Tuesday, 27 May 2014

ആനവണ്ടി സൗഹൃദം

"ഇന്ന് മനസ്സിനു വല്ലാത്ത സന്തോഷം. കഴിഞ്ഞുപോയ കാലത്തില്‍ നഷ്‌ടമായ എന്തൊക്കെയോ അനുഭൂതികളുടെ തിരയിളക്കം. മനുജ മോള്‍ ജനിച്ചതിന്റെ അടുത്തയാഴ്ച വിനുവെനിക്ക് ഒരു നെറ്റ് ബുക്ക് സമ്മാനമായിത്തന്നിരുന്നു.

"ഇനി നിനക്ക് ബ്ലോഗ്ഗെഴുതാന്‍ എന്റെ ലാപ് ടോപ്പ് ഫ്രീ ആകുന്നതും പ്രതീക്ഷിച്ചിരിക്കണ്ടല്ലോ "

അന്നെനിക്ക് ഒത്തിരി സന്തോഷമായി.തൊട്ടിലില്‍ സുഖമായുറങ്ങുന്ന ഞങ്ങളുടെ പൊന്നുമോളെ കാണാന്‍ "എന്റെ ആനവണ്ടി സൗഹൃദങ്ങള്‍" ഇന്നു വന്നിരുന്നു.
പഠനം പൂര്‍ത്തിയാക്കുന്നതിനു മുന്‍പേ എട്ടു മാസത്തെ ട്രേയിനിംഗ് ഉണ്ടായിരുന്നു. ആ സമയത്ത് ഹോസ്റ്റല്‍ ജീവിതം അവസാനിപ്പിച്ച് ദിവസവും വീട്ടില്‍ നിന്നും ബസ് മാര്‍ഗം പോയി വരാന്‍ തീരുമാനിച്ചു. അതേ സ്ഥാപനത്തില്‍ ജോലി നോക്കിയിരുന്ന കണ്ണനാണ് ഒരിക്കല്‍ ആ വിവരം പറയുന്നത്.
"തനിക്ക് ഞാന്‍ വരുന്ന ബസില്‍ വന്നാലെന്താ ?ശ്രീപുരം വഴി വന്നാല്‍ പെട്ടെന്ന് ജോലി സ്ഥലത്തെത്താം. "

എങ്കില്‍ പിന്നെ ആ വഴി ഒന്ന് പരീക്ഷിച്ചു കളയാമെന്ന് ഞാനും തീരുമാനിച്ചു.
ആ സ്ഥാപനത്തിലെ, അധികമാരോടും മിണ്ടാതെ മുരടനെന്നു മുദ്ര കുത്തിയിരുന്ന കണ്ണന്‍ , ആനവണ്ടിക്കുള്ളില്‍ മറ്റൊരു മനുഷ്യനായിരുന്നു. പല സ്റ്റോപ്പില്‍ നിന്നും കയറുന്ന ചിലയാളുകള്‍ കണ്ണനോട് തമാശ പറയുന്നതും അവര്‍ തമ്മില്‍ ഇടതടവില്ലാതെ സംസാരിക്കുന്നതുമെല്ലാം എന്നെ അത്ഭുതപ്പെടുത്തി.

പതിയെ ഞാനും അവരുടെ ലോകത്ത് ലയിച്ചു ചേരാന്‍ തുടങ്ങി.കെ.എസ്.ആര്‍.ടി.സി  സ്റ്റാന്‍ഡില്‍ നിന്നും ബസെടുക്കുമ്പോള്‍ തന്നെ ഞാന്‍,കണ്ണന്‍,ഗോപികച്ചേച്ചി,ഹരീഷ്,ഷാ എന്നിവര്‍ പുറകു വശത്തെ സീറ്റുകള്‍ കൈയടക്കിക്കഴിഞ്ഞിരിക്കും. "ഷാ " ഒരുറക്ക പ്രിയനാണ്. കണ്ണനെഴുതിയ ഒരു കവിതയില്‍ 

"ഉറക്കത്തെ പ്രണയിക്കുന്നൊരു
ഒരക്ഷരപ്പേരുകാരന്‍" 
എന്ന് "ഷാ"യെ അവതരിപ്പിച്ചത് നല്ല ഓര്‍മയുണ്ട്. ഞാനെഴുതിയ കഥകളും കണ്ണന്റെ കവിതകളും ആനവണ്ടിയില്‍ ഇടയ്ക്കിടെ ചര്‍ച്ചാ വിഷയമാകാറുണ്ടായിരുന്നു.

ഉറങ്ങുന്ന ഷായുടെ തലയില്‍ കുടിവെള്ളക്കുപ്പി തുറന്ന് വെള്ളം തളിക്കുക , ചെവിയില്‍ ഹെഡ് സെറ്റ് തിരുകി പഴയ പാട്ടുകളുടെ ലോകത്ത് മുഴുകിയിരിക്കുന്ന കണ്ണന്റെ ഫോണ്‍ കൈലെടുത്ത് റേഡിയോ മിര്‍ച്ചിയിലെ തട്ടുപൊളിപ്പന്‍ പാട്ടുകള്‍ കേള്‍പ്പിക്കുക, മിണ്ടാപ്പൂച്ച ഹരീഷിനരുകില്‍ വന്നിരിക്കുന്ന പെണ്‍കുട്ടികളെ നോക്കി അര്‍ത്ഥം വെച്ച് ചിരിക്കുക , ഈ പുതിയ ലോകത്തും  മകളുടെ "ശിവാനി" എന്നപേരിനൊപ്പം "കുറുപ്പ് " എന്നുകൂടി ചേര്‍ത്തു എന്നഭിമാനപൂര്‍വ്വം പറയുന്ന ഗോപികച്ചേച്ചിയുടെ അഭിമാനത്തിനല്‍പ്പം ക്ഷതമേല്‍ക്കുന്ന തരത്തില്‍ തന്നെ കളിയാക്കുക തുടങ്ങിയവയായിരുന്നു എന്റെ വിനോദങ്ങള്‍ . അതുകൊണ്ടാവണം അതി വേഗം "പിന്‍സീറ്റിലെ കാ‍ന്താരി " എന്ന പേര് എനിക്കവര്‍ ചാര്‍ത്തിത്തന്നു. ഇന്നവര്‍ ആ തമാശകളൊക്കെ പറഞ്ഞു ചിരിച്ചു.കൂട്ടത്തില്‍ മിണ്ടാപ്പൂച്ച ഹരീഷിന്റെ മറ്റൊരു കഥയും ഇന്നത്തെ ചര്‍ച്ചാ വിഷയമായിരുന്നു .

ഒരിക്കല്‍ ബസ്സിന് ഏറ്റവും പുറകിലായുള്ള, രണ്ടു പേര്‍ക്ക് മാത്രം ഇരിക്കാനാകുന്ന സീറ്റുകളില്‍ ജനാലയോട് ചേര്‍ന്നുള്ള സീറ്റില്‍ ഹരി ഇരിക്കുകയായിരുന്നു. നല്ല തിരക്കുള്ള ദിവസം. അവനരുകിലായി ഒരു അപരിചിതയും ഇരിക്കുന്നുണ്ടായിരുന്നു. അടുത്ത സ്റ്റോപ്പില്‍ നിന്നും ഒരു പൂര്‍ണ്ണ ഗര്‍ഭിണി ബസ്സിന്റെ പുറകു വശത്തെ വാതില്‍ വഴി ഉള്ളിലേക്ക് കയറി. സ്വാഭാവികമായും ഏറ്റവും പുറകിലിരിക്കുന്ന പെണ്‍കുട്ടി സീറ്റ് തനിക്കായി ഒഴിഞ്ഞു തരുമെന്ന പ്രതീക്ഷയിലാവണം ആ സ്ത്രീ ഹരിയുടെ അരുകിലുള്ള പെണ്‍കുട്ടിയുടെ സമീപത്തേക്ക് പതുക്കെ നടന്നു നീങ്ങി. പക്ഷേ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ അവള്‍ തന്റെ കൈലിരുന്ന ഫോണിലേക്ക് ദൃഷ്ടി പായിച്ചു. സീറ്റ് ഒഴിഞ്ഞു കൊടുക്കാന്‍ അവള്‍ക്കായിരുന്നു എളുപ്പം. ആ സ്ത്രീയുടെ ഉന്തി നില്‍ക്കുന്ന വയറ് അവളുടെ ശരീരത്തെ തട്ടി നിന്നിട്ടും അതിനുള്ളില്‍ തുടിക്കുന്ന ജീവനുണ്ടെന്നും അതിനോടും അമ്മയോടും മര്യാദ കാണിക്കണമെന്നും അവള്‍ ഓര്‍ത്തില്ല. ഹരി ഇത് കണ്ട് എഴുന്നേല്‍ക്കാന്‍ തുടങ്ങുമ്പോഴേക്കും കണ്ടക്റ്റര്‍ കൃഷ്ണേട്ടന്‍ സീറ്റില്‍ നിന്നും എണീച്ചു കൊടുത്തു. ഈ രംഗങ്ങളെല്ലാം ദൂരെ മാറി നിന്ന ഞാനും കണ്ടിരുന്നു . കുറച്ചു കഴിഞ്ഞ് എന്റെ പേഴ്സിനുള്ളിലെ മൊബൈല്‍ ഫോണ്‍ ഒന്ന് വൈബ്രേറ്റ്‌ ചെയ്തു. മെസേജ് അയച്ചത് ഹരിയായിരുന്നു.

"D ee ahankaarikk oru pani kodukkande?" (ടീ ഈ അഹങ്കാരിക്ക് ഒരു പണി കൊടുക്കണ്ടേ ?)
എന്റെ മറുപടി .
"what pani da?." ( വാട്ട് പണി ടാ? )

അടുത്ത മേസേജുകളിലൂടെ ചില നിര്‍ദ്ദേശങ്ങള്‍ എനിക്കവന്‍ കൈമാറി. ആ പെണ്‍കുട്ടി കോലിയക്കോട് ജങ്ഷന്‍ എത്തുമ്പോള്‍ ഇറങ്ങാന്‍ തുടങ്ങും. വാതിലിനടുത്തെത്തുമ്പോള്‍ ഞാന്‍ പറയേണ്ടതിങ്ങനെയായിരുന്നു.

"ഗര്‍ഭിണികളെ ബഹുമാനിക്കാനറിയില്ല അല്ലേ ? താനും ഇതുപോലൊരു അമ്മയുടെ ഗര്‍ഭപാത്രത്തിലാണ് ജനിച്ചത്. മറ്റൊരു കാര്യം. ഇത് കൈതേരിയല്ല. കോലിയക്കോടാണ്. കൈതേരിയിലെത്താന്‍ വന്ന വഴിയേ തിരിച്ച് നടന്നോളൂ.നീ കാണിച്ച അനാദരവിനു ഞങ്ങളുടെ വക  തിരുത്തലും കുഞ്ഞൊരു ശിക്ഷയും."

ഹരിയുടെ നിര്‍ദ്ദേശം ഞാന്‍ അനുസരിച്ചു. അവള്‍ ബസ്സില്‍ നിന്നുമിറങ്ങാന്‍ നേരം എന്റെ അരികിലൂടെയാണ്‌ നടന്നു നീങ്ങുന്നത്. വാതിലിനോട് ചേര്‍ന്ന് നിന്നിരുന്ന എനിക്കത് പറയാന്‍ പ്രയാസമുണ്ടായില്ല. വിളറിയ മുഖവുമായി കോലിയക്കോട് ബസ്സിറങ്ങി തിരിച്ചു നടക്കുന്നത് പുറകിലത്തെ ചില്ലുജാലകം വഴി ഹരി നോക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. ശേഷം അവന്‍ എന്നെ നോക്കി മന്ദഹസിച്ചു.പിന്നീട് ഹരിയില്‍ നിന്നും ഞങ്ങള്‍ ആ സംഭവം അറിഞ്ഞു.
അവള്‍ക്കരികിലേക്ക് പ്രതീക്ഷയോടെ നടന്നടുത്ത ഗര്‍ഭിണിയ്ക്ക് സീറ്റ് ഒഴിഞ്ഞു കൊടുക്കാത്തതിലുള്ള ദേഷ്യം അവന്റെ മനസില്‍ കത്തിക്കൊണ്ടിരുന്നപ്പോള്‍ അവളില്‍ നിന്നും ഒരു ന്യൂ ജെനറേഷന്‍ വാചകം കേള്‍ക്കാനിടയായി.

"ചേറ്റാ, ഈ കൈറ്റെരി എവിടെയാന്? എനിക്ക് മലയാലം വായിക്കാന്‍ അരിയില്ല."

മര്യാദകളും ഭാഷയും ഒന്നു പോലെ അറിയാത്ത അവളോട് ഹരിക്ക് പുച്ഛമായിരുന്നത്രേ ആദ്യം തോന്നിയത്. ഒരു ചെറിയ പാഠം പഠിപ്പി ക്കുക എന്ന ഉദ്ദേശത്തില്‍ അവന്‍ കൈതേരി കഴിഞ്ഞ് രണ്ടു കിലോമീറ്റര്‍ ദൂരെയുള്ള കോലിയക്കോട് എത്തിയപ്പോള്‍ ഇറങ്ങാന്‍ പറഞ്ഞു. തന്നെക്കൊണ്ട് ഒരു കാരണവുമില്ലാതെ രണ്ട് കിലോമീറ്റര്‍ നടത്തിച്ച ആ അപരിചിതന്റെ മനസ്സില്‍ എന്തായിരുന്നു എന്ന് അവള്‍ അറിയാതെ പോകരുതെന്ന് ഹരിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അത് കൊണ്ടു തന്നെ അവന്‍, ഞാന്‍ മുഖേന ആ രഹസ്യം അറിയിച്ചു.

എന്നാല്‍ അന്നത്തെ ആ ചെറിയ സംഭവത്തിലൂടെ നമുക്ക് പുതിയ രണ്ടു സൗഹൃദങ്ങള്‍ കൂടി ലഭിച്ചു. ഒന്ന് പ്രിയ എന്ന ആ ന്യൂ ജനറേഷന്‍ പെണ്‍കുട്ടി . രണ്ടാമത്തേത് കുടുംബത്തിന്റെ പ്രാരബ്ധങ്ങള്‍ കാരണം പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്നപ്പോഴും നഗരത്തിലെ ജ്വല്ലറി ഷോപ്പിലെ ജോലിക്ക് പോകാന്‍ നിര്‍ബന്ധിതയായ ജാനകിയെന്ന ഞങ്ങളുടെ ജാനുച്ചേച്ചിയും.

പ്രിയ വളര്‍ന്നത് ബംഗ്ലൂരിലാണ്. തിരക്കേറിയ മാതാപിതാക്കള്‍ക്കിടയില്‍ ഒറ്റപ്പെട്ടു പോയ അവള്‍ക്ക് നന്മയുടെ പാഠങ്ങള്‍ പകര്‍ന്നു നല്‍കാന്‍ ആരുമുണ്ടായില്ല. എങ്കിലും സ്വയം ഒരു പരാജയമാകാതെ അവള്‍ പൊരുതിയിരുന്നു. മത്സര ബുദ്ധിയോടെ പഠിച്ചു. പഠന കാര്യത്തില്‍ അവള്‍ കേമിയായി. ജോലി നേടി. ഒടുവിലെപ്പോഴോ ജനിച്ച മണ്ണിലേക്ക് തിരികെ വരണമെന്ന് തോന്നി വന്നതായിരുന്നു. പുതിയ കലാലയത്തില്‍ " റാഗിംഗ് " ചെയ്തു സ്വീകരിക്കുന്ന സീനിയര്‍ കുട്ടികളെപ്പോലെയേ അവള്‍ ഞമ്മളെ കണ്ടിരുന്നുള്ളൂ. ഞമ്മള്‍ വിചാരിച്ച അത്ര പ്രശ്നക്കാരിയായിരുന്നില്ല അവള്‍. എങ്കിലും വളര്‍ത്തിയ സംസ്കാരം മനുഷ്യത്വ പരമായ പ്രവൃത്തികള്‍ ചെയ്യുന്നതില്‍ നിന്നും അവളെ അകറ്റി നിര്‍ത്തിയിരുന്നു. അവിടന്നങ്ങോട്ട് പ്രിയയോടൊപ്പം, അവള്‍ സ്വയം ആര്‍ജ്ജിച്ചെടുത്ത നന്മയുടെ പാഠങ്ങള്‍ക്കുള്ളിലെ അക്ഷരങ്ങളുടെ ആഴമറിയിക്കാന്‍ ഞങ്ങള്‍ ആന വണ്ടി സുഹൃത്തുക്കളുണ്ടായിരുന്നു. പലതും അവളില്‍ നിന്നും പഠിക്കാനും ഞങ്ങള്‍ ശ്രമിച്ചു.

സ്കൂളിലും കോളേജിലും ജോലി സ്ഥലത്തും ഒക്കെയായി  നിരവധി സുഹൃത്തുക്കളുള്ളവാരായിരുന്നു ഞങ്ങളിലധികവും. എങ്കിലും ദിവസവും രണ്ടു മണിക്കൂര്‍ ബസില്‍ ഒരുമിച്ചുള്ള ആ യാത്രകളില്‍ സൗഹൃദത്തിന്റെ പ്രത്യേക തരം അനുഭൂതി നുണയാന്‍ ഞങ്ങള്‍ ഓരോരുത്തരും വെമ്പല്‍ കൊണ്ടിരുന്നു. പിന്നീട് സാഹചര്യങ്ങള്‍ പലരേയും വഴി തിരിച്ചു വിട്ടപ്പോഴും ഏത് സന്തോഷത്തിലും സങ്കടത്തിലും ഒപ്പമുണ്ടാകാനും മാത്രം നമ്മളോരോരുത്തരും അടുത്തു കഴിഞ്ഞിരുന്നു.
ഇത് തികച്ചും സ്വകാര്യമായ ഒരു അനുഭവക്കുറിപ്പാണ്. വിനു സമ്മാനിച്ച നെറ്റ് ബുക്കില്‍ നിന്നും മറ്റൊരു സൗഹൃദ കൂട്ടായ്മയിലേക്ക് പടി കയറുമ്പോള്‍ ആരംഭം ഇങ്ങനെയാകട്ടെ എന്നു മാത്രം കരുതി."

അനു അവളുടെ യന്ത്രാക്ഷരങ്ങളെ താല്ക്കാലികമായി അവസാനിപ്പിച്ച് എഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോഴേക്കും വിനു അരുകിലെത്തി. മുഖത്ത് മന്ദഹാസവുമായി അയാള്‍ ബ്ലോഗ്‌ മുഴുവനും വായിച്ചു തീര്‍ത്തു. അപ്പോഴേക്കും മനുജ മോള്‍ കരയാന്‍ തുടങ്ങി. അനുവിനെ കട്ടിലില്‍ നിന്നുമെഴുന്നേല്‍ക്കാന്‍ അനുവദിക്കാതെ അയാള്‍ കുഞ്ഞിനെയെടുത്ത് അവളുടെ ദേഹത്തോട് ചേര്‍ത്തു പിടിച്ചു. എന്നിട്ട് ചോദിച്ചു.
"ആനവണ്ടി സുഹൃത്തുക്കളുടെ കണ്ണു വെട്ടിച്ച് ആ അനുവും കണ്ണനും പ്രണയിച്ച കഥ ഇനിയൊരിക്കലാകട്ടെ എന്നു കരുതിയോ ? എങ്കിലും അനുക്കുട്ടീ നീയെന്നെ കണ്ണാന്ന്‍ വിളിച്ചു കേള്‍ക്കാന്‍ കൊതിയാകുന്നു."
 കുഞ്ഞ് തന്നില്‍ നിന്നും നുണയുന്ന മാതൃത്വം ആസ്വദിച്ചറിയുകയായിരുന്ന അനു  യാതൊന്നും ഉരിയാടാതെ പുഞ്ചിരി തൂകി. സൗഹൃദത്തിന്റെ സ്നേഹനിലാവ് പോലൊരു പുഞ്ചിരി. പ്രണയത്തേക്കാള്‍ സുന്ദരം സൗഹൃദമെന്നവള്‍ ഉറക്കെ പറഞ്ഞില്ല. കാരണം വിനു എന്ന കണ്ണന്‍ അവളുടെ സുഹൃത്തു കൂടിയാണ്.പ്രണയവും സൗഹൃദവും സമ്മിശ്രമായ നിരവധി യാത്രകള്‍ ഇരുവര്‍ക്കും ബാക്കിയുണ്ട്. ആനവണ്ടി സൗഹൃദങ്ങള്‍ ഒരുമിച്ചു കൂടുമ്പോള്‍ പറയാന്‍ ഒരു നൂറു കഥകളുമായി അവരിരുവരുമുണ്ടാകും എന്നെന്നും.
                                                                                          - ശുഭം -


പിറവി : നവംബര്‍ 2013

No comments:

Post a Comment