Thursday 26 December 2013

സാക്ഷിക്ക് - ഒരു സ്മരണിക

" സുഹൃത്തേ,
ഞാൻ മനസിലാക്കുന്നു . നിങ്ങളുടെ കണ്ണുകളിൽ ആകാംക്ഷയും പരിഭ്രമവും നിറഞ്ഞ നിമിഷങ്ങളായിരിക്കും ഇത്.  കാരണം എൻറെ ആത്മബലി കണ്ടു നിന്നതാണ് നിങ്ങൾ . എന്നെ വിശ്വസിച്ച് ഒത്തു ചേരലിനായി വന്ന നിങ്ങളെ ഞാൻ ബഹുമാനിക്കുന്നു . ഇതെൻറെ പ്രതിക്ഷേധമാണ് . പെണ്ണിൻറെ ശരീരത്തെ ക്രൂര മൃഗത്തെപ്പോലെ ആക്രമിച്ച് കീഴടക്കുന്ന ജന സമൂഹത്തോടുള്ള അമർഷമാണ്എൻറെയീ ആത്മഹത്യ . നിങ്ങളോരോരുത്തരും എൻറെ പ്രിയ സുഹൃത്തുകളാണ് . നാം തമ്മിൽ സൗഹൃദമാരംഭിക്കുമ്പോൾ തന്നെ ക്രൂരമായി പീഡിപ്പിക്കപ്പെട്ട ശരീരവും അനീതിക്കെതിരെ ആഞ്ഞടിക്കാൻ വെമ്പൽ കൊള്ളുന്ന മനസ്സുമായിരുന്നു എന്റേത് . ഒരു വർഷം തികയുന്ന ദിവസമാണിത് . വെക്കേഷൻ ആഘോഷിക്കാൻ നാട്ടിലേക്ക് വന്ന എനിക്ക് സ്വന്തം നാട്ടുകാരൻ തന്നെ വിരുന്നൊരുക്കി . മൃഗത്തെ വെടിവെച്ച് വീഴ്ത്താൻ മാത്രം ഊർജ്ജം പിന്നീട് ആര്ജിച്ചെടുത്ത് വ്യത്യസ്തമായ രീതിയിൽ പ്രതികരിക്കുന്നു . തെളിവുകളും, സാക്ഷികളും, കല്ലെറിഞ്ഞു കൊല്ലേണ്ട പ്രതിയേയും ഞാനെൻറെ ഫേസ് ബുക്ക്സൗഹൃദത്തിനു വിട്ടു തരുന്നു . യുവാക്കളായ എൻറെ പ്രിയ സുഹൃത്തുകളെ, നിങ്ങളിലോരോരുത്തരിലും അടങ്ങാത്ത ഊർജ്ജത്തിൻറെ ഉറവിടമുണ്ട്. അത് തിരിച്ചറിയൂ .
 എൻറെ അവസാന അപേക്ഷ ; മാനസിക രോഗികളെ ചികിൽസിപ്പിക്കൂ . വളരുന്ന യുവ തലമുറയെ സ്ത്രീയെ ബഹുമാനിക്കുവാനുള്ള  ബുദ്ധി ഉപദേശിപ്പിൻ ! "


                       ഇതെൻറെ ഇരട്ട സഹോദരി സാക്ഷിയുടെ ആത്മഹത്യാക്കുറിപ്പാണ്. വീണ്ടും പകർത്തിയെഴുതുമ്പോൾ അവൾ എന്നിലേക്ക്പകർന്നു തന്ന ശക്തി ചൊർന്നൊലിക്കാൻ പാടില്ലെന്നതാണ് എൻറെ ആഗ്രഹം . കുറുമ്പുകളും പിണക്കങ്ങളും ഇണക്കങ്ങളുമായി കഴിഞ്ഞു പോയ സ്കൂൾ ജീവിതത്തിനിടക്കെപ്പോഴോ ഞങ്ങൾക്ക് വ്യത്യസ്തമായ ലക്ഷ്യങ്ങൾ കണ്ടെത്താനായി. പത്ര പ്രവർത്തനം സാക്ഷിയുടെയും, നഴ്സിംഗ് എൻറെയും മനസ്സുകളിലേക്ക് ചേക്കേറി. സാക്ഷിയുടെ ചിന്തകളും പ്രവൃത്തികളും എന്നിൽ നിന്നും ഒത്തിരി ഉയരങ്ങളിലായിരുന്നു. ആയിടക്ക്എൻറെ രണ്ടു വൃക്കകളും തകരാറിലായി. അവളുടെ ഒരു വൃക്ക എനിക്ക് ദാനമായി തന്നു കൊണ്ട് എന്നിലവൾശക്തി”യായി. അതെ ,പാതി വഴിയിൽ നിന്ന് പോകേണ്ടിയിരുന്ന  എന്നിലെ ജീവൻ വീണ്ടെടുത്തു തന്നത് അവളായിരുന്നു.

                      സ്കൂൾ കഴിഞ്ഞു സാക്ഷി കൊച്ചിയിലും ഞാൻ ചെന്നൈലുമായാണ് പഠിച്ചിരുന്നത് . അപൂർവ്വമായി മാത്രമേ ഞങ്ങൾക്കൊരുമിച്ച് അവധി ലഭിച്ചിരുന്നുള്ളു. തവണ ഞാൻ വീട്ടിലെത്തി രണ്ടു ദിവസം കഴിഞ്ഞാണ് അവൾക്കു വരാനായത്. അന്നു രാത്രി ഒരുപാട് വൈകിയാണ് സാക്ഷി വീട്ടിലെത്തിയത് . ഉറങ്ങാതെ കാത്തിരുന്ന ഞാൻ അവളുടെ ശരീരത്തിലെ മുറിവുകൾ കണ്ട് നടുങ്ങി . ഒരു നഴ്സിംഗ് വിദ്യാർഥിയായ  എനിക്ക് പെട്ടെന്ന് കാര്യം മനസ്സിലായി . രാത്രി അവൾക്കു വേണ്ട പരിചരണം നൽകാനെനിക്കായി . എന്നെ അത്ഭുതപ്പെടുത്തികൊണ്ടാണ് പിറ്റേന്നു രാവിലെ സാക്ഷി ഉണർന്നെണീച്ചത്. ചെറിയ ഒരു റോഡപകടത്തിൻറെ കഥ മെനഞ്ഞ്  രണ്ടു ദിവസം മാത്രം അസുഖക്കാരിയായി കിടന്നിട്ടു, തുടർന്നുള്ള നാല് ദിവസങ്ങൾ ചിരിച്ചുല്ലസിച്ച് തിരികെ കോളെജിലേക്ക് പോയി . റേപ്പ് ചെയ്യപ്പെട്ട മകളെ അഭിമുഖീകരിക്കേണ്ട അവസരം അവൾ ഞങ്ങളുടെ അമ്മയ്ക്കും അച്ഛനും കൊടുത്തില്ല . അവർ ഒന്നും അറിഞ്ഞതുമില്ല.

                      മൂന്നു  മാസങ്ങൾക്ക് ശേഷം  സാക്ഷിയുടെ  കോഴ്സ്  അവസാനിച്ചു. അമ്മയ്ക്കും  അച്ഛനും  അരികിൽ കുറച്ചു  നാൾ താമസിച്ച  ശേഷം  ജോലിക്ക്  പോകുവാനായിരുന്നു  അവളുടെ  തീരുമാനം.   ഇടക്ക്  ഒരാഴ്ച്ച  അവധി  വാങ്ങി  നാട്ടിലെത്തിയ  ഞാൻ  അവളിൽ ചില  മാറ്റങ്ങൾ  ശ്രദ്ധിച്ചു .
ഏറെ  പ്രിയപെട്ടവരായി  സാക്ഷിക്ക്  ചുരുക്കം  കൂട്ടുകാരെ  ഉണ്ടായിരുന്നുള്ളൂ. അവരെയെല്ലാം  എനിക്ക്  അറിയാമായിരുന്നു . പക്ഷേ   അവളുടെ  സൗഹൃദ വലയം  ഒരുപാട്  വിസ്തൃതം ആയതായി      വരവിൽ  എനിക്ക് തോന്നി . ചില  രാത്രികളിൽ  അവൾ  തീരെ  ഉറങ്ങാതെയി രുന്നു  ചാറ്റ്  ചെയ്യുമായിരുന്നു . ഫേസ് ബുക്കിൽ  പുതിയതായി  തുടങ്ങിയ  അക്കൌണ്ടിൽ  അതി  വേഗം  ആയിരത്തോളം  കൂട്ടുകാരായി . അവരോരുത്തരും  സാക്ഷിയുടെ  പുതിയ  സുഹൃത്തുക്കളായിരുന്നു. ഒരുപാട്  സംസാരിക്കുന്ന  പ്രകൃതക്കാരി യല്ലായിരുന്നു  അവൾ. പക്ഷെ,  ചുരുങ്ങിയ  വാക്കുകൾ കൊണ്ട്  മറ്റുള്ളവരുടെ  മനസ്സ്  കവരുവാനുള്ള  ജാലവിദ്യ  കുട്ടിക്കാലം  മുതലേ ആര്ജിചെടുത്തവളായിരുന്നു.

                       ദിനവും  കുറഞ്ഞത്  ഒരു  പീഡന  കഥകളെങ്കിലും  പത്രത്തിൽ  വാരാറുണ്ട്. അവയൊക്കെ  സാക്ഷി  കൃത്യമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു .

"പെണ്ണിൻറെ  അനുവാദമില്ലാതെ  അവളുടെ  ശരീരത്തിൽ  കൈ  വയ്ക്കുന്നവൻ, ജീവിതത്തിൽ  എത്രയൊക്കെ  നേട്ടങ്ങൾ കൊയ്താലും  അപൂർണ്ണനായി  മരിക്കും."

ഒരിക്കൽ  അവൾ  പറഞ്ഞതോർക്കുന്നു.

ഇടയ്ക്കിടെ  അവൾ    വിഷയത്തെ  പറ്റി ഫോണിലൂടെ  സംസാരിക്കുന്നത് കേൾക്കാം. കുറ്റവാളികളെ  പറ്റിയൊക്കെയുള്ള പൂർണ്ണ വിവരങ്ങൾ  ശേഖരിക്കാനും  തുടങ്ങി. വിചിത്രമായി  തോന്നിയ    മാറ്റങ്ങൾ   എന്നിൽ  ആദ്യമാദ്യം  അത്ഭുതവും  പിന്നീട് ആശങ്കയും  വളർത്തി. മാസങ്ങൾ  മാത്രം  പഴക്കമുള്ള    മുറിവുകൾ   വാർത്തകളിലൂടെ കൂടുതൽ  ആഴമുള്ള  വൃണങ്ങളായി   മാറുകയായിരുന്നു   എന്നവൾ പറഞ്ഞില്ല . പകരം  പത്രപ്രവർത്തകയായി ജോലി  ചെയ്യാനുള്ള  മുന്നൊരുക്കങ്ങൾ  മാത്രമാണവയെന്ന്  എന്നെ  പറഞ്ഞു  വിശ്വസിപ്പിച്ചു .      
         
                  വീണ്ടും  ആറു മാസങ്ങൾക്ക്  ശേഷമാണ്  എനിക്ക്  അടുത്ത  അവധി  കിട്ടിയത്. അപ്പോഴും സാക്ഷി  ജോലിക്ക്  പോയി  തുടങ്ങിയിരുന്നില്ല .പക്ഷെ  അവളിൽ  കുറേ നല്ല  മാറ്റങ്ങൾ  ഞാൻ  കണ്ടു .കൂടുതൽ  സന്തോഷവതിയായിരുന്നു. പല  മേഖലകളിലായി  ജോലി  നോക്കിയിരുന്ന  അവളുടെ  യുവ  സുഹൃത്തുക്കളെ  പറ്റിയുള്ള  വിവരങ്ങൾ  എന്നോടും  പറഞ്ഞു. അവരിൽ ഒരു  കൂട്ടം  ടീച്ചർമാരും ഡോക്റ്റർമാരും വിദ്യാർഥികളും  മനശാസ്ത്ര  വിദഗ്ദ്ധരും  ഒക്കെയുണ്ടായിരുന്നു. സാക്ഷിയുടെ  വാഗ്സാമർദ്ധ്യവും ആത്മാർഥമായ ഫ്രെണ്ട്   ഷിപ്പും  ഒക്കെ  ഇഷ്ടപെട്ടിട്ടാവണം അവളുമായി  ഇടക്കെങ്കിലും സംസാരിക്കാൻ  അവരൊക്കെ  സമയം  കണ്ടെത്തിയിരുന്നു. ചുരുക്കത്തിൽ  പഠനം  പൂർത്തിയാക്കി ഒരു  വർഷക്കാലത്തോളം മുഴുവൻ  സമയവും  സാക്ഷി  ബന്ധങ്ങൾ  സൃഷ്ടിക്കുവാനും  അവയിലെ  വിശ്വാസ്യത  നില  നിർത്തുവാനുമായി  വിനിയോഗിച്ചു .

                     മരിക്കുന്നതിനു  ഒരാഴ്ച്ച  മുമ്പ്  കാറുമായി  പുറത്ത്  പോയിട്ടവൾ വീട്ടിലേക്ക്  വന്നില്ല . രാത്രി ഒത്തിരി വട്ടം ഫോണിൽ വിളിച്ചിട്ട് അവൾ സംസാരിച്ചതുമില്ല. ഒടുവിൽ സരസ്വതി ടീച്ചർ മരിച്ചു പോയി എന്ന വിവരം പറഞ്ഞ് ഒരു എസ്.എം .എസ് മാത്രം അയച്ചു. അത് ശരിയായിരുന്നു. എട്ടാം ക്ലാസിലെ ഞങ്ങളുടെ ക്ലാസ് ടീച്ചർ സരസ്വതി ടീച്ചറായിരുന്നു . സാക്ഷിക്ക് ഒരുപാട് ഇഷ്ടമുള്ള ഞങ്ങളുടെ സ്വന്തം ടീച്ചർ. അവൾക്കു ഒരപകടവും ഇല്ലെന്നറിഞ്ഞിട്ടും എനിക്ക് അന്ന് രാത്രി ഉറങ്ങാനേ കഴിഞ്ഞില്ല. പിറ്റേന്നു രാവിലെ തന്നെ അവൾ വീട്ടിൽ തിരിച്ചെത്തി . യാത്ര ക്ഷീണമൊന്നും പകൽ ഞാനവളിൽ കണ്ടില്ല . അന്ന് രാത്രി മുഴുവൻ സാക്ഷിയുടെ മുറിയിൽ വെളിച്ചമുണ്ടായിരുന്നു . പ്രിൻറ്ററിന്റെ ശബ്ദവും തുടർച്ചയായി കേട്ടു കൊണ്ടിരുന്നു. തലേന്ന് രാത്രി അവളെയോർത്ത് ഉറങ്ങാതിരുന്നത് കൊണ്ട് എനിക്ക് നല്ല ക്ഷീണമുണ്ടായിരുന്നു . ഞാൻ രാത്രി അവളുടെ മുറിയിലേക്ക് പോകാനും മിനക്കെട്ടില്ല .

                 അവൾ മരിക്കുന്നതിന്റെ തലേ ദിവസം എന്റെ ലീവ് അവസാനിച്ചു.  പക്ഷെ എന്നെ പോകാനവൾ അനുവദിച്ചില്ല . അടുത്ത ദിവസം സാക്ഷി തൻറെ പത്ര പ്രവർത്തനം ആരംഭിക്കുകയാണ്. ആയിരത്തി അഞ്ഞൂറോളം വരുന്ന അവളുടെ പുതിയ കൂട്ടുകാരെയെല്ലാം സൂര്യ കൃഷ്ണ ഓഡിറ്റോറിയത്തിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. അവളുടെ പരിപാടി എന്താണെന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല.

                  ക്ഷണം സ്വീകരിച്ചെത്തിയ എല്ലാവരെയും പ്രസന്ന വദനയായി തന്നെ അവൾ പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. ശേഷം അവൾക്ക് കൂടുതൽ അടുപ്പമുള്ള ഇരുപതു കൂട്ടുകാരുടെ കൈകളിൽ നൂറു വീതം കത്തുകൾ കൊടുത്തു. പത്തു മിനിട്ടുകൾ കൊണ്ട് അവയോരോന്നും എല്ലാവരിലുമെത്തി .

"ഇത് സാക്ഷിയെ വിശ്വസിക്കുന്നവർക്കായുള്ളതാണ്. സമയമാകും വരെ ഇത് ദയവായി തുറക്കാതിരിക്കുക "

ഇങ്ങനെ എല്ലാ കവറുകൾക്കും പുറത്ത് എഴുതിയിരുന്നു. വലിയ കൂട്ടത്തിനിടക്ക് ഒരാൾക്ക് പോലും അവളുടെ നിർദ്ദേശം അവഗണിച്ച്  കവർ പൊട്ടിച്ചു നോക്കാൻ തോന്നിയില്ലല്ലോ! അതോർക്കുമ്പോൾ ഇന്നും എനിക്ക് അത്ഭുതം തോന്നുന്നു.

    ശേഷം സാക്ഷി എല്ലാവരെയും അഭിമുഖീകരിച്ചു നിന്നു. എന്നിട്ട് എന്നെ അരികിലേക്ക് ചേർത്ത് നിർത്തിയിട്ട് പറഞ്ഞു.


"ഇത് ശക്തി.എൻറെ സഹോദരി . ഇവളേയും നിങ്ങൾക്കൊപ്പം കൂട്ടുക.”

               മൈക്ക് സ്റ്റാൻഡിൽ വെച്ച് ജ്വലിക്കുന്ന കണ്ണുകളോടെ അവൾ സ്വന്തം കൈലിരുന്ന  എന്തോ   ഒരു ചെറിയ   വസ്തു  വായിലേക്കിട്ടു. അത്  സൈനേഡ് ആയിരുന്നുവെന്ന്  പോസ്റ്റുമാർട്ടം റിപ്പോർട്ടിലൂടെ ഞങ്ങൾ ഉറപ്പിച്ചുഅവളെ വിശ്വസിച്ച,സ്നേഹിച്ച  സൗഹൃദം ഇഷ്ടപെട്ടിരുന്നവരെല്ലാം രംഗം കണ്ട് നടുങ്ങി .അവരിൽ ഓരോരുത്തരിലും ഇരുന്നത് സാക്ഷിയുടെ ആത്മഹത്യക്കുറിപ്പായിരുന്നു. ശേഷം അവൾക്കു വേണ്ടി സംസാരിക്കാൻ ആയിരങ്ങളുണ്ടായിരുന്നു. അവരൊരുമിച്ച് സാക്ഷി നിമിത്തം ചെയ്ത പല നല്ല പ്രവൃത്തികൾക്കുമുള്ള  നന്ദി സൂചകമായാണ് അനുഭവകഥ .

                   ജയിലിൽ കഴിയുന്ന കുറ്റവാളികളിൽ കുറെയേറെപ്പേരെ അവരിൽ ചിലർ ചേർന്ന് സത്മാർഗത്തിലാക്കി, എഴുതാൻ വശമുള്ള പലരും സാക്ഷിയേയും അവൾ ഉദ്ദേശിച്ച പരിവർത്തനങ്ങളെയും പറ്റിയെഴുതി, സ്കൂളുകളിൽ വിദ്യാർത്ഥികൾക്കായി സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണം എന്ന വിഷയത്തിൽ ഒട്ടേറെ ക്ലാസുകൾ സംഘടിപ്പിച്ചു . വളരുന്ന യുവ തലമുറയുടെ മസ്തിഷ്ഘത്തിൽ നല്ല ചിന്തകൾ വളർത്താനുള്ള അവരുടെ ശ്രമം പാഴായില്ല. സ്കൂൾ സിലബസ്സിൽ പോലും ചില മാറ്റങ്ങളുണ്ടാക്കാൻ അവളുണ്ടാക്കിയെടുത്ത വലിയ കൂട്ടായ്മയിലെ കരുത്തേറിയ ശക്തിക്ക് കഴിഞ്ഞു . അങ്ങനെ രോഗിയെയല്ല രോഗത്തെ ചികിത്സിക്കാൻ  പലരും തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. പെണ്ണിൻറെ ശരീരത്തെ നോക്കി അതിനെ കീഴടക്കാൻ ശ്രമിക്കുന്ന/ആഗ്രഹിക്കുന്ന ഒരാൾക്കെങ്കിലും മാനസാന്ദ്ര മുണ്ടായിട്ടുണ്ടെങ്കിൽ അതായിരുന്നിരിക്കണം സാക്ഷിയുടെ ലക്ഷ്യം.

                 അവൾക്കൊപ്പം ഞങ്ങളുടെ അമ്മയിലൂടെ ഈ ലോകത്ത് ജനിച്ചത് എൻറെ ഭാഗ്യം. എങ്കിലും “സാക്ഷി” എന്ന എൻറെ ശക്തിയെ എന്നെന്നേക്കുമായി നഷ്ടമായെന്ന സത്യം ഇടനെഞ്ചിൽ നീറുന്ന നൊമ്പരമായി അന്നുമിന്നുമെന്നും അവശേഷിക്കും. ഞാൻ ആ വാക്കുകൾ കടമെടുക്കാം.


"പ്രിയ സുഹൃത്തുക്കളേ 

നിങ്ങളിലോരോരുത്തരിലും 

അടങ്ങാത്ത ഊർജ്ജത്തിൻറെ ഉറവിടമുണ്ട്. 

അത് തിരിച്ചറിയൂ .."