Sunday 12 January 2014

ഓഡിയോളജി അഥവാ ശ്രവണശാസ്ത്രം

              നിർവ്വചനം അനുസരിച്ച് ഓഡിയോളജി  എന്നാൽ കേൾവി , കേൾവിക്കുറവ് , പരിഹാര  മാർഗങ്ങൾ എന്നിവയെ പറ്റി പഠിക്കുന്ന ശാസ്ത്ര ശാഖയാണ്‌ . ഓഡിയോളജി എന്ന ശാസ്ത്ര ശാഖയെപ്പറ്റി പഠിച്ച്അത് സാധാരണ ജനങ്ങളുടെ ക്ഷേമത്തിനായി ഉപയോഗപ്പെടുത്തിയുള്ള ആരോഗ്യ മേഖലയിലെ വിദഗ്ദ്ധരെയാണ് ഓഡിയോളജിസ്റ്റ് എന്ന് വിളിക്കുന്നത്‌ .

                   ശബ്ദതരംഗങ്ങളെ  ചെവിക്കുള്ളിലുണ്ടാകുന്ന ചില ഊർജ്ജ പരിവർത്തനങ്ങളുടെ ഫലമായി ചെറിയ വൈദ്യുതോർജത്തിന്റെ രൂപത്തിൽ നാഡികൾ മസ്തിഷ്കത്തിലെത്തിക്കുന്നു.മസ്തിഷ്ഘം അവ മനസിലാക്കിയെടുക്കുന്നു.ഇങ്ങനെയാണ് സാധാരണ ഗതിയിൽ കേൾവി സാധ്യമാകുന്നത്‌.എന്നാൽ  "എന്താണ് കേൾവിക്കുറവ്? അതിൻറെ പരിണിത ഫലങ്ങൾ എന്തൊക്കെയാണ് ? പരിശോധന മാർഗങ്ങൾ ഏവ ? കേൾവിക്കുറവ് പരിഹരിക്കാനാകുമോ? ”ഇവയെപ്പറ്റി നമുക്ക് കൂടുതൽ അറിയാം .

                    നമ്മുടെ സമൂഹത്തിൽ ജനിക്കുന്ന 1000 നവജാത ശിശുക്കളിൽ 4 കുഞ്ഞുങ്ങളും  ജന്മനാ കേൾവിക്കുറവ് ഉള്ളവരാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .ഇത്തരത്തിൽ കേൾവിക്കുറവുമായി ജനിക്കുന്ന കുഞ്ഞുങ്ങൾ സംസാര രൂപീകരണത്തിൽ ഉറപ്പായും പിന്നിലായിരിക്കും .കാരണം കേൾവിയാണ് സംസാര വികസനത്തിൽ മുഖ്യ പങ്ക് വഹിക്കുന്നത് . ഇത്തരം കുഞ്ഞുങ്ങൾ വളർന്നു വരുംതോറും അവരുടെ ആവശ്യങ്ങൾ മറ്റുള്ളവരെ അറിയിക്കാൻ ചില ആംഗ്യങ്ങൾ കാണിക്കാൻ തുടങ്ങും . തുടർന്ന് ആംഗ്യഭാഷയാകും  അവരുടെ ആശയ വിനിമയത്തിനുള്ള ഏകമാർഗം.

                  ഈ പറഞ്ഞത് ജന്മനാ കേൾവിക്കുറവ് ഉള്ളവരുടെ കാര്യമാണ് .മറ്റു ചിലർക്ക്സാധാരണമായ സംസാര ഭാഷ രൂപീകരിച്ചതിനു ശേഷം ചില കാരണങ്ങൾ നിമിത്തം,അതായത് അപകടം , നാഡികൾക്ക് ഉണ്ടാകുന്ന തകരാറുകൾ , മധ്യ കർണ്ണത്തിലെ അണുബാധ തുടങ്ങിയവ നിമിത്തം കേൾവിശക്തി ക്രമേണ കുറഞ്ഞ് വരുകയും  തുടർന്ന്  പൂർണമായും നഷ്ടമാകുന്നു .പിന്നെയൊരു വിഭാഗത്തിന് പ്രായാധിക്യത്താൽ കേൾവിശക്തി നഷ്ടമാകുന്നു  . രണ്ടു കൂട്ടരും അനുഭവിക്കുന്ന പ്രധാന പ്രശ്നം മറ്റുള്ളവർ പറയുന്നത് മനസിലാകുന്നില്ല  എന്നുള്ളതാണ് . ജോലിയിലും  കുടുംബ ജീവിതത്തിലും ഇത്തരക്കാർക്ക് മാനസിക സംഘർഷം അനുഭവിക്കേണ്ടതായി വരുന്നു . കൂടാതെ വർഷങ്ങളോളം കേൾവിസാധ്യമാകാത്തത്തിൻറെ ഫലമായി ക്രമേണ ഇവരിൽ സംസാരത്തിൽ അവ്യക്തതയും സ്വര വ്യതിയാനവും കണ്ടു വരുന്നു .
ഇത്തരം വൈകല്യമുള്ള കുഞ്ഞുങ്ങളിലും മുതിർന്നവരിലും ഒരിക്കലും സ്വാഭാവികമായ കേൾവിശക്തി തിരികെ കൊണ്ട് വരാൻ സാധിക്കിലെന്നത് പരമാർഥം. എങ്കിലും ഓഡിയോളജിസ്റുകളുടെ സഹായത്തോടെ നല്ലൊരു ശതമാനം കഴിവുകളും വികസിപ്പിച്ചെടുക്കാനാകും.

പരിശോധന മാർഗങ്ങൾ

              കേൾവിക്കുറവുള്ള  ആളിനെ കൃത്യ സമയത്ത് തന്നെ പുനരധിവാസം സാധ്യമാക്കുക എന്നുള്ളതാണ് ഏതൊരു ഓഡിയോളജിസ്റ്റിൻറെയും സുപ്രധാന കർത്തവ്യം .ഇതിനായി  കേൾവി ശക്തി നിർണ്ണയം നടത്തുകയാണ് ആദ്യ പടി .

       കേൾവി ശക്തി നിർണ്ണയം ചെയ്യുന്നതിന് നിരവധി പരിശോധന മാർഗങ്ങൾ നിലവിലുണ്ട് .

          കുട്ടികളിൽ പ്രധാനമായും ചെയ്യുന്ന ടെസ്റ്റ്ആണ് BERA . കുഞ്ഞിനെ ഉറക്കി കിടത്തി  (ഡോക്ടറുടെ നിർദ്ദേശ പ്രകാരമുള്ള  മരുന്ന് നല്കി ) ചെവിയിലൂടെ ശബ്ദം നല്കി തത്സമയം മസ്തിഷ്കത്തിൽ ഉണ്ടാകുന്ന തരംഗങ്ങളെ സ്വീകരിച്ച് അപഗ്രഥിച് കേൾവി ശക്തി അനുമാനിക്കാനാകുന്ന ടെസ്റ്റാണ് ഇത് . ശബ്ദം കേട്ട് ശരിയായി പ്രതികരിക്കാനകാത്ത പ്രായക്കാരിൽ   കേൾവിയെ പറ്റിയുള്ള വ്യക്തമായ രൂപം ഒരു ഓഡിയോളജിസ്റ്റ്നു മനസിലാക്കാൻ BERA  ആവശ്യമാണ് . ചില പ്രത്യേക സാഹചര്യത്തിൽ മുതിർന്നവരിലും ടെസ്റ്റ്ചെയ്തു വരുന്നുണ്ട് .

         ഇത് കൂടാതെ പ്രായഭേദമന്യേ  ചെവിയുടെ മധ്യ ഭാഗത്തെ അണുബാധയും മറ്റും കണ്ടെത്തുന്നതിനായി TYMPANOMETRY എന്നൊരു ടെസ്റ്റും നിലവിലുണ്ട് . തരത്തിൽ മധ്യകർണ്ണത്തിലോ ആന്തരിക കർണ്ണത്തിലോ ഉണ്ടാകുന്ന അണുബാധയും കർണ്ണപടത്തിലെ ദ്വാരവും ക്ഷതവും ഒക്കെ പരിഹരിക്കാൻ പലപ്പോഴും ENT ഡോക്ടറുടെ സഹായം  തേടേണ്ടതായി വരുന്നു.അതിലൂടെ കേൾവി ശേഷി പൂർണ്ണമായോ ഭാഗികമായോ തിരികെ കൊണ്ട് വരാനും കഴിയും .

               മുതിർന്നവരിൽ  സാധാരണയായി  ചെയ്തു  വരുന്ന  ടെസ്റ്റ്‌  ആണ് PURE TONE AUDIOMETRY . Frequency,Intensity വ്യതിയാനമുള്ള  പല  തരം  ശബ്ദങ്ങൾ  നല്കി  ആണ്  ഇത്  ചെയ്യുന്നത്  .കേൾക്കുന്നയാളുടെ  പ്രതികരണം   ശ്രദ്ധിച്ചാണ്  അയാളുടെ  കേൾവി  ശേഷി  കണ്ടെത്താനാകുന്നത്‌ . പൊതുവെ എല്ലാവരും കേട്ടിരിക്കാൻ സാധ്യത ഉള്ള ഓഡിയോ മീറ്റർ എന്ന ഉപകരണമാണ് ഇത്തരത്തിൽ മുതിർന്നവരിൽ കേൾവി പരിശോധിക്കാൻ ഉപയോഗിക്കുന്നത് .
          ശബ്ദ ത്തോടുള്ള കുഞ്ഞിൻറെ പ്രതികരണം (അതായത് ശ്വാസ വ്യതിയാനം ,    കണ്ണിൻറെ ചലനം ,തല തിരിക്കുന്നത് ,ചിരിക്കുന്നത് എന്നിവയൊക്കെ) നിരീക്ഷിച്ച് കേൾവി ശക്തി നിഗമനത്തിൽ എത്താവുന്ന BOA എന്നൊരു ടെസ്റ്റും ഉണ്ട് . ഇത് ചെയുന്നതിനും ഓഡിയോ മീറ്റർ തന്നെയാണ് ഉപയോഗിക്കുന്നത് .

                 OAE (Oto Acoustic Emissions) എന്നൊരു  ടെസ്റ്റ്‌  ഇപ്പോൾ  വ്യാപകമായി  ഉപയോഗിച്ച്  വരുന്നുജനിച്ചയുടൻ കുഞ്ഞിൻറെ കേൾവി  ശേഷിയെ  പറ്റി  പഠിക്കുന്നതിനായാണ്  ടെസ്റ്റ്‌  ഉപയോഗിക്കുന്നത് . ഇതൊരു സ്ക്രീനിംഗ് ടെസ്റ്റ്ആണ് .അതായത് കേൾവിക്കുറവ് ഉണ്ടോ ഇല്ലയോ എന്ന് കണ്ടെത്താൻ മാത്രമാണ് ഇതിലൂടെ സാധിക്കുന്നത് . പ്രശ്നം  കാണിക്കുന്ന  കുട്ടികളിൽ  മേൽപ്പറഞ്ഞ  ടെസ്റ്റുകൾ  ചെയ്ത്‌ കേൾവിക്കുറവിന്റെ തോത് അളക്കേണ്ടതായി വരുന്നു.കേൾവി  കുറവുള്ള  കുട്ടികളെ  എത്രയും  ചെറിയ  പ്രായത്തിൽ  കണ്ടെത്തി  അവർക്ക്‌  വേണ്ട  പരിശീലനങ്ങൾ  ആരംഭിക്കുന്നതിനു  ജനിച്ചുടനെ   OAE ചെയുന്നത്  മൂലം  സാധിക്കാറുണ്ട്.(മറ്റു ചില പ്രശ്നങ്ങൾ ഉള്ള  മുതിർന്നവരിലും OAE ഉപയോഗിച്ച് വരുന്നു)

               ചിലരിൽ ചെവിക്കുള്ളിൽ നിന്നും തുടർച്ചയായി മൂളൽ പോലെ കേൾക്കാറുണ്ട്. കേൾവിക്കുറവിന്റെ ഭാഗമായും അല്ലാതെയും പ്രശ്നം ഉണ്ടാകാൻ സാധ്യത ഉണ്ട് .ഇതിനെ ടിനൈറ്റിസ്  എന്നാണ് പറയുന്നത്.ഓഡിയോളജിസ്റ്റ്ന്റെ സഹായത്തോടെ പരിശോധന നടത്താനും പരിഹാരം കണ്ടെത്താനും കഴിയുന്ന ഒരു പ്രശ്നമാണ് ഇതെന്ന് പലർക്കും അറിയില്ല .

            ഇത്തരത്തിലുള്ള ഉപകരണം ഉപയോഗിച്ചുള്ള ടെസ്റ്റുകൾക്ക് പുറമേ അനൗപചാരികമായ നിർണ്ണയം( INFORMAL  ASSESSMENT) ചെയ്യാനും ഓഡിയോളജിസ്റ്റ് പ്രാപ്തരാണ്അതായത് കേൾവിക്കുറവുവുള്ളയാളിനോട് സംസാരിക്കുക,ചെണ്ട /മണി/കിലുക്ക് തുടങ്ങിയ പല ഫ്രീക്വൻസിയിൽ  ഉള്ള  ശബ്ദം പുറപ്പെടുവിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചു പരിശോധിക്കുക, വളരെ വലിയ ശബ്ദം കൊടുത്ത് പ്രതികരണം ശ്രദ്ധിക്കുക തുടങ്ങിയ മാർഗങ്ങൾ മുഖേന കേൾവിക്കുറവ് എത്ര മാത്രം ഉണ്ടെന്നു കണ്ടെത്താനാകും .

           ചിലർ കേൾവിക്കുറവ് അഭിനയിക്കാറുണ്ട്. അത്തരക്കാരെ  ടെസ്റ്റുകളുടെ സഹായത്തോടെയോ അല്ലാതെയോ നിഷ്പ്രയാസം തിരിച്ചറിയാം .

പുനരധിവാസം

മേൽ സൂചിപ്പിച്ച  പല തരം പരിശോധന മാർഗങ്ങളുടെ സഹായത്തോടെ ഒരാളുടെ കേൾവി നിർണ്ണയം നടത്തി കഴിഞ്ഞാൽ അതിനെ മറി കടക്കാനുള്ള  മാർഗം നിർദ്ദേശിക്കുകയാണ് അടുത്ത പടി.

പ്രധാനമായും രണ്ടു മാർഗങ്ങളാണ് അതിനായുള്ളത്.

1) ശ്രവ സഹായിയുടെ ഉപയോഗം

          ചെവിയുടെ വെളിയിൽ ഘടിപ്പിക്കുന്ന യന്ത്രമാണിത് .ഇതിൻറെ സഹായത്തോടെ ശബ്ദം ആമ്പ്ലിഫൈ (തീവ്രത കൂട്ടി )ചെയ്ത്ചെവിയിലേക്ക് നൽകാനാകും.പല തരത്തിലുള്ള ശ്രവണ സഹായികൾ ലഭ്യമാണ്  വസ്ത്രത്തിൽ ഘടിപ്പിച്ച ശേഷം കേബിൾ ഉപയോഗിച്ച് ചെവിയിലേക്ക് ശബ്ദം  നൽകുന്നവ,ചെവിയുടെ പിന്നിൽ വയ്ക്കുന്നവ ,ചെവിയിലേക്കുള്ള ദ്വാരത്തിൽ വയ്ക്കുന്നവ ,കണ്ണടയുമായി ഘടിപ്പിച്ചു വയ്ക്കുന്നവ  ഇവയൊക്കെ അതിൽ പെടും . ഓരോ യന്ത്രത്തിലും ശബ്ദത്തിന്റെ ക്രമീകരണങ്ങൾ വ്യത്യസ്ഥ രീതിയിലാണ് സാധ്യമാകുന്നത്കേൾവിക്കുറവിന്റെ തോതനുസരിച്ച് ഏത് ശ്രവണ സഹായിയാണ് തെരഞ്ഞെടുക്കെണ്ടാതെന്നു തീരുമാനിക്കുന്നതും ,അതിൽ വേണ്ട മറ്റു ക്രമീകരങ്ങൾ (ഫൈൻ   ടുണിംഗ്  ) ചെയ്തു കൊടുക്കേണ്ടതും ഓഡിയോളജിസ്റ്റിന്റെ കർത്തവ്യമാണ്.

2. കോക്ലിയാർ ഇംപ്ലാൻറ്

ശസ്ത്ര ക്രിയ വഴി ചെവിക്കുള്ളിൽ ഘടിപ്പിക്കുന്ന ഉപകരണമാണ് കോക്ലിയാർ ഇംപ്ലാൻറ് . ചെവിക്കുള്ളിൽ വെയ്ക്കുന്നതിന് ഒപ്പം ശ്രവണ സഹായിക്കു സമാനമായ ആകൃതിയുള്ള ഒരു ഭാഗം ചെവിയുടെ പുറമേയും വയ്ക്കേണ്ടതുണ്ട്. ശ്രവണ സഹായിയെക്കാൾ എന്ത് കൊണ്ടും മികച്ച ഫലം കോക്ലിയാർ ഇംപ്ലാൻറ്  തരുമെന്നതാണ്പരമാർഥം.എന്നാൽ ചെലവു കൂടിയ പ്രക്രിയ ആയതു കൊണ്ടും ശസ്ത്രക്രിയ  ചെയ്യാനുള്ള മറ്റു ചില പരിമിതികൾ കാരണവും പലർക്കും കോക്ലിയാർ ഇംപ്ലാൻറ് ചെയ്യാൻ കഴിയാതെ പോകുന്നു.

(സാമൂഹ്യ ക്ഷേമ വകുപ്പിന്റെ പ്രവർത്തനമായി ശ്രീ യേശുദാസിന്റെ പങ്കാളിത്തത്തോടെ സർക്കാർ ആരംഭിച്ച പദ്ധതിയാണ് ശ്രുതിതരംഗം.ധാരാളം കുരുന്നുകൾക്ക്സൗജന്യമായി   കോക്ലിയാർ ഇംപ്ലാൻറ് ശസ്ത്ര ക്രിയ പദ്ധതി പ്രകാരം ചെയ്തു കൊടുക്കുന്നുണ്ട് എന്നത്  പ്രശംസനീയമാണ്)
കോക്ലിയാർ ഇംപ്ലാൻറ്,ശ്രവ സഹായി ഇവ രണ്ടും കൂടാതെ BAHA ,BRAIN STEM IMPLANT തുടങ്ങിയ ഉപകരണങ്ങളും കേൾവിക്കുറവ് പരിഹരിക്കാനായി ഉപയോഗിക്കുന്നുണ്ട് .

ഇത്തരത്തിൽ  കോക്ലിയാർ ഇംപ്ലാൻറ് /ശ്രവ സഹായി /BAHA /BRAIN STEM IMPLANT ഉപയോഗിച്ചത് കൊണ്ട് മാത്രം കുഞ്ഞിനു എല്ലാ ശബ്ദങ്ങളും കേട്ടു മനസിലാക്കാൻ സാധിക്കില്ല .കൃത്രിമമായി ഘടിപ്പിച്ച യന്ത്രത്തിലൂടെ കേൾക്കുക എന്ന പ്രക്രിയ പഠിപ്പിച്ചെടുക്കുന്ന പ്രത്യേക പരിശീലന മാർഗത്തെ AUDITORY VERBAL THERAPY (AVT) എന്ന് അറിയപ്പെടുന്നു .ശാസ്ത്രീയമായി  AVT എടുക്കാൻ പ്രാവീണ്യമുള്ളയാളാണ് ഓഡിയോളജിസ്റ്റ്.
വർഷങ്ങളുടെ ശ്രമ ഫലമായി മാത്രമേ മേൽപ്പറഞ്ഞ യന്ത്രത്തിന്റെ സഹായത്തോടെയും AVT പരിശീലനത്തിലൂടെയും സംസാര ഭാഷ കേട്ട് മനസിലാക്കുന്ന തലത്തിലേക്ക് കുഞ്ഞിനെ എത്തിക്കാനാകൂ.ഇതിനായി രക്ഷകർത്താക്കൾക്കുള്ള പങ്ക് വളരെ വലുതാണ്‌ .ശേഷം സംസാരത്തിൽ ഉച്ചാരണ ശുദ്ധിക്കുറവ് ,സ്വര വ്യത്യാസം എന്നിവ കാണിക്കുന്നവർക്കായി സ്പീച്ച് തെറാപ്പി നല്കേണ്ടതും അനിവാര്യമാണ് .

പ്രായമായത്തിനു ശേഷം കേൾവികുറവ് വന്നവർക്ക് പൊതുവെ ശ്രവണ സഹായി ഫല പ്രദമാണെങ്കിലും പലരും ഉപയോഗിക്കാൻ മടി കാണിച്ചു വരുന്നു . കാഴ്ച കുറയുമ്പോൾ കണ്ണട ഉപയോഗിക്കും പോലെയാണ് കേൾവി കുറയുമ്പോൾ  ശ്രവണ സഹായി ഉപയോഗിക്കുന്നത് എന്ന വസ്തുത അംഗീകരിക്കാൻ അവർ തയ്യാറാകുന്നില്ല . ഒരുപാട് നാൾ തുടർച്ചയായി കേൾവി സാധ്യമാകാതെ വന്നാൽ കേൾക്കാൻ കാരണമായ നാഡികളുടെ പ്രവർത്തന ക്ഷമത കുറയുന്നു .അത് കൊണ്ട് തന്നെ ശ്രവണ സഹായി ഉപയോഗം ആരംഭിക്കാൻ വൈമുഖ്യം കാണിക്കാതിരിക്കുന്നത് നന്ന് .
കുട്ടികളിലും മുതിർന്നവരിലും കേൾവിയിൽ  ഉണ്ടാകുന്ന വ്യതിയാനങ്ങൾ അനുസരിച്ചു മേൽപ്പറഞ്ഞ യന്ത്രങ്ങളിൽ പലപ്പോഴും ചില ക്രമീകരണങ്ങൾ  നടത്തേണ്ടതായി വരാം .ഈ അവസരത്തിലും ഓഡിയോളജിസ്റ്റ് അവരുടെ സേവനത്തിനായി സജ്ജനായിരിക്കും….

“ഓർക്കുക വൈകല്യമുള്ളവർക്ക് എത്രയും പെട്ടെന്ന് സഹായം ലഭിക്കുന്നത് അവരുടെ ശോഭനമായ ഭാവിക്കുള്ള മുതൽകൂട്ടായിരിക്കും.”