Monday 26 September 2016

റൂമി എന്ന മാസ്മരികത (വായനാനുഭവം)


പതിമൂന്നാംനൂറ്റാണ്ടില്‍ പേര്‍ഷ്യന്‍ ഭാഷയില്‍ രചനനടത്തിയ ജലാലുദ്ദീന്‍ റൂമി എന്ന സൂഫികവിയും ദാര്‍ശനികനും ഈ അടുത്തകാലത്താണ് എന്നെ ബാധിച്ചത്. ബാധ എന്നവാക്ക് മനപൂര്‍വ്വമായി ഉപയോഗിച്ചതാണ്. കാരണം അത്രഉന്നതിയിലാണ് റൂമിയുടെ കവിതകളുടെ സ്വാധീനം. ഷംസ് -ഇ - ടബ്രിസ് , മസ്നവി എന്നീ റൂമിയുടെ വിഖ്യാതമായരചനകളില്‍നിന്നു മലയാളിയായ കവിയും വിവര്‍ത്തകനും ഗാനരച്ചയിതാവുമൊക്കെയായ ശ്രീ കെ.ജയകുമാര്‍ കണ്ടെടുത്ത കവിതകള്‍ ഉള്‍പ്പെടുത്തിയ "റൂമിയുടെനൂറുകവിതകള്‍" എന്ന പുസ്തകമാണ് എന്നെ റൂമിയിലേക്കും ദാര്‍ശനികചിന്തയുടെ അര്‍ത്ഥതലങ്ങളിലേക്കും കൂട്ടിക്കൊണ്ടുപോയത്.
പുസ്തകത്തിന്‍റെ മുഖവുരയില്‍ ശ്രീ കെ ജയകുമാര്‍ പറഞ്ഞുവെച്ച ചിലവാചകങ്ങള്‍ ഇവയാണ്. "പ്രത്യേകിച്ചെന്തെങ്കിലും മാനദണ്ഡം ഈ കവിതകള്‍ ക്രമീകരിക്കുന്നതില്‍ അവലംബിച്ചിട്ടില്ല.രത്നഗര്‍ഭയായ കടലില്‍മുങ്ങി ഒരുപിടി മുത്തുവാരിയെടുക്കുമ്പോള്‍ അവയെ വര്‍ഗീകരിക്കാനൊരുമ്പെടുന്നത് സാഹസമായിരിക്കും." ഒപ്പമദ്ദേഹം ഇങ്ങനെ കൂട്ടിച്ചേര്‍ക്കുകയുണ്ടായി. "റൂമിക്കവിതയുടെ ആത്മസൗന്ദര്യത്തെക്കുറിച്ച് വായനക്കാരില്‍ ഔത്സുക്യവും അത്ഭുതവും ഉളവാക്കാന്‍ സാധിച്ചാല്‍ ,എന്‍റെ ഈ എളിയ ഉദ്യമം സഫലമാവും." ഈ ചെറിയ വായനക്കാരിയില്‍ തീര്‍ച്ചയായും അത്ഭുതം സൃഷ്ടിക്കാന്‍ ഈ ഉദ്യമത്തിനു കഴിഞ്ഞെന്നു പറയുന്നതിനൊപ്പം റൂമിയെ അറിയുവാന്‍ തുടങ്ങുന്നതിനുമുമ്പ് കവിതകളോട് ബോധപൂര്‍വ്വമായ അകലം പാലിച്ചവളായിരുന്നു ഞാന്‍ എന്നുകൂടി അറിയുക. റൂമിയിലൂടെ വാക്കുകള്‍ ബിംബങ്ങളായി അനായേസേന പ്രവഹിച്ചപ്പോള്‍ അര്‍ത്ഥതലങ്ങള്‍ നിരവധിയാണ്. ഒരു സ്ഫടികഗോളത്തിലൂടെ പ്രകാശം പ്രതിഫലിക്കുമ്പോള്‍ ഉണ്ടാകുന്ന വ്യത്യസ്ഥആകൃതിയിലെ, ഒരേ വസ്തുവിന്റെ പ്രതിബിംബംകണക്കേ ആ ഏകദൈവത്തോടുള്ള പ്രണയം ഓരോകവിതകളിലും നിറഞ്ഞുനില്ക്കുന്നു. എന്‍റെ മനസ്സില്‍ റൂമി ഒരു മഹാത്ഭുതംതന്നെയാണ്. പുസ്തകത്തിലെ നൂറുകവിതകളും നൂറുദിവസമെടുത്തു വായിക്കുവാന്‍ കാരണക്കാരായ എന്‍റെ പ്രിയ മിത്രങ്ങളോടുള്ള നന്ദിയും ഇവിടെ കുറിക്കാതെപോകുക അസാധ്യം. വാക്കുകളുടെ കണക്കെടുത്താൽ വളരെച്ചെറിയ ആ കവിതകളൊക്കെയും മനസ്സിലാക്കാന്‍പോന്ന അറിവെനിക്കുണ്ടായില്ല. എങ്കിലും "തന്നിലേക്കുതന്നെ നോക്കുക അവിടെ ദൈവത്തെ കാണാനാകും"എന്ന സൂഫികളുടെ ഒരു വഴി, വിദൂരതയിലെങ്കിലും വ്യക്തമായിക്കാണാന്‍ കഴിഞ്ഞെന്ന ചാരിതാർത്ഥ്യമുണ്ട്. സുഖലോലുപതയില്‍ ജീവിക്കുമ്പോഴും ചിലരെങ്കിലും അനുഭവിക്കുന്ന ഒരു അവ്യക്തമായ ശൂന്യതയുണ്ട്. അതുകൊണ്ടുതന്നെ മഹാത്മാക്കള്‍ പറഞ്ഞുവെച്ച ചരിത്രം ഞാന്‍ ആവര്‍ത്തിക്കുന്നു. "റൂമി പകരുന്ന പ്രകാശപ്രവാഹം കാലാതീതമാണ് ."
നന്ദി . സ്നേഹം.
വൃന്ദാ അഭി ശിവന്‍

Friday 29 July 2016

കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍: (memories by ദീപാനിശാന്ത്)

വളരെ യാദൃശ്ചികമായി എന്‍റെ പക്കലെത്തിയ ഈ പുസ്തകത്തില്‍ ഇരുപത്തഞ്ചോളം ഓര്‍മ്മക്കുറിപ്പുകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. യാതൊരുവിധ മുന്‍ധാരണയുമില്ലാതെയാണ് പുസ്തകം വായിച്ചുതുടങ്ങിയത്. എന്നാല്‍ വായന കഴിഞ്ഞും , മണിക്കൂറുകളോളം മനസ്സില്‍ എഴുത്തുകാരി അനുഭവിച്ച കുളിര്‍ അതേഅളവില്‍ വന്നുനിറഞ്ഞുനിന്നത് വല്ലാത്ത അനുഭൂതിയായി. കണ്ടുമടുത്ത ചില ക്ലീഷേകളില്‍നിന്നു ദീപാനിശാന്ത് എന്ന അധ്യാപികയുടെ രചനകള്‍ എങ്ങനെ വേറിട്ടുനില്ക്കുന്നുവെന്നു ചോദിച്ചാല്‍ അവയിലൊക്കെയുള്ള ഭാഷയുടെ ലാളിത്യവും അനുഭവങ്ങളുടെ നിറച്ചാര്‍ത്തുംതന്നെയെന്ന്‍ പറയേണ്ടിവരും. പുതിയ എഴുത്തുകാരില്‍ പലരിലുമില്ലാത്ത ഒത്തിരി സവിശേഷതകള്‍ പുസ്തത്തിലാകമാനം നിറഞ്ഞുനില്ക്കുന്നു.വ്യക്തിപരമായി ആ പുസ്തകത്തെ നെഞ്ചോടുചേര്‍ക്കാന്‍ എന്റേതായ നിരവധി കാരണങ്ങളുണ്ടെങ്കിലും വായിക്കാത്തവരോട് ഉറപ്പായും വായിക്കാന്‍ നിര്‍ദ്ദേശിക്കാന്‍ മനസ്സ് പറയുന്നു. ചിലയിടത്ത് ,ചില മനുഷ്യര്‍(കഥാപാത്രങ്ങള്‍) മനസ്സില്‍ നോവുപടര്‍ത്തുമെങ്കിലും ഇടയ്ക്ക് വളരെ ശ്രദ്ധാപൂര്‍വ്വം പണികഴിപ്പിച്ച സ്വര്‍ണ്ണക്കണ്ണികള്‍പോലുള്ള ചില കുട്ടിക്കാലസ്മരണകള്‍ പുഞ്ചിരിയുണര്‍ത്തും. വെറുമൊരു പുസ്തകമല്ല ചില തിരിച്ചറിവുകള്‍ കൂടി കുളിരിനൊപ്പം പകര്‍ന്നുതരുന്നതില്‍ എഴുത്തുകാരി വിജയിച്ചു. തന്‍റെ ഓര്‍മ്മകളെ എത്തരത്തില്‍ ഒരാള്‍ താലോലിക്കണമെന്നുകൂടി പരോക്ഷമായി പറഞ്ഞുതരുന്നു. എഴുത്തുകാരിക്ക് മലയാളസാഹിതത്യത്തോടും തന്‍റെ പ്രവൃത്തിമേഖലയോടും കുടുംബത്തോടും സിനിമയോടും സര്‍വോപരി സമൂഹത്തോടുമുള്ള പ്രതിബദ്ധത ഓരോരോ വരികളിലും തെളിഞ്ഞുനില്ക്കുന്നു.വിരസത തീരെയും സമ്മാനിക്കാത്ത വായനാനുഭവം .
പ്രിയരേ ,ഓരോരോ മനുഷ്യരും ഒറ്റപ്പെട്ട ദ്വീപുകള്‍പോലെയാണ്.ആ ദ്വീപുകള്‍ ആക്രമിക്കപ്പെടേണ്ടതല്ല. മറിച്ചു ഓരംചേര്‍ന്നിരുന്ന് അപകടമില്ലെന്ന് ഉറപ്പാക്കിയശേഷം അടുത്തറിഞ്ഞ്‌ പുസ്തകംപോലെ വായിച്ചറിഞ്ഞു ,നന്മകള്‍ മനസിലും ഓര്‍മ്മകളിലും എഴുതിച്ചേര്‍ക്കേണ്ടതാണ്. (ശ്രീമതി ദീപാനിശാന്ത് പറയാതെ പറഞ്ഞ വാക്കുകളില്‍നിന്നും എന്‍റെ വക ഉപോത്പന്നം )
സ്നേഹാദരങ്ങളോടെ
വൃന്ദാ അഭി ശിവന്‍

Wednesday 8 June 2016

പാരനോയ


ആ ദിവസം പാതിരാത്രി കഴിഞ്ഞാണ് ഹരിയുടെ ഫോണിൽ സാമിന്റെ കോൾ വന്നത്.
"എടാ ഞാനതിനെ കൊണ്ട് കളഞ്ഞു. എന്റെ ഭാര്യ പ്രസവിച്ച അവളുടെ ജാരസന്തതിയെ ഞാൻ കൊണ്ട് കളഞ്ഞു"
ഹരി ഒരു നിമിഷം സ്തംഭിച്ചു നിന്നുപോയി. തന്റെ ഉറ്റ സുഹൃത്ത് സാം തന്നെയാണത് പറഞ്ഞതെന്നുറപ്പിക്കുവാനായി അയാൾ തന്റെ ഫോൺ സ്ക്രീനിൽ വീണ്ടും നോക്കി.
"സാം നിനക്കെന്തു പറ്റി? എന്തൊക്കെയാണ് നീയീ പിറുപിറുക്കുന്നത്..
കഴിഞ്ഞയാഴ്ച്ച അനു പ്രസവിച്ച നിങ്ങളുടെ കുഞ്ഞിനെയാണോ ജാരന്റെ കുഞ്ഞെന്ന് നീ പറഞ്ഞത്. അതിനെ നീ എന്തു ചെയ്തെടാ?"
മറുവശത്ത് ഒരു പരിഹാസച്ചിരി ഉയർന്നു.
"ഞങ്ങളുടെ കുഞ്ഞെന്നോ!എനിക്കറിയാം അതല്ല സത്യം"
ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തി സാം പറഞ്ഞതൊന്നും വിശ്വസിക്കാൻ കഴിയാതെ ഹരി ചോദിച്ചു.
"അനുവിനെ എനിക്കറിയാത്തതാണോ?
അവൾക്കാരാണ് ജാരൻ?
നീ ഭ്രാന്ത് പറയാതെ ഇപ്പോൾ എവിടെയാണെന്ന് പറയട.
എനിക്ക് നിന്നെ കാണണം."
സാമിന്റെ മറുപടിയിൽ അയാളുടെ ക്രോധം നന്നായി നിഴലിച്ചിരുന്നു.
"അവൾക്ക് ആരാണ് ജാരനെന്നോ!അതിനുത്തരം ഞാൻ തന്നെ പറയണോ?പറയാം. നീയാണത്. ഉറ്റ സുഹൃത്തെന്നും പറഞ്ഞു നടന്നു നീയെന്നെ ചതിക്കുകയായിരുന്നു.ഞാൻ കൊൽക്കത്തയ്ക്ക് പോയാൽപ്പിന്നെ നിങ്ങൾക്ക് വളരെ സൗ കര്യമായല്ലോ..
നിങ്ങൾ അങ്ങനെ സന്തോഷിക്കേണ്ട.ആ നശിച്ച സന്തതിയെ ഇനി നിങ്ങൾക്ക് കിട്ടില്ല."
ഭൂമിയിൽ നിന്നൊരു വൈദ്യുതതരംഗം ശരീരത്തിലാകമാനം പ്രവഹിച്ച പോലെ ഹരിയ്ക്കു തോന്നി.ആ പ്രവാഹം ഹൃദയത്തിൽ ഒരു ആന്തൽ സമ്മാനിച്ചു. സാമിന് എന്തെങ്കിലും മാനസിക പ്രശ്നം ഉണ്ടായിക്കാണുമെന്നു തന്നെ ഹരി ഉറപ്പിച്ചു. കാരണം ഹരിക്കറിയാവുന്ന സാം ഒരിക്കലുമത് പറയില്ലായിരുന്നു.എന്തു ചെയ്യണമെന്നറിയാതെ അയാൾ അല്പനേരം പകച്ചു നിന്നു.
ആത്മാഭിമാനമുള്ള ഏതൊരു പുരുഷനേയും ചൊടിപ്പിക്കുന്ന വർത്തമാനമാണ് കേട്ടതെങ്കിലും ഹരി സംയമനം പാലിച്ചു. അപ്പോഴത്തെ മുൻഗണന ദിവസങ്ങൾ മാത്രം പ്രായമുള്ള ആ പെൺകുഞ്ഞിനാണെന്ന് ധാർമ്മിക ബോധമുള്ള പത്രപ്രവർത്തകൻ കൂടിയായ ഹരിയ്ക്കു അറിയാമായിരുന്നു. പക്ഷേ എന്തെങ്കിലുമൊന്ന് അങ്ങോട്ട്‌ ചോദിക്കും മുമ്പ് മറുതലയ്ക്കൽ ഫോൺ ബന്ധം വിഛേദിക്കപ്പെട്ടു.വീണ്ടും അങ്ങോട്ട്‌ വിളിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും സാം ഫോൺ സ്വിച്ച് ഓഫ്‌ ചെയ്തിരുന്നു. കേട്ടതൊക്കെ സത്യമാണോ എന്നുറപ്പിക്കാൻ അയാൾ അപ്പോൾത്തന്നെ സാമിന്റെ വീട്ടിലേക്ക് തിരിച്ചു.
സാമിന്റെ അമ്മച്ചിയാണ്‌ വാതിൽ തുറന്നത്. അനു സ്വീകരണമുറിയിലെ സോഫയിൽക്കിടന്നു ഏങ്ങലടിച്ചു കരയുന്നുണ്ടായിരുന്നു.നടന്നതെന്തെന്ന് കൃത്യമായി പറയാൻ അമ്മച്ചിയ്ക്കും അറിയില്ലായിരുന്നു.എന്നാൽ കുഞ്ഞിനേയും കൊണ്ട് സാം പോയെന്നത് ശരിയായിരുന്നു.ഹരി അനുവിനോട്,
"അനൂ ,പ്ലീസ് താൻ കരച്ചിൽ നിർത്തി സംഭവിച്ചതെന്തെന്ന് പറയൂ. നമുക്ക് കുഞ്ഞിനെ കണ്ടെത്താം. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയ ദിവസം ഞാനുമുണ്ടായിരുന്നതല്ലേ.പെട്ടെന്ന് അവനെന്താണ് പറ്റിയത്?"
അയാളുടെ വാക്കുകളേകിയ പ്രതീക്ഷയിലെന്നോണം അനു അവളുടെ മനസ്സ് തുറന്നു.
തന്റെ ഭാര്യയെ സംശയിച്ച് ക്രൂരതകൾ കാട്ടുന്ന ഭർത്താക്കന്മാരുടെ കഥകൾ ഹരി ഉൾപ്പെടുന്ന മാധ്യമ ലോകം ദിനവും അവതരിപ്പിക്കാറുണ്ട്.എന്നാൽ സാമിന്റെ കുടുംബത്തിനു ഈ അവസ്ഥ വരുമെന്നും അതിനു താനൊരു കാരണമായിത്തീരുമെന്നും ഹരി ഒരിക്കലും ചിന്തിച്ചതുപോലുമില്ല.
ഊഹം പോലെ തന്നെ കൂടെയുള്ളവരെക്കൂടി നിരാശയുടെ പടുകുഴിയിൽ തള്ളിവിടാൻ ത്രാണിയുള്ള സംശയരോഗമായിരുന്നു സാമിനും.ഒരിക്കൽ ഒരു മനശാസ്ത്രജ്ഞനുമായി ഈ വിഷയത്തെക്കുറിച്ച് താൻ നടത്തിയ ഇന്റെർവ്യൂ അയാൾ ഓർത്തു.
"സംശയരോഗം അഥവാ പാരനോയ ബാധിച്ച ഒരാൾക്ക്‌ തനിക്കു ചുറ്റും നടക്കുന്നതെന്തും ,ആരോ കരുതിക്കൂട്ടി ചതിക്കാനോ ഉപദ്രവിക്കാനോ ചെയുന്നതായി തോന്നുന്നു. കൃത്യ സമയത്ത് കണ്ടെത്തി മരുന്നിന്റെ സഹായത്തോടെ നിയന്ത്രിക്കാൻ കഴിയുന്ന ഈ രോഗം പലരും ഉൾക്കൊള്ളാൻ വിസമ്മതിക്കുന്നു എന്നതാണ് സത്യം."
ഇന്ത്യൻ വ്യോമസേനയിൽ ജോലി ചെയ്യുന്ന സാമിന്റേയും എന്ജിനീയറിംഗ് ബിരുദധാരിയായ അനുവിന്റേയും വിവാഹം കഴിഞ്ഞുള്ള ആദ്യ ദിനങ്ങൾ ആനന്ദപൂർണ്ണമായിരുന്നെന്ന് ഹരിയ്ക്കുമറിയാം. എന്നാൽ അനു പറയുന്നതനുസരിച്ച് സാമിന്റെ ഒരു മേലധികാരി ക്വോട്ടേഴ്സിൽ വന്നതിനു ശേഷമാണ് അയാളിൽ അവിശ്വസനീയമായ മാറ്റങ്ങൾ അവൾ ശ്രദ്ധിക്കാൻ തുടങ്ങിയതത്രേ.തന്നേക്കാൾ സൗന്ദര്യവും പണവുമുള്ള അയാൾക്കൊപ്പം ഭാര്യ അവിഹിതമാരംഭിക്കുമെന്ന് സാം സങ്കൽപ്പിച്ചു.എന്നാൽ സ്ഥായിയായ പെരുമാറ്റമായിരുന്നില്ല അയാൾക്ക്‌. ചിലപ്പോൾ അയാൾ കൂട്ടിലടച്ച കടുവയെപ്പോലെ അസ്വസ്ഥനായി വീടിനുള്ളിലൂടെ നടക്കും.മറ്റു ചിലപ്പോൾ വിതുമ്പിക്കരയുന്ന അനുവിനെ അരയന്നം തന്റെ ഇണയെ ചിറകിനുള്ളിൽ ഒതുക്കി പിടിക്കുന്നതു പോലെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കും.തുടക്കത്തിലേ അസുഖകരമായ ദാമ്പത്യം മുന്നിൽക്കണ്ട അനുവിന് പക്ഷേ ആഗ്രയിലെ കോട്ടെഴ്സ് മുറിയിൽ ദിവസങ്ങൾ തള്ളി നീക്കുവാനേ കഴിയുമായിരുന്നുള്ളൂ.അയാളെ ഉപേക്ഷിച്ചു കടന്നു കളയാനുംമാത്രം സഹാനുഭൂതി ഇല്ലാത്തവളല്ല അനുവെന്നു സാമും വിശ്വസിച്ചു .
അധികം വൈകാതെ അവൾ ഗർഭിണിയായി. ബന്ധുക്കളോടും സുഹൃത്തുക്കളോടും തുറന്നു പറയാതെ ഉള്ളിലൊതുക്കിയ ഭർത്താവിന്റെ സംശയരോഗത്തെപ്പറ്റി അവൾ തന്റെ ഗൈനക്കോളജിസ്റ്റിനോട് സംസാരിച്ചു.ഒരിക്കലും ഈ രോഗത്തെപ്പറ്റി സാം അംഗീകരിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്ന അനു അവളുടെ ഗൈനക്കോളജിസ്റ്റിന്റെ സഹപ്രവർത്തകനായ ഒരു മാനസികരോഗ വിദഗ്ദ്ധന്റെ നിർദ്ദേശപ്പ്രകാരം സാമിന് അയാളറിയാതെ സൈക്യാട്രിക്ക് മരുന്നു കൊടുക്കുവാൻ ആരംഭിച്ചു. ചായയിലും മോരിലുമൊക്കെയായി ചാലിച്ച് അവൾ അയാളുടെ രോഗത്തെ നിയന്ത്രിക്കാൻ ശേഷിയുള്ള മരുന്നുകൾ നൽകി.പതുക്കെപ്പതുക്കെ അയാളിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി.ശേഷം സമാധാനമായി ഉറങ്ങിയ രാത്രികളാണ് കടന്നുപോയതെന്ന് കൂടി അവൾ കൂട്ടിച്ചേർത്തു.
ഒൻപതാം മാസം നാട്ടിലെ ആശുപത്രിയിൽ അനുവിനെ അഡ്മിറ്റ്‌ ആക്കിയ ശേഷമാണ് അപ്രതീക്ഷിതമായി അതു സംഭവിച്ചത്.സാമിന് കൊൽക്കത്തയിലേക്ക് ട്രാൻസ്ഫർ ലഭിച്ചിരുന്നു. പ്രസവശേഷം ഭാര്യയേയും കുഞ്ഞിനേയും അമ്മച്ചിക്കൊപ്പം കുറച്ചുനാൾ തങ്ങാൻ നിർത്തി അങ്ങോട്ട് പോകാനായിരുന്നു അയാളുടെ തീരുമാനമെന്ന് ഹരിക്കും അറിവുള്ളതാണ്. എന്നാൽ അന്ന് സാമിന് അനുവിന്റെ ബാഗിൽ നിന്നും ആ മരുന്ന് ലഭിച്ചു. സംശയം തോന്നിയ അയാൾ ആശുപത്രിയിൽച്ചെന്ന് അനുവിനോട് മരുന്നിനെപ്പറ്റി അന്വേഷിച്ചു. ആശുപത്രിക്കിടക്കയിൽ കിടക്കുന്ന തന്നെ ബന്ധുക്കളുടെ സാനിധ്യത്തിൽ ഉപദ്രവിക്കില്ലെന്ന് അവൾക്കറിയമായിരുന്നത് കൊണ്ടു തന്നെ 'പരനോയ' സംബന്ധമായ മരുന്നിനെക്കുറിച്ചുള്ള സത്യം സാമിനെ അറിയിച്ചു. പ്രതീക്ഷയ്ക്ക് വിരുദ്ധമായി അയാൾ ശാന്തനായി പെരുമാറി.
"അനൂ,ഒക്കെ ശരി.ഞാൻ നിന്നെ അകാരണമായി സംശയിച്ചു. എന്നാൽ എന്റെയീ രോഗം മറ്റാരും അറിയരുത്. ഞാനിനി കൃത്യമായി മരുന്ന് കഴിക്കാം" വികാരാധീനനായി സംസാരിച്ച സാമിനെ അവൾക്കു കഴിയുംവിധം സമാധാനിപ്പിച്ചു.
ഈ സംഭവങ്ങളെപ്പറ്റി യാതൊരു സൂചനയുമില്ലാതെയായിരുന്നു അനു പ്രസവിച്ച ദിവസം ഹരി ആശുപത്രിയിലെത്തിയത്. ചെറിയ ക്ഷീണമൊഴിച്ചാൽ അവൾ നല്ല പ്രസന്നവതിയായി കാണപ്പെട്ടു. വേദന കടിച്ചമർത്തി പ്രസവമുറിയിലേക്ക് കടക്കുമ്പോൾ അവൾ സാമിനേയും ഹരിയേയും നോക്കി പുഞ്ചിരിച്ചു.
എന്നാൽ അനുവിന് ആശുപത്രിയിൽ കിടക്കേണ്ടി വന്ന ആ രണ്ടാഴ്ചക്കാലം സാം മരുന്ന് കഴിച്ചിരുന്നില്ല.
സാമും ഹരിയുമല്ലാതെ അവളുമായി ആ ദിവസങ്ങളിൽ മറ്റൊരു പുരുഷനും സംസാരിക്കാനുള്ള സാഹചര്യം പോലും ഉണ്ടായതുമില്ല. സ്വാഭാവികമായും അയാളുടെ മനസ്സിൽ ഹരി ശത്രുവായി. മരുന്നിന്റെ അഭാവത്തിൽ സാമിന്റെ മനസ്സ് കൂടുതൽ താളംതെറ്റി.ചിന്തകൾ കാടുകയറിയ അയാളിൽ വീണ്ടും രോഗ ലക്ഷണങ്ങൾ കണ്ട അനുവിന് പക്ഷേ ചോരക്കുഞ്ഞിനേയും കൊണ്ട് യാതൊന്നും ചെയ്യുവാൻ കഴിയുമായിരുന്നില്ല. തന്റെ സാനിദ്ധ്യം പോലും അയാൾ വെറുത്തു തുടങ്ങിയെന്നു മനസിലാക്കാതെ പലപ്പോഴും ഹരി സാമിനു മുന്നിലെത്തിയിരുന്നു. സാമും അനുവും തനിച്ചാകുമ്പൊഴൊക്കെ അയാൾ അവളെ വാക്കുകൾ കൊണ്ടു കുത്തി വേദനിപ്പിച്ചു.
ഹരിയും സാമുമായുള്ള സൗഹൃദം കുട്ടിക്കാലത്തു തന്നെ ആരംഭിച്ചതാണ്. ഒരുമിച്ചു കളിച്ചു വളർന്ന പ്രിയ സുഹൃത്തിനെപ്പറ്റി ഒരിക്കലും കേൾക്കാനാഗ്രഹിച്ച വാർത്തയായിരുന്നില്ല ഏതാനും മിനുട്ടുകൾ കൊണ്ട് അയാളുടെ ഭാര്യ അവതരിപ്പിച്ചത്. 'പാരനോയ'എന്ന അവസ്ഥയെപ്പറ്റി അനു വിവരിച്ചതിലുമേറെ ഹരിക്ക് അറിവുള്ളതാണ്. അതുകൊണ്ടു തന്നെ അയാൾക്ക്‌ പെട്ടെന്ന് കുഞ്ഞിനെപ്പറ്റിയുള്ള ബോധമുണ്ടായി. ഇതിനോടകം തന്നെ സാം അവിവേകമെന്തെങ്കിലും കാണിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന ഉൾവിളി അയാൾക്കുണ്ടായി. കൈക്കുഞ്ഞിനെ റെയിൽവേ ട്രാക്കിൽ ട്രെയിനിനു മുന്നിലെറിഞ്ഞു കൊലവിളിയുമായി നിന്ന സാം എന്ന പിതാവിനെ അപ്പോഴേക്കും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തന്റെ ഉറ്റ ചങ്ങാതിയുടെ തകർച്ച കണ്ടുകൊണ്ടു നിസ്സഹായനായി നിൽക്കാനേ ഹരിക്ക് കഴിഞ്ഞുള്ളൂ.പിഞ്ചുകുഞ്ഞിനെ നിഷ്ക്കരുണം കൊന്ന അച്ഛൻ ശിക്ഷിക്കപ്പെട്ടു.മാധ്യമ ലോകത്തിനു കുറച്ചു ദിവസങ്ങൾ ആഘോഷമാക്കാനുള്ള വാർത്ത കൂടിയായിരുന്നു ആ സംഭവം.
വാർത്തകൾ കെട്ടടങ്ങിയപ്പോൾ അനു ആഗ്രയിലേക്ക് യാത്രയായി. പ്രതിബന്ധങ്ങളെ തകർത്തെറിഞ്ഞ ചാരിതാർത്ഥ്യത്തോടെ... അവളെ പൈശാചികയാക്കിയ കാമാർത്തി ശമിപ്പിക്കാനായി ആ പഴയ വ്യോമസേനാ മേധാവിക്കരുകിലേക്ക്‌.അയാളോടൊപ്പം ജീവിക്കുകയായിരുന്നു തുടക്കം മുതൽ അവൾ ആഗ്രഹിച്ചത്. തന്ത്രപരമായി ഭർത്താവിന്റെ സ്വബോധത്തെ മരുന്നിന്റെ സഹായത്തോടെ നശിപ്പിച്ച്, അയാളിൽ ഒരു കൊലപാതകിയെ സൃഷ്ടിച്ച് പ്രസവിച്ച കുഞ്ഞിനേയും അയാളെത്തന്നെയും അവസാനിപ്പിക്കാൻ ,അനു തിരക്കഥയെഴുതി സ്വയമഭിനയിച്ച നാടകത്തിനു കഴിഞ്ഞു . തിരശ്ശീല വീണപ്പോൾ അവളുടെ നീചമായ ആഗ്രഹം പൂവണിഞ്ഞു.വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാത്ത മനുഷ്യമനസിന്റെ ആസക്തി മൂലം സംഭവിച്ച ,തെളിയിക്കപ്പെടാത്ത കുറ്റകൃത്യങ്ങളുടെ നീണ്ട പട്ടികയ്ക്ക് ആ സംഭവം അലങ്കാരമായിക്കാണും.
കാമവെറിയോടെ അവൾ തന്റെ കാമുകന്റെ അരികിലെത്തിയ നിമിഷം കേരളത്തിലെ ഒരു ജയിലിൽ സ്നേഹനിധിയായിരുന്ന ഒരു പുരുഷൻ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു.
**************************************
By
വൃന്ദാ ശിവന്‍