Thursday 18 September 2014

അന്നൊരോണ നാളില്‍



മഴ തകര്‍ക്കുന്നു.കുടയും നിവര്‍ത്തി ജോലി സ്ഥലത്തേക്ക് നടക്കുമ്പോള്‍ കുട്ടിക്കാലത്ത് മനം കുളിര്‍ക്കെ ആസ്വദിച്ച മഴയെപ്പറ്റി അയാളോര്‍ത്തു, കര്‍ക്കിടകക്കാറു മാറി ചിങ്ങപ്പുലരി വിരിയുമ്പോള്‍ തെളിഞ്ഞു നിന്നിരുന്ന ആകാശ നീലിമയെപ്പറ്റി. ചിങ്ങം പിറന്നു കഴിഞ്ഞാല്‍ എന്നും അമ്മയോട് ചോദിക്കുമായിരുന്നു.
"എന്നാ അമ്മേ ഓണക്കോടി വാങ്ങാന്‍ പട്ടണത്തില്‍ പോകുന്നത്?അന്നെനിക്ക് പുതിയ ചെരുപ്പും വാങ്ങിത്തരാമെന്ന് പറഞ്ഞത് മറന്നിട്ടില്ലല്ലോ അല്ലേ?"
അച്ഛന്‍ മരിച്ച ശേഷം അക്ഷരാർത്ഥത്തില്‍ മുണ്ട് മുറുക്കിയുടുത്ത് വിശപ്പ്‌ സഹിച്ച് കൂലിപ്പണി ചെയ്ത് നാല് മക്കളേയും ആ അമ്മ പോറ്റി. കഷ്ടപ്പാടിന്‍റെ ആ നാളുകള്‍ക്കും മൂകസാക്ഷി ഈ മഴയായിരുന്നല്ലോ.
കുട പിടിച്ചിരുന്നെങ്കിലും അയാള്‍ നന്നായി നനയുന്നുണ്ടായിരുന്നു. ഓണ നാളുകളില്‍ മഴ പെയ്യുന്നത് പണ്ടൊക്കെ വലിയ സങ്കടമാണ്. മഴയത്ത് അമ്മയ്ക്ക് ജോലിയുണ്ടാകില്ല. ജോലി ചെയ്തില്ലെങ്കില്‍ കോടി വാങ്ങാനും സദ്യ ഒരുക്കാനും പായസം വയ്ക്കാനും ഒന്നും പൈസയുണ്ടാകില്ലല്ലോ!
അന്ന് ഉത്രാട ദിനം. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായത് കൊണ്ട് അയാള്‍ക്ക്‌ അന്ന് ജോലിയ്ക്ക് പോകേണ്ടതുണ്ട്. വഴി വക്കില്‍ മഴ നനഞ്ഞു കൊണ്ട് പ്രതീക്ഷയോടെ കാൽനടയാത്രക്കാരെ നോക്കിയിരിക്കുന്ന കച്ചവടക്കാരെ അയാള്‍ കാണുന്നില്ലായിരുന്നു. കാഴ്ച്ചകള്‍ മുഴുവന്‍ പഴയ ഓണ നാളുകളെപ്പറ്റി. എങ്കിലും ഉത്രാട നാളില്‍ ഈ മഴയിങ്ങനെ പെയ്താല്‍ പാവങ്ങള്‍ എന്തു ചെയ്യുമെന്ന ചിന്ത അയാളെ ഇടയ്ക്കൊന്നു അലോസരപ്പെടുത്തി. ഓണ സമയത്താണ് കച്ചവടം ഏറ്റവും കൂടുതല്‍ നടക്കുകയെന്ന പ്രതീക്ഷയില്‍ മുറുക്കാന്‍ കടക്കാര്‍ തുടങ്ങി വലിയ ജുവലറി ഉടമകള്‍ വരെ കടമെടുത്തെങ്കിലും സ്റ്റോക്ക് നിറയ്ക്കും! കാലം മാറി പെയ്യുന്ന ഈ മഴയെ ഇപ്പോള്‍ നിരവധിപ്പേര്‍ ശപിക്കുന്നുണ്ടാകുമെന്ന് അയാള്‍ മനസ്സില്‍ പറഞ്ഞു കൊണ്ട് നടന്നു.
നടന്നു നീങ്ങിയ വഴിയിലേക്ക് പെട്ടെന്ന് ഒരുള്‍വിളി പോലെ അയാള്‍ തിരിഞ്ഞു നോക്കി. വഴിയരികിൽ ഒരു അന്ധനായ ലോട്ടറിക്കച്ചവടക്കാരന്‍. അയാളുടെ ദേഹത്തോട് ചേര്‍ന്ന് മഴ നനഞ്ഞു വിറച്ചുകൊണ്ട് ഒരു കൊച്ചു പെണ്‍കുട്ടിയും. അച്ഛന്റെ അതേ മുഖച്ഛായയായിരുന്നു അവള്‍ക്കും. ചെറിയ ബോര്‍ഡില്‍ നിരത്തി വയ്ച്ചിരിക്കുന്ന ലോട്ടറി ടിക്കറ്റുകള്‍ നനയാതിരിക്കാനായി ഒരു പ്ലാസ്റ്റിക്ക് കവര്‍ കൊണ്ട് മൂടിയിരിക്കുന്നു.അയാള്‍ക്ക്‌ ലോട്ടറി എടുത്ത് ശീലമില്ല. എങ്കിലും ആ ഉള്‍വിളി ഒരു പക്ഷേ നനഞ്ഞു വിറയ്ക്കുന്ന കുരുന്നിന് ഒരു നേരത്തെ ആഹാരം ലഭിക്കാനുള്ളതാണെങ്കിലോ.
"ചേട്ടാ ഒരു ലോട്ടറി."
അന്ധന്‍ ചെവി വട്ടം പിടിക്കുന്നത് അയാള്‍ക്ക്‌ വ്യക്തമായി കാണാനാകുന്നുണ്ട്.
"ഏത് വേണം സാര്‍?"
"വില കൂടിയതില്‍ നിന്നും രണ്ടെണ്ണം എടുത്തോളൂ"
പക്ഷേ കൈയിലേക്ക് ഒരു കെട്ട് ലോട്ടറികള്‍ വച്ചു നീട്ടി. അയാള്‍ അന്തംവിട്ട് അവരെ രണ്ടുപേരെയും മാറി മാറി നോക്കി. ആ പെണ്‍കുട്ടി പറഞ്ഞു.
"ഏത് നമ്പര്‍ വേണമെന്ന് തിരഞ്ഞെടുക്കൂ സാര്‍"
"ഓ അപ്പോള്‍ അതാണ്‌ കാര്യം. ഇഷ്ടമുള്ള നമ്പര്‍ തിരഞ്ഞെടുക്കാം.അല്ലേ? ഒരു കാര്യം ചെയ്യൂ മോള്‍ തന്നെ രണ്ടെണ്ണം എടുത്ത് തന്നോളൂ" ചിരിച്ചു കൊണ്ട് അവള്‍ രണ്ടു ടിക്കെറ്റുകള്‍ അയാള്‍ക്ക്‌ വച്ചു നീട്ടി.
പിറ്റേന്ന് തിരുവോണ നാളില്‍ പോക്കറ്റില്‍ നിന്നും ലോട്ടറി ടിക്കറ്റുകള്‍ കണ്ടെടുത്ത അയാളുടെ ഇളയ മകന്‍ ആകാംക്ഷയോടെ പത്രത്താളുകള്‍ പരിശോധിക്കുന്നത് കണ്ട് ചെറു ചിരിയുമായി അയാളും അവനരുകിലേക്ക് ചെന്നു.
"അച്ഛാ , അച്ഛനെടുത്ത ടിക്കറ്റിനു രണ്ടാം സമ്മാനം... അമ്പതു ലക്ഷം രൂപ. ഹീ ഹാ... അമ്മേ അമ്മേ...."
ഒരു വേള സ്തബ്ധനായി നിന്ന ശേഷം അയാള്‍ ടിക്കറ്റ് നമ്പര്‍ ഒന്നു കൂടി പരിശോധിച്ചു.
തിരുവോണ നാളിലെ വിഭവ സമൃദ്ധമായ സദ്യയുടെ മണം അടുക്കളയില്‍ നിന്നും മൂക്കിലൂടെ തുളച്ചു കയറി വരുന്നത് ആസ്വദിച്ചു കൊണ്ട് അയാള്‍ കുടയുമെടുത്ത് വെളിയിലിറങ്ങി. അപ്പോഴും മഴ തകര്‍ക്കുന്നുണ്ടായിരുന്നു.
ഏറെ ദൂരം നടന്നോടുവില്‍ ലോട്ടറി വാങ്ങിയ സ്ഥലത്തെത്തി. വഴിയരുകിലെ മറ്റൊരു കച്ചവടക്കാരനില്‍ നിന്നും വാങ്ങി സൂക്ഷിച്ച പുതിയ മോഡല്‍ വിവിധ വര്‍ണ്ണങ്ങളുള്ള വലിയ കാലന്‍ കുട ആ കുട്ടിക്ക് നല്‍കി അയാള്‍ അന്ധനോടായി വിവരം ധരിപ്പിച്ചു.
ഉറപ്പായും നല്ലൊരു സംഖ്യ ലോട്ടറിക്കച്ചവടക്കാരന് കമ്മീഷന്‍ കിട്ടുമെന്നറിയാമെങ്കിലും അവര്‍ക്ക് വേണ്ടി അതിനും മേലെ സാമ്പത്തികമായി സഹായിക്കാനുള്ള മനസും അയാള്‍ക്കുണ്ടായിരുന്നു.
അപ്പോഴേക്കും ആ പെണ്‍കുട്ടി അയാള്‍ സമ്മാനിച്ച കുട നിവര്‍ത്തി കമ്പിയില്‍ പിടിച്ച് വട്ടത്തില്‍ കറക്കാന്‍ തുടങ്ങിയിരുന്നു. മാരിവില്ലിന്‍റെ വര്‍ണ്ണങ്ങളെപ്പോലെ മഴത്തുള്ളികളില്‍ കുടയുടെ വര്‍ണ്ണം പതിക്കുന്നത് കണ്ടു പുഞ്ചിരിക്കുന്ന അവളെ നോക്കി നിറഞ്ഞ മനസോടെ അയാള്‍ പറഞ്ഞു.
"ഓണാശംസകള്‍"

sep 2014