Tuesday 27 May 2014

ആനവണ്ടി സൗഹൃദം

"ഇന്ന് മനസ്സിനു വല്ലാത്ത സന്തോഷം. കഴിഞ്ഞുപോയ കാലത്തില്‍ നഷ്‌ടമായ എന്തൊക്കെയോ അനുഭൂതികളുടെ തിരയിളക്കം. മനുജ മോള്‍ ജനിച്ചതിന്റെ അടുത്തയാഴ്ച വിനുവെനിക്ക് ഒരു നെറ്റ് ബുക്ക് സമ്മാനമായിത്തന്നിരുന്നു.

"ഇനി നിനക്ക് ബ്ലോഗ്ഗെഴുതാന്‍ എന്റെ ലാപ് ടോപ്പ് ഫ്രീ ആകുന്നതും പ്രതീക്ഷിച്ചിരിക്കണ്ടല്ലോ "

അന്നെനിക്ക് ഒത്തിരി സന്തോഷമായി.തൊട്ടിലില്‍ സുഖമായുറങ്ങുന്ന ഞങ്ങളുടെ പൊന്നുമോളെ കാണാന്‍ "എന്റെ ആനവണ്ടി സൗഹൃദങ്ങള്‍" ഇന്നു വന്നിരുന്നു.
പഠനം പൂര്‍ത്തിയാക്കുന്നതിനു മുന്‍പേ എട്ടു മാസത്തെ ട്രേയിനിംഗ് ഉണ്ടായിരുന്നു. ആ സമയത്ത് ഹോസ്റ്റല്‍ ജീവിതം അവസാനിപ്പിച്ച് ദിവസവും വീട്ടില്‍ നിന്നും ബസ് മാര്‍ഗം പോയി വരാന്‍ തീരുമാനിച്ചു. അതേ സ്ഥാപനത്തില്‍ ജോലി നോക്കിയിരുന്ന കണ്ണനാണ് ഒരിക്കല്‍ ആ വിവരം പറയുന്നത്.
"തനിക്ക് ഞാന്‍ വരുന്ന ബസില്‍ വന്നാലെന്താ ?ശ്രീപുരം വഴി വന്നാല്‍ പെട്ടെന്ന് ജോലി സ്ഥലത്തെത്താം. "

എങ്കില്‍ പിന്നെ ആ വഴി ഒന്ന് പരീക്ഷിച്ചു കളയാമെന്ന് ഞാനും തീരുമാനിച്ചു.
ആ സ്ഥാപനത്തിലെ, അധികമാരോടും മിണ്ടാതെ മുരടനെന്നു മുദ്ര കുത്തിയിരുന്ന കണ്ണന്‍ , ആനവണ്ടിക്കുള്ളില്‍ മറ്റൊരു മനുഷ്യനായിരുന്നു. പല സ്റ്റോപ്പില്‍ നിന്നും കയറുന്ന ചിലയാളുകള്‍ കണ്ണനോട് തമാശ പറയുന്നതും അവര്‍ തമ്മില്‍ ഇടതടവില്ലാതെ സംസാരിക്കുന്നതുമെല്ലാം എന്നെ അത്ഭുതപ്പെടുത്തി.

പതിയെ ഞാനും അവരുടെ ലോകത്ത് ലയിച്ചു ചേരാന്‍ തുടങ്ങി.കെ.എസ്.ആര്‍.ടി.സി  സ്റ്റാന്‍ഡില്‍ നിന്നും ബസെടുക്കുമ്പോള്‍ തന്നെ ഞാന്‍,കണ്ണന്‍,ഗോപികച്ചേച്ചി,ഹരീഷ്,ഷാ എന്നിവര്‍ പുറകു വശത്തെ സീറ്റുകള്‍ കൈയടക്കിക്കഴിഞ്ഞിരിക്കും. "ഷാ " ഒരുറക്ക പ്രിയനാണ്. കണ്ണനെഴുതിയ ഒരു കവിതയില്‍ 

"ഉറക്കത്തെ പ്രണയിക്കുന്നൊരു
ഒരക്ഷരപ്പേരുകാരന്‍" 
എന്ന് "ഷാ"യെ അവതരിപ്പിച്ചത് നല്ല ഓര്‍മയുണ്ട്. ഞാനെഴുതിയ കഥകളും കണ്ണന്റെ കവിതകളും ആനവണ്ടിയില്‍ ഇടയ്ക്കിടെ ചര്‍ച്ചാ വിഷയമാകാറുണ്ടായിരുന്നു.

ഉറങ്ങുന്ന ഷായുടെ തലയില്‍ കുടിവെള്ളക്കുപ്പി തുറന്ന് വെള്ളം തളിക്കുക , ചെവിയില്‍ ഹെഡ് സെറ്റ് തിരുകി പഴയ പാട്ടുകളുടെ ലോകത്ത് മുഴുകിയിരിക്കുന്ന കണ്ണന്റെ ഫോണ്‍ കൈലെടുത്ത് റേഡിയോ മിര്‍ച്ചിയിലെ തട്ടുപൊളിപ്പന്‍ പാട്ടുകള്‍ കേള്‍പ്പിക്കുക, മിണ്ടാപ്പൂച്ച ഹരീഷിനരുകില്‍ വന്നിരിക്കുന്ന പെണ്‍കുട്ടികളെ നോക്കി അര്‍ത്ഥം വെച്ച് ചിരിക്കുക , ഈ പുതിയ ലോകത്തും  മകളുടെ "ശിവാനി" എന്നപേരിനൊപ്പം "കുറുപ്പ് " എന്നുകൂടി ചേര്‍ത്തു എന്നഭിമാനപൂര്‍വ്വം പറയുന്ന ഗോപികച്ചേച്ചിയുടെ അഭിമാനത്തിനല്‍പ്പം ക്ഷതമേല്‍ക്കുന്ന തരത്തില്‍ തന്നെ കളിയാക്കുക തുടങ്ങിയവയായിരുന്നു എന്റെ വിനോദങ്ങള്‍ . അതുകൊണ്ടാവണം അതി വേഗം "പിന്‍സീറ്റിലെ കാ‍ന്താരി " എന്ന പേര് എനിക്കവര്‍ ചാര്‍ത്തിത്തന്നു. ഇന്നവര്‍ ആ തമാശകളൊക്കെ പറഞ്ഞു ചിരിച്ചു.കൂട്ടത്തില്‍ മിണ്ടാപ്പൂച്ച ഹരീഷിന്റെ മറ്റൊരു കഥയും ഇന്നത്തെ ചര്‍ച്ചാ വിഷയമായിരുന്നു .

ഒരിക്കല്‍ ബസ്സിന് ഏറ്റവും പുറകിലായുള്ള, രണ്ടു പേര്‍ക്ക് മാത്രം ഇരിക്കാനാകുന്ന സീറ്റുകളില്‍ ജനാലയോട് ചേര്‍ന്നുള്ള സീറ്റില്‍ ഹരി ഇരിക്കുകയായിരുന്നു. നല്ല തിരക്കുള്ള ദിവസം. അവനരുകിലായി ഒരു അപരിചിതയും ഇരിക്കുന്നുണ്ടായിരുന്നു. അടുത്ത സ്റ്റോപ്പില്‍ നിന്നും ഒരു പൂര്‍ണ്ണ ഗര്‍ഭിണി ബസ്സിന്റെ പുറകു വശത്തെ വാതില്‍ വഴി ഉള്ളിലേക്ക് കയറി. സ്വാഭാവികമായും ഏറ്റവും പുറകിലിരിക്കുന്ന പെണ്‍കുട്ടി സീറ്റ് തനിക്കായി ഒഴിഞ്ഞു തരുമെന്ന പ്രതീക്ഷയിലാവണം ആ സ്ത്രീ ഹരിയുടെ അരുകിലുള്ള പെണ്‍കുട്ടിയുടെ സമീപത്തേക്ക് പതുക്കെ നടന്നു നീങ്ങി. പക്ഷേ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ അവള്‍ തന്റെ കൈലിരുന്ന ഫോണിലേക്ക് ദൃഷ്ടി പായിച്ചു. സീറ്റ് ഒഴിഞ്ഞു കൊടുക്കാന്‍ അവള്‍ക്കായിരുന്നു എളുപ്പം. ആ സ്ത്രീയുടെ ഉന്തി നില്‍ക്കുന്ന വയറ് അവളുടെ ശരീരത്തെ തട്ടി നിന്നിട്ടും അതിനുള്ളില്‍ തുടിക്കുന്ന ജീവനുണ്ടെന്നും അതിനോടും അമ്മയോടും മര്യാദ കാണിക്കണമെന്നും അവള്‍ ഓര്‍ത്തില്ല. ഹരി ഇത് കണ്ട് എഴുന്നേല്‍ക്കാന്‍ തുടങ്ങുമ്പോഴേക്കും കണ്ടക്റ്റര്‍ കൃഷ്ണേട്ടന്‍ സീറ്റില്‍ നിന്നും എണീച്ചു കൊടുത്തു. ഈ രംഗങ്ങളെല്ലാം ദൂരെ മാറി നിന്ന ഞാനും കണ്ടിരുന്നു . കുറച്ചു കഴിഞ്ഞ് എന്റെ പേഴ്സിനുള്ളിലെ മൊബൈല്‍ ഫോണ്‍ ഒന്ന് വൈബ്രേറ്റ്‌ ചെയ്തു. മെസേജ് അയച്ചത് ഹരിയായിരുന്നു.

"D ee ahankaarikk oru pani kodukkande?" (ടീ ഈ അഹങ്കാരിക്ക് ഒരു പണി കൊടുക്കണ്ടേ ?)
എന്റെ മറുപടി .
"what pani da?." ( വാട്ട് പണി ടാ? )

അടുത്ത മേസേജുകളിലൂടെ ചില നിര്‍ദ്ദേശങ്ങള്‍ എനിക്കവന്‍ കൈമാറി. ആ പെണ്‍കുട്ടി കോലിയക്കോട് ജങ്ഷന്‍ എത്തുമ്പോള്‍ ഇറങ്ങാന്‍ തുടങ്ങും. വാതിലിനടുത്തെത്തുമ്പോള്‍ ഞാന്‍ പറയേണ്ടതിങ്ങനെയായിരുന്നു.

"ഗര്‍ഭിണികളെ ബഹുമാനിക്കാനറിയില്ല അല്ലേ ? താനും ഇതുപോലൊരു അമ്മയുടെ ഗര്‍ഭപാത്രത്തിലാണ് ജനിച്ചത്. മറ്റൊരു കാര്യം. ഇത് കൈതേരിയല്ല. കോലിയക്കോടാണ്. കൈതേരിയിലെത്താന്‍ വന്ന വഴിയേ തിരിച്ച് നടന്നോളൂ.നീ കാണിച്ച അനാദരവിനു ഞങ്ങളുടെ വക  തിരുത്തലും കുഞ്ഞൊരു ശിക്ഷയും."

ഹരിയുടെ നിര്‍ദ്ദേശം ഞാന്‍ അനുസരിച്ചു. അവള്‍ ബസ്സില്‍ നിന്നുമിറങ്ങാന്‍ നേരം എന്റെ അരികിലൂടെയാണ്‌ നടന്നു നീങ്ങുന്നത്. വാതിലിനോട് ചേര്‍ന്ന് നിന്നിരുന്ന എനിക്കത് പറയാന്‍ പ്രയാസമുണ്ടായില്ല. വിളറിയ മുഖവുമായി കോലിയക്കോട് ബസ്സിറങ്ങി തിരിച്ചു നടക്കുന്നത് പുറകിലത്തെ ചില്ലുജാലകം വഴി ഹരി നോക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. ശേഷം അവന്‍ എന്നെ നോക്കി മന്ദഹസിച്ചു.പിന്നീട് ഹരിയില്‍ നിന്നും ഞങ്ങള്‍ ആ സംഭവം അറിഞ്ഞു.
അവള്‍ക്കരികിലേക്ക് പ്രതീക്ഷയോടെ നടന്നടുത്ത ഗര്‍ഭിണിയ്ക്ക് സീറ്റ് ഒഴിഞ്ഞു കൊടുക്കാത്തതിലുള്ള ദേഷ്യം അവന്റെ മനസില്‍ കത്തിക്കൊണ്ടിരുന്നപ്പോള്‍ അവളില്‍ നിന്നും ഒരു ന്യൂ ജെനറേഷന്‍ വാചകം കേള്‍ക്കാനിടയായി.

"ചേറ്റാ, ഈ കൈറ്റെരി എവിടെയാന്? എനിക്ക് മലയാലം വായിക്കാന്‍ അരിയില്ല."

മര്യാദകളും ഭാഷയും ഒന്നു പോലെ അറിയാത്ത അവളോട് ഹരിക്ക് പുച്ഛമായിരുന്നത്രേ ആദ്യം തോന്നിയത്. ഒരു ചെറിയ പാഠം പഠിപ്പി ക്കുക എന്ന ഉദ്ദേശത്തില്‍ അവന്‍ കൈതേരി കഴിഞ്ഞ് രണ്ടു കിലോമീറ്റര്‍ ദൂരെയുള്ള കോലിയക്കോട് എത്തിയപ്പോള്‍ ഇറങ്ങാന്‍ പറഞ്ഞു. തന്നെക്കൊണ്ട് ഒരു കാരണവുമില്ലാതെ രണ്ട് കിലോമീറ്റര്‍ നടത്തിച്ച ആ അപരിചിതന്റെ മനസ്സില്‍ എന്തായിരുന്നു എന്ന് അവള്‍ അറിയാതെ പോകരുതെന്ന് ഹരിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അത് കൊണ്ടു തന്നെ അവന്‍, ഞാന്‍ മുഖേന ആ രഹസ്യം അറിയിച്ചു.

എന്നാല്‍ അന്നത്തെ ആ ചെറിയ സംഭവത്തിലൂടെ നമുക്ക് പുതിയ രണ്ടു സൗഹൃദങ്ങള്‍ കൂടി ലഭിച്ചു. ഒന്ന് പ്രിയ എന്ന ആ ന്യൂ ജനറേഷന്‍ പെണ്‍കുട്ടി . രണ്ടാമത്തേത് കുടുംബത്തിന്റെ പ്രാരബ്ധങ്ങള്‍ കാരണം പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്നപ്പോഴും നഗരത്തിലെ ജ്വല്ലറി ഷോപ്പിലെ ജോലിക്ക് പോകാന്‍ നിര്‍ബന്ധിതയായ ജാനകിയെന്ന ഞങ്ങളുടെ ജാനുച്ചേച്ചിയും.

പ്രിയ വളര്‍ന്നത് ബംഗ്ലൂരിലാണ്. തിരക്കേറിയ മാതാപിതാക്കള്‍ക്കിടയില്‍ ഒറ്റപ്പെട്ടു പോയ അവള്‍ക്ക് നന്മയുടെ പാഠങ്ങള്‍ പകര്‍ന്നു നല്‍കാന്‍ ആരുമുണ്ടായില്ല. എങ്കിലും സ്വയം ഒരു പരാജയമാകാതെ അവള്‍ പൊരുതിയിരുന്നു. മത്സര ബുദ്ധിയോടെ പഠിച്ചു. പഠന കാര്യത്തില്‍ അവള്‍ കേമിയായി. ജോലി നേടി. ഒടുവിലെപ്പോഴോ ജനിച്ച മണ്ണിലേക്ക് തിരികെ വരണമെന്ന് തോന്നി വന്നതായിരുന്നു. പുതിയ കലാലയത്തില്‍ " റാഗിംഗ് " ചെയ്തു സ്വീകരിക്കുന്ന സീനിയര്‍ കുട്ടികളെപ്പോലെയേ അവള്‍ ഞമ്മളെ കണ്ടിരുന്നുള്ളൂ. ഞമ്മള്‍ വിചാരിച്ച അത്ര പ്രശ്നക്കാരിയായിരുന്നില്ല അവള്‍. എങ്കിലും വളര്‍ത്തിയ സംസ്കാരം മനുഷ്യത്വ പരമായ പ്രവൃത്തികള്‍ ചെയ്യുന്നതില്‍ നിന്നും അവളെ അകറ്റി നിര്‍ത്തിയിരുന്നു. അവിടന്നങ്ങോട്ട് പ്രിയയോടൊപ്പം, അവള്‍ സ്വയം ആര്‍ജ്ജിച്ചെടുത്ത നന്മയുടെ പാഠങ്ങള്‍ക്കുള്ളിലെ അക്ഷരങ്ങളുടെ ആഴമറിയിക്കാന്‍ ഞങ്ങള്‍ ആന വണ്ടി സുഹൃത്തുക്കളുണ്ടായിരുന്നു. പലതും അവളില്‍ നിന്നും പഠിക്കാനും ഞങ്ങള്‍ ശ്രമിച്ചു.

സ്കൂളിലും കോളേജിലും ജോലി സ്ഥലത്തും ഒക്കെയായി  നിരവധി സുഹൃത്തുക്കളുള്ളവാരായിരുന്നു ഞങ്ങളിലധികവും. എങ്കിലും ദിവസവും രണ്ടു മണിക്കൂര്‍ ബസില്‍ ഒരുമിച്ചുള്ള ആ യാത്രകളില്‍ സൗഹൃദത്തിന്റെ പ്രത്യേക തരം അനുഭൂതി നുണയാന്‍ ഞങ്ങള്‍ ഓരോരുത്തരും വെമ്പല്‍ കൊണ്ടിരുന്നു. പിന്നീട് സാഹചര്യങ്ങള്‍ പലരേയും വഴി തിരിച്ചു വിട്ടപ്പോഴും ഏത് സന്തോഷത്തിലും സങ്കടത്തിലും ഒപ്പമുണ്ടാകാനും മാത്രം നമ്മളോരോരുത്തരും അടുത്തു കഴിഞ്ഞിരുന്നു.
ഇത് തികച്ചും സ്വകാര്യമായ ഒരു അനുഭവക്കുറിപ്പാണ്. വിനു സമ്മാനിച്ച നെറ്റ് ബുക്കില്‍ നിന്നും മറ്റൊരു സൗഹൃദ കൂട്ടായ്മയിലേക്ക് പടി കയറുമ്പോള്‍ ആരംഭം ഇങ്ങനെയാകട്ടെ എന്നു മാത്രം കരുതി."

അനു അവളുടെ യന്ത്രാക്ഷരങ്ങളെ താല്ക്കാലികമായി അവസാനിപ്പിച്ച് എഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോഴേക്കും വിനു അരുകിലെത്തി. മുഖത്ത് മന്ദഹാസവുമായി അയാള്‍ ബ്ലോഗ്‌ മുഴുവനും വായിച്ചു തീര്‍ത്തു. അപ്പോഴേക്കും മനുജ മോള്‍ കരയാന്‍ തുടങ്ങി. അനുവിനെ കട്ടിലില്‍ നിന്നുമെഴുന്നേല്‍ക്കാന്‍ അനുവദിക്കാതെ അയാള്‍ കുഞ്ഞിനെയെടുത്ത് അവളുടെ ദേഹത്തോട് ചേര്‍ത്തു പിടിച്ചു. എന്നിട്ട് ചോദിച്ചു.
"ആനവണ്ടി സുഹൃത്തുക്കളുടെ കണ്ണു വെട്ടിച്ച് ആ അനുവും കണ്ണനും പ്രണയിച്ച കഥ ഇനിയൊരിക്കലാകട്ടെ എന്നു കരുതിയോ ? എങ്കിലും അനുക്കുട്ടീ നീയെന്നെ കണ്ണാന്ന്‍ വിളിച്ചു കേള്‍ക്കാന്‍ കൊതിയാകുന്നു."
 കുഞ്ഞ് തന്നില്‍ നിന്നും നുണയുന്ന മാതൃത്വം ആസ്വദിച്ചറിയുകയായിരുന്ന അനു  യാതൊന്നും ഉരിയാടാതെ പുഞ്ചിരി തൂകി. സൗഹൃദത്തിന്റെ സ്നേഹനിലാവ് പോലൊരു പുഞ്ചിരി. പ്രണയത്തേക്കാള്‍ സുന്ദരം സൗഹൃദമെന്നവള്‍ ഉറക്കെ പറഞ്ഞില്ല. കാരണം വിനു എന്ന കണ്ണന്‍ അവളുടെ സുഹൃത്തു കൂടിയാണ്.പ്രണയവും സൗഹൃദവും സമ്മിശ്രമായ നിരവധി യാത്രകള്‍ ഇരുവര്‍ക്കും ബാക്കിയുണ്ട്. ആനവണ്ടി സൗഹൃദങ്ങള്‍ ഒരുമിച്ചു കൂടുമ്പോള്‍ പറയാന്‍ ഒരു നൂറു കഥകളുമായി അവരിരുവരുമുണ്ടാകും എന്നെന്നും.
                                                                                          - ശുഭം -


പിറവി : നവംബര്‍ 2013

Wednesday 14 May 2014

ആടു ജീവിതത്തെ അറിഞ്ഞപ്പോൾ

             
“ഹോ അങ്ങനെ ഞാൻ ‘ആടു ജീവിതം’  വായിച്ചു തീർത്തു.!”
സാഹിത്യ അക്കാദമി അവാർഡ് കിട്ടിയ നോവലിനുപരി അതൊരു പച്ചയായ ജീവിത കഥ എന്ന കോണിൽ നോക്കി കാണാനാണ് എനിക്കിഷ്ടം.സമയ പരിമിധി കാരണം ബസ് യാത്രക്കിടയിലാണ് ഞാൻ ആ നോവലിൻറെ ഏറിയ പങ്കും വായിച്ചത്.

ഒരു ദിവസം, എൻറെ വായന കണ്ട് കൈലിരിക്കുന്ന ബുക്കിലേക്കും എൻറെ മുഖത്തേക്കും മാറി മാറി നോക്കി,എൻറെ അടുത്ത സീറ്റിൽ ഒരു മദ്ധ്യ വയസ്ക ഇരിപ്പുണ്ടായിരുന്നു. ഇടക്കെപ്പോഴോ പുസ്തകത്തിൽ നിന്നും കണ്ണെടുത്ത എന്നോട് അവർ ചോദിച്ചു.
"മോൾ ആടു ജീവിതമാണോ വായിക്കുന്നത് ?"
മറുപടി ഒരു ചിരിയിൽ ഒതുക്കി .
അല്പ്പം മുമ്പ് (ഈ ബുക്ക്‌ ബാഗിൽ നിന്നും എടുക്കും മുമ്പ്) ഞാൻ ഫോണിൽ കൂട്ടുകാർക്കു sms അയക്കുകയായിരുന്നു . അതി വേഗത്തിൽ ചലിക്കുന്ന കൈ വിരലുകളിൽ നോക്കി കുറേ നേരം ഇരുന്നിട്ട് പതുക്കെ എൻറെ തോളിലേക്ക് ചാഞ്ഞു കിടന്ന സ്ത്രീയാണ്. ഫോണ്‍ ബാഗിൽ വെച്ച് ബുക്ക് കൈലെടുത്തപ്പോൾ ഉണർന്നിരുന്ന് സംസാരിക്കുന്നു.
ഒന്നും മിണ്ടാതെ ഞാൻ ഞാൻ വായന തുടർന്നു.മരുഭൂമിയിലായിരുന്നു ഞാൻ,ചുട്ടു പൊള്ളുന്ന വെയിലിൽ നജീബിനോപ്പം.
ഇടക്ക് ഞാൻ ആ അമ്മയെ വീണ്ടും ശ്രദ്ധിച്ചു.
എന്നോട് സംസാരിക്കാൻ വെമ്പൽ കൊണ്ടിരിക്കുന്ന പോലെ തോന്നിയ നിമിഷം ഞാൻ ചോദിച്ചു .
"ഇത് വായിച്ചിട്ടുണ്ടോ ?" ചോദ്യം അവസാനിക്കും മുമ്പ് ഉത്തരം വന്നു.
"മം . വായിച്ചു. എൻറെ മോൻ സ്കൂൾ ലൈബ്രറീന്നു കൊണ്ട് തന്നു. എന്തൊരു നോവലാ അല്ലേ മോളേ?”
ഞാൻ വീണ്ടും ചിരിച്ചു കൊണ്ട് പറഞ്ഞു.
"ഇത് നടന്ന സംഭവമാണ് "
അപ്പോൾ,
"അറിയാം മോളേ. അയാൾ ഇപ്പോഴും ജീവിച്ചിരിക്കുന്നെന്നു സങ്കല്പ്പിക്കാൻ പറ്റുന്നില്ല.അല്ലേ?"
ഞാൻ ഒന്നും മിണ്ടിയില്ല.
അല്പ്പം കഴിഞ്ഞു വീണ്ടും അവർ എന്തൊക്കെയോ അസ്വസ്ഥതകൾ കാണിച്ചു.ഞാൻ ചിന്തിച്ചു.
"ഈശ്വരാ ഇവർക്ക് ചർദ്ദിക്കാൻ തോന്നുന്നു ണ്ടാകുമോ? അതോ ഇനി തല കറക്കാമോ മറ്റോ!"
ഏതായാലും സഹായം ചെയ്യുക എന്നത് എൻറെ കടമ.ഞാൻ വീണ്ടും നോക്കി.
അപ്പോൾ,
"മോളേ ആ കൂട്ടുകാരൻ പയ്യൻ മരിച്ചോ ?"
ഞാൻ മനസ്സിൽ :
"ഇത് വല്ലാത്ത ചെയ്ത്തായിപ്പോയി.എനിക്ക് സിനിമയുടേതായാലും നോവലിന്റേതായാലും എല്ലാ സസ്പെൻസോടും കൂടി കാണാനും വായിക്കാനുമാണിഷ്ടം."
ഞാൻ ആ അമ്മയോട്
"അയ്യോ കഥ പറയല്ലേ. ഞാൻ വായിച്ചോളാം."
അവർ പിന്നെ ഒന്നും മിണ്ടിയില്ല.ഞാനും.അഞ്ച് മിനിട്ടിനുള്ളിൽ എനിക്കിറങ്ങാനുള്ള സ്ഥലമെത്തി."ഇറങ്ങുന്നു.വീണ്ടും കാണാം" എന്നു പറഞ്ഞ് ഒരു ചിരിയും തലയാട്ടലും സമ്മാനിച്ച് ഞാനിറങ്ങി.
വീട്ടിലെത്തിയിട്ട് വായന തുടരാനായില്ല. പതിവ് പോലെ പിറ്റേന്ന് രാവിലെ ബസ്സിൽ കയറി.പ്രിയ സുഹൃത്തുക്കൾക്ക് ഫോണ്‍ വഴി ചില "സുപ്രഭാതം"smsകൾ കൈ മാറിയിട്ട് വീണ്ടും മസറയിലേക്കു എൻറെ മനസ്സ് പോയി.
അത് എത്രയും പെട്ടെന്ന് വായിച്ചു തീർക്കുകയായിരുന്നു എൻറെ ലക്ഷ്യം.
3 പേർക്കിരിക്കാവുന്ന സീറ്റിൽ ജനാലയോട് ചേർന്നാണ് ഞാനിരുന്നത്.
മറു വശത്ത് ഒരു ചെറുപ്പക്കാരൻ ഇരിക്കുന്നുണ്ട് .
അത് ചെറുപ്പക്കാരൻ ആയത് ആശ്വാസമാണ്. കാരണം ദിവസേനയുള്ള യാത്രകളിൽ ഞാൻ കാണാറുള്ള,അറിയാറുള്ള ഞരമ്പ് രോഗികളെല്ലാം തന്നെ 35 വയസ്സ് പിന്നിട്ട ആണ്‍വർഗ്ഗം മാത്രമായിരുന്നു.
അടുത്ത സ്ഥലത്ത് ബസ് നിർത്തിയപ്പോൾ ഒരു വൃദ്ധൻ എനിക്കും ചെറുപ്പക്കാരനുമിടയിൽ ഒഴിഞ്ഞു കിടന്ന സീറ്റിൽ വന്നിരുന്നു.
നല്ല അപ്പൂപ്പൻ. ഓർമ്മ വയ്ക്കും മുമ്പ് മരിച്ച എൻറെ അപ്പൂപ്പനെ ഞാനോർത്തു.അങ്ങനെ ഒരു സ്നേഹം ഞാൻ അനുഭവിച്ചിട്ടില്ല.
"ആടു ജീവിതം" മനസ്സിനെ വീണ്ടും മാസറയിലേക്കും നജീബിലേക്കും കൊണ്ട് പോയി.
ഞാൻ അപ്പോഴും ശ്രദ്ധിച്ചു.തലേന്ന് എന്നരികിൽ വന്നിരുന്ന സ്ത്രീ കാണിച്ച അതെ വിമ്മിഷ്ടങ്ങൾ ആയാളും കാണിക്കുന്നു.
ഞാൻ അദ്ദേഹത്തിൻറെ മുഖത്തേക്ക് നോക്കി.ആ കണ്ണുകളിൽ ഞാൻ കണ്ട ആകാംഷ കഴിഞ്ഞ ദിവസം ഞാൻ കണ്ട സ്ത്രീയുടെ കണ്ണിൽ കണ്ട അതേ അളവിൽ(ഒരു പക്ഷേ അതിനേക്കാളേറെ) ഉണ്ടായിരുന്നു.
പക്ഷേ ഞാൻ അത് കണ്ടില്ലെന്നു നടിച്ചു.
ഒരു മണിക്കൂറോളം അദ്ദേഹം എനിക്കൊപ്പം ആ അക്ഷരങ്ങളിലൂടെ കണ്ണ് പായിക്കുന്നത് ഞാൻ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിച്ചു.ഒടുവിൽ ഇറങ്ങാൻ നേരം ഞാൻ ചോദിച്ചു.
"വായിച്ചിട്ടുണ്ടോ ?"
അതേ എന്നുള്ള ഉത്തരം ഒരു ചിരിയും തല കുലുക്കലുമായിരുന്നു.
എനിക്കെന്തോ വീണ്ടും ചോദിക്കണമെന്ന് തോന്നി.
അടുത്ത ചോദ്യം ഇങ്ങനെയായിരുന്നു.
"താങ്കളും ഒരു പഴയ പ്രവാസി ആണെന്ന് തോന്നുന്നല്ലോ?"
അതിനുള്ള ഉത്തരവും വ്യത്യസ്തമായ ഒരു ചിരിയും തലയാട്ടലും മാത്രമായിരുന്നു.

ബസിൽ നിന്നും ഇറങ്ങുമ്പോൾ ഞാനോർത്തു
ശ്രീ ബന്യാമിൻ ആ പുസ്തകം സമർപ്പിച്ചത് നജീബിനും ഹക്കീമിനും പിന്നെ മരുഭൂമിയിൽ ദാഹിച്ചു മരിച്ച പ്രവാസികൾക്കും വേണ്ടിയായിരുന്നു .
നിരവധി നജീബുമാർ ഇന്നും ആ മരുഭൂമിയിൽ ഉണ്ടാകും.
ഗൾഫ്‌ എന്ന ഒരൊറ്റ വാക്കിൽ ഒതുങ്ങി നില്ക്കുന്ന കഷ്ടപാടിന്റേയും യാദനയുടേയും ഒറ്റപെടലിന്റേയും സത്യം ഞാൻ കൂടുതൽ ആഴങ്ങളിൽ അറിഞ്ഞത് ഇപ്പോഴാണ്. അവരെപ്പറ്റി പറയാത്ത കഥകൾ ഇനിയുമുണ്ടാകും.പക്ഷേ പറഞ്ഞ കഥകളിൽ ഏറ്റവും ഹൃദയ സ്പർശി ഇത് തന്നെ.

എൻറെ ഈ കുറിപ്പ് പ്രവാസി സുഹൃത്തുക്കൾക്കായി സമർപ്പിക്കുന്നു.
കേട്ടറിഞ്ഞ യാദനകളിൽ നിന്നും എത്രയോ മേലെയായിരിക്കുമല്ലേ, നിങ്ങളും നിങ്ങളോടൊപ്പമുള്ള പലരും അനുഭവിച്ചറിഞ്ഞത് !
        “ജീവിക്കാൻ പടച്ചവൻ ശക്തി തരട്ടെ”

Tuesday 6 May 2014

തിരിവ്


    ഇന്നലെയാണ് രവി അബുദാബിയിലെ തിളയ്ക്കുന്ന ഉഷ്ണത്തില്‍ നിന്നും ഇരുണ്ടു നിറഞ്ഞ മഴ മേഘങ്ങള്‍ക്കിടയിലൂടെ കേരളത്തിലേക്ക് പറന്നിറങ്ങിയത് . പിറന്ന  മണ്ണിനോടും  ജനിച്ച നാടിനോടുമുള്ള ആത്മബന്ധം ഏതു വിദേശീയനുമെന്നോണം രവിയും തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു , ഈ നാലര വർഷം കൊണ്ട്. പുതപ്പിനടിയില്‍ നിന്നും പതിയെ ഊർന്നിറങ്ങിയത്   ഇന്നത്തെ പരിപാടികളെക്കുറിച്ച് ഓർത്തു കൊണ്ടായിരുന്നു. ചന്ദന നിറമുള്ള തന്റെ പഴയ കപ്പില്‍ അമ്മയുടെ വാത്സല്യം ചാലിച്ച് കൊണ്ടു വന്ന ചായ മേശക്കരുകിലുണ്ടായിരുന്നു . അതെടുത്ത് ചുണ്ടോട് ചേർക്കുമ്പോള്‍ അയാളുടെ കാതുകളില്‍ വർഷങ്ങൾക്കു മുമ്പ് കേട്ട ആ വാക്കുകള്‍ മുഴങ്ങി നിന്നു.

കുടുംബം നശിപ്പിക്കാനായി പിറന്ന സന്തതി. നട്ടുച്ച വരെ കിടന്നുറങ്ങിയിട്ട് എണീറ്റ്‌ വരുമ്പോള്‍ വേണ്ടതെല്ലാം മുമ്പില്‍ നിരത്താന്‍ നിന്റെ അച്ഛന്‍ സമ്പാദിച്ച കാശും , അറവു മാടിനെപ്പോലെ പണിയെടുക്കാന്‍ ഈ ഞാനും ഉണ്ടല്ലോ.ധിക്കാരി !

ഇന്ന്, അമ്മയുടെ വാത്സല്യം ചാലിച്ച ആ ചായയുടെ മധുരത്തില്‍ അയാള്‍ ആ ഓർമ്മകള്‍ അലിയിച്ചു കളയാന്‍ ശ്രമിച്ചു.

രാത്രി വൈകിയെത്തിയത് കൊണ്ട് വരദയോടു അധികമൊന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല . നേരെ ചെന്നത് അവളുടെ മുറിയിലേക്കാണ്‌.തൻറെ അനുജത്തിക്ക് മാത്രം ഒരു മാറ്റവുമില്ല . പുസ്തകങ്ങള്‍ മാത്രം അലങ്കാരമായുള്ള ചന്ദമുള്ള മുറി.

പുറത്ത് മഴ തകർക്കുന്നു.

അമ്മേ , വരദ എവിടെ ?” രവി ഉച്ചത്തില്‍ വിളിച്ചു ചോദിച്ചു.

അവള്‍ കുളിക്വ . കോളേജില്‍ പോണ്ടേ !അമ്മ ഓർമ്മിപ്പിച്ചു.

അവളിപ്പോള്‍ പഴയ കോളേജ്‌ വിദ്യാർത്ഥിനി  ഒന്നുമല്ലല്ലോ. ചുരുങ്ങിയ കാലം കൊണ്ടവള്‍,താൻ പഠിച്ച കോളേജിലെ തന്നെ ബയോ കെമിസ്ട്രി വിഭാഗം ഹെഡ് ആയി മാറിക്കഴിഞ്ഞില്ലേ!രവി ചിന്തിച്ചു.

 

മേശയില്‍ ഒരു കെട്ടു പേപ്പര്‍ ഇരിക്കുന്നു. ഉത്തര കടലാസുകളാണ്‌. ഒന്ന് രണ്ടെണ്ണം മറിച്ചു നോക്കി .

എന്തൊരു കണിശക്കാരിയാണ് അവളെന്ന് ഓർത്തു  കൊണ്ട് നിൽക്കുമ്പോൾ, കുളിച്ച് ഈറനായി വരദ ഡൈനിംഗ് ടേബിളിന്റെ അരികിലേക്ക് ഓടി വന്നു .

അമ്മേ എന്റെ ബ്രേക്ക് ഫാസ്റ്റ് !അമ്മയോടായി വിളിച്ചു പറഞ്ഞ ശേഷം രവിയുടെ കൈലിരുന്ന ഉത്തര കടലാസുകളിലേക്ക് കണ്ണോടിച്ചു.എന്നിട്ട് ,ചോദിച്ചു.

എന്താ ഏട്ടാ ,പഴയ കോളേജ്‌ ലൈഫിലേക്ക് പോയോ?”

എന്താടി ഇത് ? അല്പ്പം കരുണയൊക്കെ ആകാം .” അയാളുടെ  വാക്കുകള്‍ക്കുള്ള മറുപടി ഉടന്‍ തന്നെ  കിട്ടി .  

വേണ്ട. വേണ്ട . ആ ഡിപ്പാര്ട്ട്മെന്റില്‍ കൈ കടത്തണ്ട. ഞാന്‍ കഷ്ടപ്പെട്ട് പഠിച്ചാണ് റാങ്കോടെ പാസ്സായത്. കഷ്ടപ്പെടാത്തവർക്ക്  എന്റേന്നു ഒരു കരുണയും കിട്ടില്ല .

സംഭാഷണം നടക്കുമ്പോള്‍ തന്നെ അമ്മ കൊണ്ട് വെച്ച ഭക്ഷണവും അവള്‍ അകത്താക്കിക്കഴിഞ്ഞിരുന്നു. തുടർന്ന്  ‍ രവിയുടെ കൈലിരുന്ന കടലാസ് കെട്ടും പിടിച്ചു വാങ്ങി ഹാൻഡ്‌  ‌ ബാഗിലേക്ക് തിരുകി കേറ്റി ഓടുന്നതിനൊപ്പം വിളിച്ചു പറഞ്ഞു.

വന്നിട്ട് സംസാരിക്കാം . കേട്ടോ

................................................................................................................................

അബുദാബിയിലായിരുന്നപ്പോള്‍ നാട് കാണാന്‍ വല്ലാത്ത കൊതിയായിരുന്നു. രവി നാട്ടിലെത്തിയിട്ടിപ്പോള്‍ ഒരാഴ്ച്ചയായി. മടുത്തു തുടങ്ങിയിരിക്കുന്നു നാടും വീടും .എവിടെയെന്നില്ലാതെ ബൈക്കുമെടുത്ത് ഇറങ്ങിയതാണ് .അറിയാതെ സെന്റ്‌ സേവിയേഴ്സ് കോളേജ്‌ ജങ്ഷനില്‍ വണ്ടി നിന്നു . കോളേജിലായിരുന്നപ്പോള്‍ ബസ്സിറങ്ങി നിന്നോർക്കുന്ന    പോലെ ഓർത്തു.

"ബീച്ച് വേണോ ക്ലാസ് വേണോ ?"

ഒരു വ്യത്യാസം മാത്രം. ഭൂരിപക്ഷത്തിന്റെ കണക്കെടുക്കാന്‍ കൂട്ടുകാരാരും ഒപ്പമില്ല. അന്നതായിരുന്നു ഒടുവിലത്തെ തീരുമാനം. ഭൂരിപക്ഷത്തിന്റെ അഭിപ്രായം നോക്കിയാണ് ക്ലാസില്‍ കയറണോ അതോ തൊട്ടടുത്തുള്ള ബീച്ചിലേക്ക് പോകണോ എന്ന് തീരുമാനിച്ചിരുന്നത്. വർഷങ്ങൾക്ക് ശേഷം വന്നതല്ലേ  ഹാൻടില്‍ കോളേജിലേക്ക് തന്നെ തിരിഞ്ഞു. ഗേറ്റ് വരെ എത്തി. ഉള്ളിലേക്ക് കയറാന്‍ കഴിഞ്ഞില്ല. രവിയുടെ മനസ്സ് അകാരണമായി വിറക്കുന്നുണ്ടായിരുന്നു. ആറു വർഷം മുമ്പൊരു മാർച്ച്  മാസം സുവോളജി അദ്ധ്യാപികയുടെയും കോളേജ്‌ പ്രിന്സിപ്പളിന്റെയും മുന്നില്‍ കുനിഞ്ഞു നിന്ന് വിറച്ച അതേ വിറയിലായിരുന്നു മനസ്സില്‍ .

ആ വിറയിലില്‍ വഴി തിരിഞ്ഞ ജീവിതത്തില്‍ രവി എന്ത് നേടിയെന്നത് ഇന്നും ഒരു ചോദ്യച്ചിഹ്നമായി അവശേഷിക്കുന്നു .

................................................................................................................................

കൃത്യമായി ട്യൂഷന് പോകുമായിരുന്നത് കൊണ്ട് കോളേജ്‌ ജീവിതം പരമാവധി ആഘോഷിക്കാന്‍ തന്നെയായിരുന്നു രവി,ജോയ്,മുഹമ്മദ്‌ എന്നീ മൂന്നംഗ സംഘത്തിന്റെ തീരുമാനം. ട്യൂഷന്‍ സെന്റെറില്‍ പ്രാക്ടിക്കല്‍ ക്ലാസില്‍ കുത്തിക്കീറി പഠിക്കുന്ന പ്രാണികളോടുള്ള കരുണ, രവിയും കൂട്ടരും കോളേജില്‍ കാണിച്ചു. സാഹസികമായിത്തന്നെ ഒരൊറ്റ പ്രാക്ടിക്കല്‍ ക്ലാസിലും അവര്‍ കയറിയില്ല.എന്നാല്‍ യുണിവേഴ്സിറ്റി പരീക്ഷ സമയത്ത് റിക്കോര്ഡുകള്‍ ഹാജരാക്കണമല്ലോ! ഒടുവില്‍ രണ്ട് രാത്രിയും പകലും മമ്മദിന്റെ വീടിന്റെ മച്ചിലിരുന്ന് കരവിരുത് തെളിയിച്ചു തന്നെ മൂവരും  റിക്കോര്ഡുകള്‍ പൂര്ത്തിയാക്കി. അപ്പോഴാണ് മമ്മദിനൊരു മോഹം. സുവോളജി ടീച്ചര്‍ എന്തായാലും ഒപ്പ് തരില്ല . അപ്പോള്‍ പിന്നെ അത് കൂടി ഇട്ടിട്ട് പ്രിന്സികപ്പാളിന്റെ റൂമില്‍ സീല്‍ വെക്കാന്‍ കൊടുക്കാം. അവസാന നിമിഷം റിക്കോര്ഡ് പൂർത്തിയാക്കിയെങ്കിലും ടീച്ചര്‍ ഒപ്പ് തരില്ലെന്ന്‍ രവിക്കും ഉറപ്പായിരുന്നു.

പണി പാളിയത് അവിടെയല്ല. പ്രിന്സികപ്പാളിന്റെ മുന്പില്‍ റിക്കോര്ഡുകള്‍ എല്ലാം എത്തിക്കഴിഞ്ഞ ശേഷം  കണിശക്കാരിയായ  ആ ടീച്ചര്‍ പ്രതികരിച്ചു.

മൂന്നു റിക്കോര്ഡുകളിലും നിലവിലുള്ള ഒപ്പുകളെല്ലാം കള്ളയൊപ്പുകള്‍!

കൂട്ടത്തില്‍ റാങ്ക് സ്വപ്നമായ രവിയുള്ളത് കൊണ്ട് പ്രിന്സി പ്പാളിന്റെ നിർബന്ധപ്രകാരം അവർക്ക്  പ്രാക്ടിക്കല്‍ പരീക്ഷയില്‍ പങ്കെടുക്കാന്‍ അവസരം കൊടുത്തു. എന്നാല്‍ ടീച്ചര്‍ അവരെ വെറുതെ വിട്ടില്ല. പരീക്ഷ ഹാളില്‍ ചെന്ന്‍ എക്സാമിനർക്ക് റിപ്പോർട്ട്     ചെയ്തു . ഫലത്തില്‍  രവിക്കുൾപ്പെടെ   മൂന്നു പേർക്കും   സുവോളജി പ്രാക്ടിക്കലിനു മിനിമം മാർക്ക് . മുഴുവന്‍ മാർക്കും   കിട്ടേണ്ട സ്ഥാനത്ത് അറുപതോളം മാർക്ക്   കുറഞ്ഞതല്ല രവിയെ തളർത്തിയത്. ഒരേയൊരു മാർക്കിനു  അപേക്ഷിച്ചിരുന്ന കോളേജില്‍ നിന്നെല്ലാം രവിക്ക് എം .എസ് .സി ക്ക് അഡ്മിഷന്‍ നഷ്ടമായി. അവിടെ പടിയിറങ്ങിയത് രവിയുടെ സ്വപ്നങ്ങളായിരുന്നു. എം എസ്.സി , പി.എച്ച്. ഡി, ഡോ.രവി ..... എല്ലാം....

പിന്നെ ഒരു വർഷം   മനസ്സിന് വഴങ്ങാത്ത കംപ്യുട്ടര്‍ ഭാഷകൾക്കിടയിൽ  ജീവിതം കളഞ്ഞു. ഒടുവില്‍ അടിഞ്ഞത് അബുദാബി സിറ്റിയിലെ പ്രശസ്തമായ അഹല്യ ഹോസ്പിറ്റലിലായിരുന്നു. അവിടത്തെ റിസപ്ഷനിസ്റ്റായി അയാള്‍ സ്വയം ഒതുങ്ങിക്കൂടി. കണ്ട സ്വപ്നങ്ങളെല്ലാം കേരളത്തിന്റെ മണ്ണിലുപേക്ഷിച്ച് പറക്കുമ്പോള്‍ അയാള്‍ സ്വപ്നങ്ങളെ വെറുത്തിരുന്നു .

..................................................................................................................................

രവി ബൈക്കിന്റെ ഹാൻഡില്‍    വീണ്ടും തിരിച്ചു. ഒരിക്കലും മടുക്കാത്ത കടലിന്റെ സൗന്ദര്യം തേടി. മണലോരത്ത് കടലിന്റെ അഗാധതയിലേക്ക്‌ നോക്കിയിരുന്നപ്പോള്‍ അയാളുടെ ഉള്ളില്‍ നഷ്ടസ്വപ്‌നങ്ങളായിരുന്നില്ല. പകരം, കണിശക്കാരിയായ തന്റെ അനുജത്തി വരദയുടെ മുഖമായിരുന്നു.

അവളുടെ വാശി,പുതിയ കുറേ രവിമാരെക്കൂടി ഈ തലസ്ഥാന നഗരിക്ക് സമ്മാനിക്കുമോ! ചെറുപ്പത്തിന്റെ കുസൃതിത്തരങ്ങൾക്കൊപ്പം  നാടിനു വേണ്ടി ചെയ്തു തീർക്കാന്‍  കൊതിക്കുന്ന നിരവധി സ്വപ്നങ്ങളുടേയും അവകാശി കൂടിയാണവര്‍ എന്ന സത്യം തന്റെ അനുജത്തി അറിഞ്ഞിരുന്നെങ്കി ല്‍ ........

അതവളെ അറിയിക്കാനുള്ള മാർഗ്ഗങ്ങള്‍ തേടി രവിയുടെ മനസ്സ് വീണ്ടും അലഞ്ഞു കൊണ്ടിരുന്നു.



16/6/2010