലല്ലോ!"

സമയത്ത് ക്യാമറച്ചിത്രങ്ങൾക്ക് ഇടയിലേക്ക് അലനെന്ന ഞാൻ കടന്നു ചെന്നു.മുറിയടച്ചു ഞാൻ പുറത്തിറങ്ങി . മനസ്സിന് വല്ലാത്ത ശൂന്യത അനുഭവപ്പെട്ടു. ശൂന്യത പെട്ടെന്ന് ആകാംക്ഷയായി പരിണമിക്കുന്നത് ഞാൻ അറിഞ്ഞു. കാറെടുത്ത് സൂസി ആന്റിയുടെ വീട് ലക്ഷ്യമാക്കി ഓടിച്ചു . ലൈസെൻസ് ഇല്ലാതെ നഗരത്തിൻറെ ഏതു തിരക്കിലും സധൈര്യം കാർ ഡ്രൈവ് ചെയ്യുവാനുള്ള സ്വാതന്ത്ര്യം തീർച്ചയായും മമ്മയും പപ്പയും നിമിത്തം എനിക്ക് ഉണ്ടായി വന്നതാണ് . പക്ഷെ ചുറ്റിനുമുള്ള എല്ലാ സൗഭാഗ്യങ്ങൾക്കുമപ്പുറം ഞാനെന്ന സൃഷ്ടിയിൽ ഇനിയും അവശേഷിക്കുന്ന രഹസ്യം എന്നിൽ വല്ലാതെ അരക്ഷിതാവസ്ഥ സൃഷ്ടിച്ചു .
                               
സൂസി ആന്റി എൻറെ ചോദ്യത്തിനു മുമ്പിൽ പകച്ചു പോയി .അല്പ്പനേരം എൻറെ കണ്ണുകളിലേക്ക് തുറിച്ച് നോക്കിയിട്ട് അവയിൽ നിറഞ്ഞു നിന്ന അഗ്നി തിരിച്ചറിഞ്ഞിട്ടാകണം, വീടിനുള്ളിലേക്ക് പോയിട്ട് പെട്ടെന്ന് തിരിച്ചു വന്നു.
 
"അലൻ ഞാൻ നിൻറെ പപ്പയോടും മമ്മിയോടും സംസാരിക്കുകയായിരുന്നു . കാരണം അവരുടെ അനുവാദമില്ലാതെ എനിക്കത് നിന്നോട് പറയുവാനാകില്ല."
ഞാൻ പറഞ്ഞു.
 "
എനിക്ക് സത്യം അറിയണം . ഇതെൻറെ അവകാശമാണ് . ആന്റി എന്നോട് ദയവു കാണിക്കണം "
ശേഷം എൻറെ സ്വരം ഇടറി
" കാര്യം അറിഞ്ഞ ശേഷം ഞാൻ തീരുമാനിക്കാം ,ആരാണ് എൻറെ പപ്പാ ആരാണ് മമ്മ എന്നൊക്കെ "
സത്യം വെളിപ്പെടുത്താൻ അവരുടെ അനുവാദം സൂസി ആന്റിക്ക് ലഭിച്ചിരുന്നോ എന്നെനിക്ക് ഇപ്പോഴും അറിയില്ല .
പതിനെട്ടു വർഷം മുമ്പ് മമ്മ ഒരു ഫാഷൻ ഡിസൈനറും തിരക്കേറിയ ഒരു മോഡലും ആയിരുന്നു. പപ്പയുടെ ഷൂട്ടിങ്ങ് തിരക്കുകൾക്കിടയിൽ അവർ തമ്മിൽ കണ്ടിരുന്നത് വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമായിരുന്നു .വിവാഹം കഴിഞ്ഞു മൂന്നു വർഷം കഴിഞ്ഞിട്ടും കുട്ടികളുണ്ടാകത്തത്തിൽ പപ്പയും മമ്മയും തെല്ലു പോലും വിഷമിച്ചിരുന്നില്ലെങ്കിലും ഇരുവരുടെയും വീട്ടുകാർക്ക് അതൊരു സ്വപ്നമായിത്തന്നെ അവശേഷിച്ചു. കൂടിക്കാഴ്ചകളിൽ അവർക്കിടയിലെ ഒരു വലിയ പ്രശ്നമായിത്തന്നെ പിറക്കാനിരിക്കുന്ന അവരുടെ കുഞ്ഞു നിന്നു. അങ്ങനെ പപ്പയുടെ ഡാഡി അവർക്ക് പരിചയപ്പെടുത്തിക്കൊടുത്ത കഥാപാത്രമാണ് Dr . സൂസി.
ആന്റിയോട് മമ്മ മനസ്സ് തുറന്നു . കുഞ്ഞിനെ പ്രസവിച്ച് മുലയൂട്ടി വളർത്തി ശരീരത്തിൻറെ ഭംഗി നശിപ്പിക്കാൻ അവർക്കൊരിക്കലുമാകില്ലത്രെ ! കോടികൾ ബാങ്ക് ബാലൻസിൽ വന്നു തുടങ്ങിയ സമയത്ത് സൂസി ആന്റിയെ സ്വധീനിക്കുകയെന്നത് മമ്മയ്ക്കു ചെറിയൊരു കടമ്പയായിരുന്നു. പരിഹാരം കണ്ടെത്തുക സൂസി ആന്റിയിലെ വിദഗ്ദ്ധയായ ഡോക്ട്ടറുടെ കർത്തവ്യമായി. പപ്പയോടും മമ്മയോടും വിശദമായി സംസാരിക്കാൻ ശ്രമിച്ചപ്പോൾ മറ്റൊരു സത്യം കൂടി ആന്റിക്ക് മനസിലായി . പ്രശസ്തയും അതി സുന്ദരിയുമായ മമ്മയെ വിവാഹം കഴിക്കുമ്പോൾ പപ്പ ലോകത്തിനു മുമ്പിൽ സർവ്വതും നേടിയവനാകുകയായിരുന്നുവത്രേ! സൗന്ദര്യം നശിപ്പിക്കാൻ പപ്പയ്ക്കും മമ്മയുടെ അതേ അളവിൽ തന്നെ നീരസം ഉണ്ടായിരുന്നുവെന്ന്.
സ്വന്തം അമ്മയുടെ ഗർഭപാത്രത്തിൽ വളരുന്ന കാൻസർ രോഗത്തെ നശിപ്പിക്കാൻ പണമില്ലാതെ നിറകണ്ണുകളുമായി നിന്ന നീല എന്ന പെണ്കുട്ടിയുടെ ഒരു രോഗവുമില്ലാത്ത ഗർഭപാത്രം സൂസി ആന്റി വാടകക്കെടുത്തു . അവൾ ഒരു കന്യക ആണെന്നും കുടുംബവും കുട്ടികളും അവളില ഒരു സ്വപ്നം ആയിത്തന്നെ അവശേഷിക്കാൻ പോകുന്നുവെന്നും അവരാരും അന്ന് അറിഞ്ഞതായി ഭാവിച്ചില്ല. മമ്മയുടെയും പപ്പയുടേയും ജീവാംശം ഒരു ടെസ്റ്റ് ട്യൂബിൽ ഭ്രൂണമായി പരിണമിച്ചു. നീല എന്ന പെണ്കുട്ടിയുടെ ഗർഭപാത്രത്തിൽ അത് വളർന്നു. ഒരു പുരുഷൻറെ സ്പർശം പോലുമേൽക്കാതെ നീല പ്രസവിച്ച കുഞ്ഞിനു മുലയൂട്ടി . ഒരു മാസത്തിനു ശേഷം ഉടമ്പടി പ്രകാരം എന്നെ സൂസി ആന്റി വഴി കൈമാറിയ ശേഷം നീലമ്മ പോയി. കുഞ്ഞു പിറന്ന ആഹ്ലാദത്തിലെത്തിയവരെല്ലാം വവരമരിഞ്ഞു പുശ്ചത്തോടെ ഓടി അകന്നു ..
                         
ചോരക്കുഞ്ഞുമായി ഒറ്റപ്പെട്ടു പോയ മമ്മക്കരികിലേക്ക് വീണ്ടും സൂസി ആന്റി രക്ഷക വേഷവുമായി എത്തി. അങ്ങനെ എന്നെ നോക്കുക എന്ന കർത്തവ്യവുമേറ്റെടുത്ത് നീല എന്ന സ്ത്രീ വന്നു. അവരുടെ കൈയിൽ എന്നെ ഭദ്രമായി ഏൽപ്പിച്ച് മമ്മ വിദേശത്തേക്ക് പറന്നു . തങ്ങളുടെ കുഞ്ഞിനെ പ്രസവിച്ച സ്ത്രീയുടെ കൈലാണ് അവനെ വളർത്താൻ ഏൽപ്പിച്ചതെന്നു അടുത്ത വരവിലാണ് മമ്മയും പപ്പയും മനസിലാക്കിയത് . വിശന്നു കരയുന്ന എന്നെ മാറോടണച്ചു നീലമ്മ മുലയൂട്ടിയ രംഗം കണ്ട മമ്മയ്ക്കു തെല്ലു പാപബോധം എങ്കിലും അനുഭവപ്പെട്ടോയെന്ന് സൂസി ആന്റിക്ക് ഇപ്പോഴും പറയാനാകുന്നില്ല .
                 
നീലമ്മ പറഞ്ഞത് ശരിയാണ്. അവർക്ക് എൻറെ അമ്മ എന്നവകാശപ്പെടാനാകില്ല. പക്ഷെ എന്നെ പ്രസവിച്ചത് അവരാണ്, എന്നെ പാലൂട്ടിയത്, സ്നേഹത്തോടെ വളർത്തിയത് ഒക്കെ അവരാണ് .
ഇവിടെ ഞാനെൻറെ കുറിപ്പുകൾ അവസാനിപ്പിക്കുകയാണ്.
പണത്തിനും പ്രശസ്തിക്കും വേണ്ടി ഞാൻ പിറക്കേണ്ട സ്ഥാനം പോലും മാറ്റിയ മാതാ പിതാക്കളോടും ഈശ്വര സ്പർശമേറ്റ മഹത്തായ തൊഴിലിനെ ദുർവിനിയോഗം ചെയ്ത ഡോക്ട്ടറോടും നന്ദി പറയട്ടെ !
കാരണം ഇന്നീ വലിയ വീട്ടിൽ ഞാൻ ഒറ്റക്കല്ല . അടുക്കളയോട് ചേർന്നുള്ള മുറിയിൽ സുഖമായുറങ്ങുന്ന നീല എന്ന എൻറെ നീലമ്മയെ ഞാനൊന്നു പോയി കാണട്ടെ . ശരീരത്തിൻറെ ചൂടേറ്റുറങ്ങട്ടെ .
സർവ്വസ്വവും തിരിച്ചു കിട്ടിയ കുഞ്ഞിൻറെ ആഹ്ലാദത്തോടെ നേരട്ടെ....
 
                                                       "ശുഭ രാത്രി "



4 comments:

  1. വളരെ നല്ല രചന
    മാതൃത്വത്തിന്റെ മഹനീയത തിരിച്ചറിയാതെ പോകുന്ന തലമുറകള്‍
    സൗന്ദര്യമാണ് മനുഷ്യന്റെ നേട്ടം എന്നും ചിന്തിക്കുന്ന സമൂഹം
    മനസ്സിന്റെ നന്മയും സൗന്ദര്യവും തിരിച്ചറിയാതെ പോകുന്നു
    അങ്ങനെ ഉള്ളവര്‍ക്ക്‌ ജനിക്കുന്ന കുഞ്ഞുങ്ങളുടെ മാനസികാവസ്ഥ ,അവര്‍ മനസ്സിലാക്കാതെ പോകുന്നു
    വൃന്ദാ ,നന്നായി എഴുതി
    കൃതഹസ്തയായ ഒരു എഴുത്തുകാരിയുടെ രചനാപാടവം ഈ രചനയെ സുന്ദരമാക്കുന്നു
    ആശംസകള്‍

    ReplyDelete
  2. സറൊഗെറ്റ് അമ്മ നീലമ്മ...കഥ കൊള്ളാം കേട്ടോ!

    ReplyDelete
  3. ഭംഗിയായി അവതരിപ്പിച്ച ആധുനിക കാലത്തെ ടെസ്റ്റ്‌ ട്യൂബ്‌ ബേബിയുടെ കഥ ഇഷ്ടമായി.

    ReplyDelete
  4. നന്നായിട്ടുണ്ട്
    ആശംസകള്‍

    ReplyDelete