Sunday, 1 December 2013

ഏട് രണ്ട് - ഒരു ഏകാകി


ഇന്നും ഞാനവരെ കണ്ടു ..പക്ഷെ തലമുടി വല്ലാതെ വളർന്നിരുന്നു.കണ്ണുകളിലെ നനവിനും ശാന്തിയുണ്ടെന്നു തോന്നി .
ആദ്യമായി ഞാനവരെ കണ്ടത് രണ്ടു വർഷങ്ങൾക്കു മുൻപാണ്..
സ്ഥിരമായി യാത്ര ചെയ്യുന്ന ബസ്‌ ..എന്നും കണ്ടു പഴകിയ മുഖങ്ങൾ...
ക്ലാസ്സിൽ ഒരിക്കൽ ടീച്ചർ ടീച്ചർ പറഞ്ഞു ,രാവിലെ നിങ്ങൾ വഴിയിൽ കണ്ട കാഴ്ചകളെ കുറിച്ച് എഴുതാൻ ,
ഞാനോർത്തു...സത്യത്തിൽ ഒന്നും തന്നെ കണ്ടില്ല ..അല്ല .കണ്ടില്ലന്നല്ല .കണ്ടെതെല്ലാം മനസ്സിലേക്ക് കയറ്റാൻ ശ്രമിച്ചില്ല ..
അയാൾ ഇന്നും ചായ ക്കട തുറന്നു കാണും ..അങ്ങനെയെല്ലാം സങ്കല്പ്പിച്ചു എന്തൊക്കെയോ എഴുതി..
പിന്നീട് ഞാൻ കാഴ്ചകൾ ശ്രദ്ധിക്കാൻ തുടങ്ങി..
യാത്രയിൽ ഞാൻ എന്തെല്ലാമാണ് കാണുന്നത് ?അപരിചിതർ ആരെല്ലാമുണ്ട്? പക്ഷെ ബസ്സിനുള്ളിലെ യാത്രക്കാരിൽ അപരിചിതർ കുറവായിരുന്നു .
അങ്ങനെയൊരികൽ അവരെ കണ്ടു, തല മുണ്ഡനം അവരുടെ കണ്ണുകളിൽ സ്ഥായിയായൊരു നനവ്‌ ഞാനറിഞ്ഞു ...
ഒരിക്കൽ ഞാനവരുടെ മുഖത്തേക്ക് നോക്കിയിരുന്നു ...അവർ നോക്കുമ്പോൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചെങ്കിലും അവർ ശ്രദ്ധിച്ചില്ല ...മറ്റൊരിക്കൽ അവർ എന്നെ നോക്കി ചിരിച്ചു ..അപ്പോഴും അവരുടെ കണ്ണുകളിൽ ഞാൻ കണ്ട ഹൃദയത്തിന്റെ നനവ്‌ മാറിയിരുന്നില്ല.
അമ്മക്കെന്താ ഇത്ര വിഷമം ?
ഒരിക്കെലെങ്കിലും മുഖത്ത് നോക്കി ഇങ്ങനെ ചോദിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ..
അപരിചിതയായ ഒരാളോട് എങ്ങനെ ചോദിക്കും ...
ആരോടും പെട്ടെന്ന് അടുക്കുന്ന എനിക്ക് ഇതെന്തു പറ്റി..അവരോടു മാത്രം ....എന്ത് കൊണ്ടായിരിക്കും ?
കറുത്ത മുഖവും കലങ്ങിയ കണ്ണുകളും എന്നെ എന്തൊക്കെയോ  ഓർമകളിലേക്ക് കൊണ്ട് പോയീ ..
അവരറിയാതെ ഞാനവരെ പിന്തുടർന്നു..ഒരിക്കലും ഞാനവരെ കുറിച്ച് ആരോടും അന്വേഷിച്ചില്ല ..
അവരെ കാണുമ്പോൾ ''അമ്മേ'' എന്ന് ഞാൻ മനസ്സിൽ വിളിച്ചിരുന്നത്‌ അവരറിയുന്നുണ്ടോ ..ആരും അമ്മയോട് മിണ്ടുന്നത് ഞാൻ കണ്ടിട്ടില്ല ..
ഒരു ഏകാകിയായ സ്ത്രീ ...
പതിയെ പതിയെ അവരുടെ മനസ്സറിയാനുള്ള എന്റെ മോഹം കലങ്ങിയ കണ്ണുകൾക്കിടയിലെവിടോ നഷ്ട്ടമായതായി തോന്നി ..
അത് പിന്നെ വീണ്ടെടുക്കാനായില്ല..ഞാൻ ശ്രമിച്ചില്ല എന്നതാണ് ശരി ..
പിന്നീടൊരിക്കൽ അമ്മയുടെ പിൻ സീറ്റിൽ ഇരുന്ന രണ്ടു സ്ത്രീകൾആ അമ്മയെക്കുറിച്ച് എന്തക്കെയോ സംസാരിക്കുന്നത് കേട്ടു..
''
എനിക്ക് ഒന്നും കേൾക്കണ്ടാ..അവരുടെ പേരറിയണ്ട.
വിഷമമറിയണ്ട..''
എന്റെ മനസ്സ് പറയുന്നത് അവരെങ്ങിനെ കേൾക്കാൻ...
എനിക്ക് വല്ലാത്ത സങ്കടം വന്നു .വണ്ടിയിൽ നിന്നും ഇറങ്ങി ഓടാൻ തോന്നുന്നു .
''
ഈശ്വരാ അങ്ങെന്റെ നാവെടുത്തതിനു ഞാൻ എന്നും അങ്ങയെ പഴിക്കാറുണ്ട്'ഇപ്പോൾ ഇതാ ഞാനപേക്ഷിക്കുന്നു 
എന്റെ കേൾവിയെ കൂടി സ്വീകരിച്ചാലും ''
പക്ഷെ ഞാൻ കേട്ടു അമ്മയുടെ പ്രയാസങ്ങൾ ..
എന്നെ അതിശയിപ്പിച്ചത് സംസാര ശേഷിയില്ലാത്ത ഒരു പോന്നു മകൾ അവർക്കുണ്ടായിരുന്നു.
കുഞ്ഞിനു എന്ത് പറ്റിയെന്നു മാത്രം ഞാൻ കേട്ടില്ല പക്ഷെ അവളുടെ ഒന്നാം പിറന്നാൾ മുതൽ കഴിഞ്ഞ പതിനഞ്ചു വർഷമായി കുഞ്ഞിനെ ഓർത്തു
മനസ്സുരുകി നടക്കുന്നു ..അവരുടെ ഇളയ കുട്ടിയായിരുന്നു അവൾ ..
''
പാവം അമ്മ ''
മറ്റു മക്കൾക്കെല്ലാം അവരുടെതായ ബുദ്ധി മുട്ടുകൾ ..അമ്മക്ക് ശാരീരികമായി ഒരസുഖവുമില്ല ..പിന്നെന്താ ഒരു കുറവ് ?പക്ഷെ അവരുടെ മനസ്സ് വളരെ അസ്വസ്ഥമാണ് 
സ്ത്രീകളിൽ ഒരാൾമുന്നോട്ടാഞ്ഞു സീറ്റിന്റെ കമ്പിയിൽ തല വെച്ച് ഒന്ന് ദീർഘമായി നിശ്വസിച്ചു ..
എന്റെ മുതുകിൽ വായു വന്നടിച്ചപ്പോൾ എനിക്ക് അസഹനീയമായി  തോന്നി .''ഒന്നും അറിയേണ്ടിയിരുന്നില്ല ''
ഇന്ന് ഞാൻ അമ്മയെ വീണ്ടും കണ്ടപ്പോൾ മകൾക്കായി അവർ നടത്തിയ വഴിപാടിനെ തുടർന്ന് മുറിച്ചു മാറ്റിയ മുടികൾ വീണ്ടും കിളിർത്തു തുടങ്ങിയിരുന്നു ..
വെളുത്ത് നരച്ച മുടികളായിരുന്നു അധികവും..അവരോടൊപ്പം ഒരു കുട്ടിയും ഉണ്ടായിരുന്നു .അഞ്ചു വയസ്സ് പ്രായം കാണും 
അവരുടെമൂത്ത മകളുടെ കുട്ടിയാണ് .ഒരു പക്ഷെ കുട്ടിയാകണം എന്നും കരഞ്ഞു കലങ്ങിയിരുന്ന കണ്ണുകളിൽ അല്പ്പം തെളിച്ചം നിറച്ചത് ..
പക്ഷെ എത്ര നാൾ ..അവധി കഴിയുമ്പോൾ അവൾ പോകും ..വീണ്ടുമെന്റെ അമ്മ തനിച്ചാകും ,,,
ഈശ്വരാ എനിക്കെന്റെ നാവുകൾ ഇനി വേണ്ടാ 
വാക്കുകൾ ഇനി വേണ്ടാ 
അങ്ങനെ ഞാനാ അമ്മയുടെ മകളാകാം..
സ്നേഹം നല്കാം ..പക്ഷെ ഞാനൊരനാഥയല്ലല്ലോ ......



No comments:

Post a Comment