Thursday 3 July 2014

മാനവീയം

അഞ്ചു മണിക്കു തന്നെ ജോലി തീര്‍ത്തിറങ്ങണമെന്നാണ് കരുതിയത്. അവസാന നിമിഷം ഒരമ്മാവന്‍ കേള്‍വി പരിശോധനയ്ക്കായി വന്നിട്ടില്ലായിരുന്നുവെങ്കില്‍ ഇന്നത്തെ പരിപാടിയ്ക്ക് കൃത്യ സമയത്തു തന്നെ എനിക്കെത്താന്‍ കഴിയുമായിരുന്നു . ഉച്ച കഴിഞ്ഞാണ് ഫോണില്‍ അന്‍വറിന്‍റെ  സന്ദേശമെത്തിയത്.
"Don't forget to come Neel Hall at 6 o'clock"
ആറു മണിക്കു നീല്‍ ഹോളില്‍ എത്താന്‍ മറക്കരുതെന്ന ആ സന്ദേശം ഗ്രെയ്സി ടീച്ചര്‍ക്ക് ഫോര്‍വേര്‍ഡ് ചെയ്തു കൊടുത്തതേതായാലും നന്നായി. ടീച്ചര്‍ കൃത്യ സമയത്തു തന്നെ അവന്‍റെ പരിപാടി കാണാന്‍ പോയിട്ടുണ്ടാകുമെന്ന് എനിക്കുറപ്പായിരുന്നു.                                 
ജോലി കഴിഞ്ഞിറങ്ങി നേരെ നീല്‍ ഹോളിലേക്ക്‌ പാഞ്ഞു ചെന്നു. ഓഡിറ്റോറിയം നിറയെ ആളുകളുണ്ടായിരുന്നു. ഒരു കസേര പോലും ഒഴിവില്ല. ഹോളില്‍ നിന്നും പുറത്തേയ്ക്കിറങ്ങാനും ഉള്ളിലേക്ക് കയറുവാനും ഇരു വശങ്ങളിലുമായി ആറു വാതിലുകളുണ്ട്. അതില്‍ വലതു വശത്തെ ഏറ്റവും മുന്നിലുള്ള വാതിലിനോട് ചേര്‍ന്ന് ഞാനും നിലയുറപ്പിച്ചു. സ്റ്റേജില്‍ കര്‍ട്ടണ്‍ താഴ്ന്നു കിടക്കുന്നു. സദസ്സിലേക്ക് ദൃഷ്ടി പായിച്ചെങ്കിലും പ്രതീക്ഷിച്ചവരെയാരെയും കണ്ടില്ല. അവസാന പരിപാടി തുടങ്ങുകയാണെന്നുള്ള അറിയിപ്പിനു 
ശേഷം കര്‍ട്ടണ്‍ ഉയര്‍ന്നു. മൈക്കിള്‍ ജാക്സന്‍റെ വേഷത്തിലുള്ള അന്‍വറിനെ സ്റ്റേജില്‍ കണ്ടതും എന്റെ ഹൃദയമിടിപ്പിന്റെ വേഗത കൂടി.

നൃത്താസ്വാദകരായ സദസ്സിനെയാകമാനം ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു കൊണ്ടായിരുന്നു അത് അവസാനിച്ചത്. ശേഷം താഴ്ന്നു വീഴുന്ന കര്‍ട്ടനിടയിലൂടെ ഊര്‍ന്നിറങ്ങി , സ്റ്റേജില്‍ നിന്നും സദസ്സിലേക്കിറങ്ങാനുള്ള പടികളിലൂടെ അന്‍വര്‍ എന്‍റെ അരികിലേക്ക് ഓടി വന്നു .ഒട്ടും പ്രതീക്ഷിക്കാതെ അന്‍വര്‍ സദസ്സിലേക്കിറങ്ങിയത്‌ കണ്ട് കാണികളും മാധ്യമ പ്രവര്‍ത്തകരും അവന്‍റെ പിന്നാലെ കൂടി. ക്യാമറാ ഫ്ലാഷുകള്‍ മിന്നി മായുന്നതിനിടയില്‍ അവരെയെല്ലാം തള്ളി മാറ്റി എന്‍റെ അരികിലെത്തിയ അന്‍വര്‍ സന്തോഷം കൊണ്ട് എന്നെ ആലിംഗനം ചെയ്തു. കാണികളുടെ ഉള്ളിലെ ആവേശം ഒരു വേള അത്ഭുതമായി പരിണമിക്കുന്നത് ഞാനറിഞ്ഞു.

സ്വാഭാവികമായും പത്ര പ്രവര്‍ത്തകരുടെ ചോദ്യം ഞാനാരാണെന്നും 'അന്‍വര്‍' എന്ന ഈ പ്രതിഭയുമായി എനിക്കുള്ള ബന്ധം എന്താണെന്നുമായിരിക്കുമല്ലോ ! ഒളിക്കേണ്ടവ ഒളിച്ചും തെളിക്കേണ്ടവ തെളിച്ചും ഞാനവരുടെ ചോദ്യശരങ്ങളെ നേരിട്ടു. അതിനു ശേഷമാണ് ഗ്രെയ്സി ടീച്ചറുടെ മുഖം കണ്ണിലുടക്കിയത്. ഒരന്യയെപ്പോലെ പരിപാടികള്‍ കണ്ട് അന്‍വറിനെ മനസ്സാ ആശംസിച്ച് ടീച്ചര്‍ മടങ്ങുന്നത് ഞാന്‍ നോക്കി നിന്നു.ശേഷം അവന്‍റെ ഉമ്മയ്ക്കും കുഞ്ഞനുജത്തിക്കുമൊപ്പം സന്തോഷ നിമിഷങ്ങള്‍ പങ്കു വെച്ച് എന്‍റെ തിരക്കുകളിലേക്ക് ഞാനും ഊളിയിട്ടു .

അന്ന് ഒത്തിരി വൈകിയാണ് വീടെത്തിയത്. ഓര്‍മ്മയുടെ പുസ്തകം പുറകിലേക്ക് മറിച്ചു നോക്കി, ചിലത് കുറിച്ചിടുവാന്‍ ഏതോ അദൃശ്യ ശക്തി ആവശ്യപ്പെടുന്നു.

വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു വൈകുന്നേരം തിരക്കു പിടിച്ചു പ്രൈവറ്റ് ക്ലിനിക്കിലെ ജോലി തീര്‍ത്ത് ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് ഗ്രെയ്സി ടീച്ചര്‍ അവിടേയ്ക്ക് വരുന്നത്. ഗ്രെയ്സി ടീച്ചറുടെ ഭര്‍ത്താവ് റാഹേല്‍ മാഷ്‌ നാട്ടിലെ കറ തീര്‍ന്ന ആദര്‍ശ ശാലിയും, നാടിനും നാട്ടുകാര്‍ക്കും വേണ്ടി നിരവധി സംരംഭങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ചിരുന്ന നേതാവും ഒപ്പം കുട്ടികള്‍ക്ക് വിദ്യയുടെ അമൃത് പകര്‍ന്നു കൊടുത്ത തികഞ്ഞ അദ്ധ്യാപകനുമായിരുന്നു. അദ്ദേഹത്തിന്‍റെ മരണ ശേഷം ഞാന്‍ ടീച്ചറിനെ കണ്ടിരുന്നില്ല.മൃതദേഹം മെഡിക്കല്‍ കോളേജിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ വിട്ടു കൊടുത്തതിന്‍റെ പേരില്‍ മക്കള്‍ നടത്തിയ കോലാഹലങ്ങളും മറ്റും അറിഞ്ഞിരുന്നു . റാഹേല്‍- ഗ്രെയ്സി ദമ്പതികള്‍ക്ക് അപമാനമായി പിറന്നവരാണ് ഡോ. എബ്രഹാം, പ്രൊഫെ. ലിസ്സ എന്നിവരെന്ന് പോലും എനിക്ക് തോന്നിപ്പോയിരുന്നു. റാഹേല്‍ മാഷ്‌ ഞങ്ങള്‍ കുട്ടികള്‍ക്ക് എന്നും നന്മ മാത്രമേ പറഞ്ഞു പഠിപ്പിച്ചിരുന്നുള്ളൂ. മരണ ശേഷം ഒരു വലിയ ജനാവലിയുടെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്‍റെ ശരീരം കൈ മാറുമ്പോള്‍, അത് മക്കളുടെ മഹാമനസ്കതയെന്നാണ് ലോകം വാഴ്ത്തിയത്. പക്ഷേ സത്യം അതായിരുന്നില്ല.

"മോള്‍ക്കറിയില്ലേ ജീവിച്ചിരുന്നപ്പോള്‍ മാഷ്‌ ചെയ്ത കാര്യങ്ങളൊക്കെയും . അവസാന സമയത്ത് മോളുടെ മാഷിന്‍റെ ആഗ്രഹം ഇതായിരുന്നില്ല. മസ്തിഷ്ക മരണം സംഭവിച്ചാല്‍ ശരീരത്തിലെ ഒന്‍പത് അവയവങ്ങള്‍ ദാനം ചെയ്യാനാകും. എന്നാല്‍ സ്വാഭാവിക മരണമാണെങ്കില്‍ കണ്ണും ഹൃദയത്തിന്‍റെ വാല്‍വും മാത്രമേ ദാനം ചെയ്യാന്‍ കഴിയുകയുള്ളൂ. മരണം ഏത് രീതിയിലായാലും അതിനനുസരിച്ച് തന്‍റെ അവയവങ്ങള്‍ ദാനം ചെയ്യണമെന്നും,ശരീരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കുട്ടികള്‍ക്ക് പഠനത്തിനായി വിട്ടു കൊടുക്കണമെന്നുമാണ് ഇച്ചായന്‍ എന്നെപ്പറഞ്ഞേല്‍പ്പിച്ചിരുന്നത്."
ടീച്ചര്‍ തെല്ലിട മൗനത്തിനു ശേഷം തുടര്‍ന്നു.
എന്‍റെ ഇച്ചായന്‍ ഹൃദയ സ്തംഭനം മൂലം മരിച്ചു കിടക്കുമ്പോള്‍ ..... ആ വേദനയ്ക്കിടയിലും ഞാന്‍ മക്കളോട് അദ്ദേഹത്തിന്‍റെ ആഗ്രഹം പറഞ്ഞു ധരിപ്പിച്ചു. അവര്‍ ചെയ്തതോ... ? ലക്ഷങ്ങള്‍ കൊടുത്ത് മെഡിസിന്‍ സീറ്റ് വാങ്ങുന്ന,ആതുര സേവനം എന്നത്,തങ്ങള്‍ ഫീസായി അടച്ച കോടികള്‍ തിരിച്ചു പിടിക്കാനുള്ള ഉപാധിയായി മാത്രം കാണുന്ന ഒരു കൂട്ടം ആതുര കച്ചവടക്കാരെ വാര്‍ത്തെടുക്കുന്ന സ്വകാര്യ മെഡിക്കല്‍ കോളേജിന് ആ ശരീരം കൈ മാറി . . ജീവിച്ചിരുന്നപ്പോള്‍ എന്‍റെ മാഷ്‌ ഒരിക്കല്‍ പോലും ഈ പറയുന്ന സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പോയിട്ടില്ല. മരുന്ന് കുത്തി വെച്ച് രോഗികളെ സൃഷ്ടിക്കുന്ന ക്രൂരന്മാരുടെ കൈകളിലേക്ക് തന്നെ എന്‍റെ മാഷിന്‍റെ ശരീരം പോയി ...."

"സാരമില്ല ടീച്ചറേ നമുക്ക് എന്നെന്നേക്കുമായി മാഷിനെ നഷ്ടമായി.അത് മാത്രം ഉള്‍ക്കൊള്ളൂ.അതിനല്ലേ നമുക്കിനി സാധിയ്ക്കുള്ളൂ...സമാധാനിപ്പിക്കാനെന്നോണം ഞാന്‍ പറഞ്ഞു.

"മോള്‍ക്കറിയില്ലേ എന്‍റെ മോന്‍ എബ്രഹാം ആ സ്വകാര്യ മെഡിക്കല്‍ കോളേജിലെ ഡോക്ട്ടറാണ്.അവിടത്തെ എം. ഡി . വിളിച്ചു പറഞ്ഞിട്ടാണ് ച്ചായന്‍റെ ശരീരം അവര്‍ക്ക് കൊടുത്തത്. എനിക്കപ്പോള്‍ പ്രതികരിക്കാന്‍ കഴിഞ്ഞില്ല. മാധ്യമങ്ങള്‍ ആ അവസ്ഥ മുതലെടുത്തു. ഡോ. എബ്രഹാം അയാളുടെ അപ്പച്ചന്‍റെ ശരീരം താന്‍ ജോലി ചെയ്യുന്ന ആശുപത്രിയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി ദാനം കൊടുത്ത് മഹാനായി . അവിടെ റാഹേല്‍ മാഷ്‌ എന്ന വ്യക്തിയുടെ അന്ത്യാഭിലാഷത്തിന് യാതൊരു പ്രസക്തിയുമില്ല."

അതേ, ടീച്ചര്‍ പറഞ്ഞതെല്ലാം ശരിയാണ്. കൂടാതെ മക്കള്‍ അവയവദാനം എന്ന അദ്ദേഹത്തിന്‍റെ ആഗ്രഹം പരിഗണിച്ചത് പോലുമില്ലായിരുന്നു. ഹാന്‍ഡ്‌ ബാഗില്‍ നിന്നുമൊരു പൊതി വെളിയിലെടുത്തു കൊണ്ട് ടീച്ചര്‍ എന്നോടായി ചോദിച്ചു.

ച്ചായന് അവസാന കാലത്ത് കേള്‍വിക്കുറവുണ്ടായിരുന്ന കാര്യം മോള്‍ക്ക് അറിയായിരുന്നോ?"

"അതെ. കുഞ്ഞാങ്ങള അമേരിക്കയില്‍ നിന്നും വന്നപ്പോള്‍ രണ്ടു ശ്രവണ സഹായികള്‍ കൊണ്ടു വന്നു കൊടുത്ത കാര്യം മാഷ്‌ ഒരിക്കലെന്നോട് പറഞ്ഞിരുന്നു ."

കൈലിരുന്ന പൊതി മേശപ്പുറത്ത് വച്ചിട്ട് ടീച്ചര്‍ പറഞ്ഞു.                                                                               
"അതെ,ആ ശ്രവണ സഹായികള്‍ ഇതാണ്. മോള്‍ ഇതൊന്നു പരോശോധിക്കൂ. പ്രവര്‍ത്തിക്കുന്നുണ്ടോ എന്നൊന്നും നോക്കാന്‍ എനിക്കറിയില്ല."
ഞാന്‍ വിശദമായി പരിശോധിച്ചു. ഇന്ത്യന്‍ വില ഒന്നര ലക്ഷം രൂപയോളം വിലയുള്ള രണ്ടു ശ്രവണ സഹായികള്‍.കേടുപാടുകളൊന്നും തന്നെയില്ല. ടീച്ചര്‍ക്ക് കേള്‍വിക്കുറവിന്‍റെ ലക്ഷണങ്ങളൊന്നും കാണുന്നുമില്ല.

"ഇത് നല്ല ശ്രവണ സഹായിയാണല്ലോ! എന്താ ടീച്ചര്‍ ഇതിവിടെ.....?"

"എന്‍റെ ച്ചായന്‍റെ പെട്ടിയില്‍ സൂക്ഷിച്ചിരുന്നതാ. ആങ്ങള വലിയ വില കൊടുത്ത് വാങ്ങിക്കൊണ്ട് കൊടുത്തതായിരുന്നു. പാവത്തിന് ഇതിലൂടെ അധിക നാള്‍ കേള്‍ക്കാനൊന്നും ഭാഗ്യമുണ്ടായില്ല. എനിക്ക് ഒരാഗ്രഹമുണ്ട്.മോള്‍ ഈ ശ്രവണ സഹായികള്‍ വാങ്ങണം. എന്നിട്ട് ഏറ്റവും അര്‍ഹതപ്പെട്ട കരങ്ങളില്‍ ഇതെത്തിക്കണം. അതായത് ഇത്തരം ഒരു യന്ത്രത്തിന്‍റെ അത്യാവശ്യമുള്ള ഒരു കുഞ്ഞിനായാല്‍ സന്തോഷം. ച്ചായനു വേണ്ടി ഇതെങ്കിലും എനിക്ക് ചെയ്യണം. ച്ചായന്‍റെ ഈ യന്ത്രത്തിലൂടെ ഒരു കുഞ്ഞിനു കേള്‍വി സാധ്യമായാല്‍... അത് നല്ല കാര്യമല്ലേ മോളേ...?"

ആ ആഗ്രഹം എന്നില്‍ കൗതുകമുണര്‍ത്തി . ഈ ശ്രവണ സഹായികള്‍ അര്‍ഹതപ്പെട്ട കരങ്ങളില്‍ എത്തിക്കുകയെന്നത് അത്ര പ്രയാസമുള്ള കാര്യമായിരുന്നില്ല. എന്നാല്‍ ഒന്നോ രണ്ടോ വയസ്സു വരെ കേള്‍വി എന്തെന്ന് പോലും അറിയാത്ത ഒരു കുഞ്ഞിനു ഈ ശ്രവണ സഹായി വെച്ചതു കൊണ്ടു മാത്രം ഒരിക്കലും അവന്‍റെ/ അവളുടെ ജീവിതത്തിനു മാറ്റം വരില്ല. അത്യാവശ്യം വേണ്ട മറ്റൊരു കാര്യമാണ് ശ്രവണ സഹായി വഴി കേള്‍ക്കാന്‍ പഠിപ്പിക്കുന്ന പരിശീലനം. പല തരത്തിലുള്ള ശബ്ദങ്ങള്‍ , സംസാര ഭാഷ ഇവയൊക്കെ കുഞ്ഞ് ശ്രവണ സഹായി വഴി കേട്ട് മനസ്സിലാക്കിയാല്‍ മാത്രമേ കുഞ്ഞിന്‍റെ സംസാര ഭാഷയിലും വളര്‍ച്ച ഉണ്ടാകുകയുള്ളൂ.ആത്യന്തികമായി നമ്മുടെ ആഗ്രഹവും അത് തന്നെയാണല്ലോ.

നാം കണ്ടെത്തുന്ന കുട്ടിക്ക് പരിശീലനം കിട്ടേണ്ടത് അത്യാവശ്യമാണെന്നും ശ്രവണ സഹായിയുടെ ബാറ്ററി ഇടയ്ക്കിടെ മാറ്റി ഇടണമെന്നും ഇതിനു രണ്ടിനും പണച്ചെലവുണ്ടാകുമെന്നുമെല്ലാം ഞാന്‍ ടീച്ചറെ വിശദമായി പറഞ്ഞു ധരിപ്പിച്ചു. നാം ഈ ശ്രവണ സഹായികള്‍ കൊടുത്തതു കൊണ്ടു മാത്രം കാര്യമില്ലല്ലോ. അതവര്‍ക്ക് ഉപകാരപ്പെടുകയും വേണം. പരിശീലനം ലഭിക്കാതെ പോയാല്‍ പിന്നെ ഇതുകൊണ്ടു ആ കുഞ്ഞിനു യാതൊരു ഉപയോഗവുമില്ലല്ലോ. ഞാന്‍ പറഞ്ഞതിന്‍റെ പൊരുള്‍ കുറെയൊക്കെ ടീച്ചര്‍ മനസ്സിലാക്കി.

"സാരമില്ല. നമുക്ക് വേണ്ടത് ചെയ്യാം. മോള്‍ എത്രയും പെട്ടെന്ന് കുഞ്ഞിനെ കണ്ടെത്തണം."

ഞാന്‍ പരമാവധി ശ്രമിക്കാം എന്നറിയിച്ചത് പ്രകാരം അവര്‍ പോയി. അധികം വൈകാതെ അന്‍വര്‍ മുഹമ്മദ്‌ എന്ന രണ്ടു വയസ്സുകാരന്‍റെ നിരാലംബയായ ഉമ്മ എന്നെ തേടി വന്നു. രണ്ടു വയസായിട്ടും അന്‍വര്‍ "ഉമ്മ" എന്നു പോലും വിളിച്ചിരുന്നില്ല. "ചില കുട്ടികള്‍ വൈകിയേ സംസാരിക്കൂ" എന്ന ചില നാട്ടു മൂപ്പത്തികളുടെ വാക്ക് കേട്ട് അവര്‍ സമാധാനിച്ചിരുന്നു. എന്നാല്‍ അടുക്കളയില്‍ പാത്രം വീഴുന്ന വലിയ ഒച്ച കേട്ടിട്ടും കുഞ്ഞു തിരിഞ്ഞു നോക്കാഞ്ഞപ്പോള്‍ കേള്‍വിക്കുറവ് സംശയിക്കാന്‍ തുടങ്ങി. അങ്ങനെ അന്‍വര്‍ എന്‍റെ അരികില്‍ എത്തിക്കപ്പെട്ടു. രണ്ടു ചെവികളിലും തൊണ്ണൂറ് ശതമാനത്തിലേറെ കേള്‍വിക്കുറവുള്ള കുട്ടികളുടെ പരിശോധനാ ഫലം രക്ഷിതാക്കളെ അറിയിക്കുന്ന സമയം എന്റെ നെഞ്ചിനും എന്തോ ഭാരം പോലെ തോന്നിയിരുന്നു . ആ ഭാരം അന്‍വറിന്റെ ഉമ്മയ്ക്ക് പകര്‍ന്നു കൊടുത്തു കഴിഞ്ഞപ്പോള്‍, അവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അറിഞ്ഞ മനസ് കൂടുതല്‍ വേദനിച്ചു. ഒരു പരീക്ഷണമെന്നോണം, ഗ്രെയ്സി ടീച്ചര്‍ എന്നെ ഏല്‍പ്പിച്ച ശ്രവണ സഹായികള്‍ അന്‍വറിന്റെ ചെവികളില്‍ വെച്ച് പരിശോധന നടത്തി. ചെറിയ ശബ്ദങ്ങള്‍ക്കു പോലും അവന്‍ പ്രതികരിച്ചപ്പോള്‍ അവന്‍റെ ഉമ്മ ആ യന്ത്രത്തില്‍ തന്നെ നോക്കി നെടുവീര്‍പ്പെടുന്നുണ്ടായിരുന്നു. ഒരിക്കലും തനിക്ക് ഇതുപോലോരെണ്ണം കുഞ്ഞിനു വേണ്ടി സ്വരൂപിക്കാന്‍ കഴിയില്ലെന്ന് ആത്മഗതം പറഞ്ഞു കൊണ്ടുള്ള നെടുവീര്‍പ്പായിരുന്നിരിക്കുമത്.

എല്ലാം പെട്ടെന്ന് നടന്നു. ഗ്രെയ്സി  ടീച്ചറിനെ വിളിച്ചു കാര്യം പറഞ്ഞു. അന്ന് വൈകിട്ട് തന്നെ ടീച്ചര്‍ എന്നെ കാണാനായി വന്നു. അവരുടെ അവസ്ഥ കേട്ട് കുറച്ചു സമയം ചിന്തിച്ചിട്ട് ടീച്ചര്‍ എന്നോട് ചോദിച്ചു.
"അപ്പോള്‍ ആ കുഞ്ഞിനു ഇനി വേണ്ടത് പരിശീലനമാണ് അല്ലേ മോളേ? അത് ഇവിടെത്തന്നെ കൊടുക്കാനാകുമല്ലോ അല്ലേ ?"

എനിക്കതിനു കഴിയുമായിരുന്നു.എന്നാല്‍ ആ സ്വകാര്യ ക്ലിനിക്കിലെ വെറും ജോലിക്കാരി മാത്രമായ എനിക്ക് ഫീസ്‌ ഇനത്തില്‍ അവര്‍ക്ക് ചെയ്തു കൊടുക്കാന്‍ കഴിയുന്ന സഹായത്തിനു പരിമിതിയുണ്ടായിരുന്നു. കാര്യങ്ങളൊക്കെ വിശദമായി ചോദിച്ചറിഞ്ഞ് ടീച്ചര്‍ പറഞ്ഞു.

അച്ചായന്‍റെ പെന്‍ഷന്‍ തുകയില്‍ ഒതുങ്ങുന്ന ചെലവുകളല്ലേയുള്ളൂ. ധൈര്യമായിരിക്കാന്‍ അവരോട് പറയൂ. മോള് വേണം അവര്‍ക്ക് ധൈര്യം കൊടുക്കാന്‍."

പുറമേ നിന്നും എന്ത് സഹായം ലഭിച്ചാലും അവനു വേണ്ടിയിരുന്നത് വീട്ടില്‍ ഓരോ ശബ്ദങ്ങളായി പരിചയപ്പെടുത്തിക്കൊടുക്കാന്‍, ഒരുപാട് സമയം സംസാരിക്കാന്‍.... ഒക്കെ ഒരാളായിരുന്നു. എല്ലാ അര്‍ത്ഥത്തിലും കാര്യങ്ങള്‍ ഗ്രഹിക്കാനും അത് പ്രാവര്‍ത്തികമാക്കാനും അവന്‍റെ ഉമ്മയ്ക്ക് കഴിവ് വന്നപ്പോള്‍ തൊട്ട് അവനില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. അത് ഞങ്ങളില്‍ വല്ലാത്ത സന്തോഷം നിറച്ചു.
അന്‍വര്‍ ഞങ്ങളുടെ മുന്നില്‍ വളരാന്‍ തുടങ്ങി. കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കാനും പാട്ടുകള്‍ കേള്‍ക്കാനുമൊക്കെ തുടങ്ങി. താളമനുസരിച്ച് ചുവടുകള്‍ വയ്ക്കാന്‍ തുടങ്ങിയ അന്‍വറിലെ പ്രതിഭയെ കണ്ടെത്താനും അധികം വൈകിയില്ല.ഇന്ന് പത്തു വയസ്സുകാരന്‍ അന്‍വര്‍ മുഹമ്മദ്‌ സദസ് കീഴടക്കിയപ്പോള്‍, അവന്‍ കേള്‍വിക്കുറവിനെ അതി ജീവിച്ച കഥകള്‍ ഞാന്‍ മറ്റുള്ളവരോട് പറഞ്ഞു. അതില്‍ ഒളിക്കേണ്ടവ ഒളിച്ചു.തെളിക്കേണ്ടവ തെളിച്ചു. കാരണം ഒരിക്കലും അന്‍വറിനെ മുഖാമുഖം കാണാനോ സംസാരിക്കാനോ ഗ്രെയ്സി ടീച്ചര്‍ തയ്യാറായിരുന്നില്ല.
"എന്‍റെ ച്ചായന്‍ ചെയ്ത പ്രവര്‍ത്തികളുമായി തട്ടിച്ചു നോക്കിയാല്‍ ഞാന്‍ ഈ ചെയ്തതൊന്നും പുണ്യ പ്രവൃത്തിയല്ല . തന്‍റെ മരണ ശേഷം ആ ശരീരം പോലും മറ്റുള്ള ജീവിതങ്ങള്‍ക്കായി സമര്‍പ്പിക്കാനാഗ്രഹിച്ച അദ്ദേഹത്തിനു വേണ്ടി , ആ ശ്രവണ സഹായികള്‍ കൊണ്ട് ഒരു ജീവിതം മെച്ചപ്പെടുത്താന്‍ നിമിത്തമാകുക. അത്ര മാത്രമേയുള്ളൂ ആഗ്രഹം."

അന്‍വറിനു വേണ്ടി ടീച്ചര്‍ ചെയ്ത ,ചെയ്യുന്ന സഹായമത്രയും പുറംലോകമറിയാതെ കാത്തു സൂക്ഷിക്കുകയെന്ന ബാദ്ധ്യത എനിയ്ക്കാണ്. പക്ഷേ എന്‍റെ ഓര്‍മ്മയുടെ ഈ പുസ്തകം മറിച്ചു നോക്കാന്‍ ഭാവിയില്‍ ആരെങ്കിലുമെത്തുമെന്നും അവര്‍ റാഹേല്‍ - ഗ്രെയ്സി  ദമ്പതികളെ എന്നെന്നും ഓര്‍ക്കുമെന്നും പ്രതീക്ഷിക്കുന്നു.തത്ക്കാലമെനിക്ക് അന്‍വര്‍ മുഹമ്മദ്‌ എന്ന പത്ത് വയസ്സുകാരന്‍ ലോകം കീഴടക്കുന്നത് സ്വപ്നം കണ്ടുറുങ്ങാം.

...........................