“ഹോ അങ്ങനെ ഞാൻ ‘ആടു ജീവിതം’ വായിച്ചു തീർത്തു.!”
സാഹിത്യ അക്കാദമി അവാർഡ് കിട്ടിയ നോവലിനുപരി അതൊരു പച്ചയായ ജീവിത കഥ എന്ന കോണിൽ നോക്കി കാണാനാണ് എനിക്കിഷ്ടം.സമയ പരിമിധി കാരണം ബസ് യാത്രക്കിടയിലാണ് ഞാൻ ആ നോവലിൻറെ ഏറിയ പങ്കും വായിച്ചത്.
ഒരു ദിവസം, എൻറെ വായന കണ്ട് കൈലിരിക്കുന്ന ബുക്കിലേക്കും എൻറെ മുഖത്തേക്കും മാറി മാറി നോക്കി,എൻറെ അടുത്ത സീറ്റിൽ ഒരു മദ്ധ്യ വയസ്ക ഇരിപ്പുണ്ടായിരുന്നു. ഇടക്കെപ്പോഴോ പുസ്തകത്തിൽ നിന്നും കണ്ണെടുത്ത എന്നോട് അവർ ചോദിച്ചു.
"മോൾ ആടു ജീവിതമാണോ വായിക്കുന്നത് ?"
മറുപടി ഒരു ചിരിയിൽ ഒതുക്കി .
അല്പ്പം മുമ്പ് (ഈ ബുക്ക് ബാഗിൽ നിന്നും എടുക്കും മുമ്പ്) ഞാൻ ഫോണിൽ കൂട്ടുകാർക്കു sms അയക്കുകയായിരുന്നു . അതി വേഗത്തിൽ ചലിക്കുന്ന കൈ വിരലുകളിൽ നോക്കി കുറേ നേരം ഇരുന്നിട്ട് പതുക്കെ എൻറെ തോളിലേക്ക് ചാഞ്ഞു കിടന്ന സ്ത്രീയാണ്. ഫോണ്‍ ബാഗിൽ വെച്ച് ബുക്ക് കൈലെടുത്തപ്പോൾ ഉണർന്നിരുന്ന് സംസാരിക്കുന്നു.
ഒന്നും മിണ്ടാതെ ഞാൻ ഞാൻ വായന തുടർന്നു.മരുഭൂമിയിലായിരുന്നു ഞാൻ,ചുട്ടു പൊള്ളുന്ന വെയിലിൽ നജീബിനോപ്പം.
ഇടക്ക് ഞാൻ ആ അമ്മയെ വീണ്ടും ശ്രദ്ധിച്ചു.
എന്നോട് സംസാരിക്കാൻ വെമ്പൽ കൊണ്ടിരിക്കുന്ന പോലെ തോന്നിയ നിമിഷം ഞാൻ ചോദിച്ചു .
"ഇത് വായിച്ചിട്ടുണ്ടോ ?" ചോദ്യം അവസാനിക്കും മുമ്പ് ഉത്തരം വന്നു.
"മം . വായിച്ചു. എൻറെ മോൻ സ്കൂൾ ലൈബ്രറീന്നു കൊണ്ട് തന്നു. എന്തൊരു നോവലാ അല്ലേ മോളേ?”
ഞാൻ വീണ്ടും ചിരിച്ചു കൊണ്ട് പറഞ്ഞു.
"ഇത് നടന്ന സംഭവമാണ് "
അപ്പോൾ,
"അറിയാം മോളേ. അയാൾ ഇപ്പോഴും ജീവിച്ചിരിക്കുന്നെന്നു സങ്കല്പ്പിക്കാൻ പറ്റുന്നില്ല.അല്ലേ?"
ഞാൻ ഒന്നും മിണ്ടിയില്ല.
അല്പ്പം കഴിഞ്ഞു വീണ്ടും അവർ എന്തൊക്കെയോ അസ്വസ്ഥതകൾ കാണിച്ചു.ഞാൻ ചിന്തിച്ചു.
"ഈശ്വരാ ഇവർക്ക് ചർദ്ദിക്കാൻ തോന്നുന്നു ണ്ടാകുമോ? അതോ ഇനി തല കറക്കാമോ മറ്റോ!"
ഏതായാലും സഹായം ചെയ്യുക എന്നത് എൻറെ കടമ.ഞാൻ വീണ്ടും നോക്കി.
അപ്പോൾ,
"മോളേ ആ കൂട്ടുകാരൻ പയ്യൻ മരിച്ചോ ?"
ഞാൻ മനസ്സിൽ :
"ഇത് വല്ലാത്ത ചെയ്ത്തായിപ്പോയി.എനിക്ക് സിനിമയുടേതായാലും നോവലിന്റേതായാലും എല്ലാ സസ്പെൻസോടും കൂടി കാണാനും വായിക്കാനുമാണിഷ്ടം."
ഞാൻ ആ അമ്മയോട്
"അയ്യോ കഥ പറയല്ലേ. ഞാൻ വായിച്ചോളാം."
അവർ പിന്നെ ഒന്നും മിണ്ടിയില്ല.ഞാനും.അഞ്ച് മിനിട്ടിനുള്ളിൽ എനിക്കിറങ്ങാനുള്ള സ്ഥലമെത്തി."ഇറങ്ങുന്നു.വീണ്ടും കാണാം" എന്നു പറഞ്ഞ് ഒരു ചിരിയും തലയാട്ടലും സമ്മാനിച്ച് ഞാനിറങ്ങി.
വീട്ടിലെത്തിയിട്ട് വായന തുടരാനായില്ല. പതിവ് പോലെ പിറ്റേന്ന് രാവിലെ ബസ്സിൽ കയറി.പ്രിയ സുഹൃത്തുക്കൾക്ക് ഫോണ്‍ വഴി ചില "സുപ്രഭാതം"smsകൾ കൈ മാറിയിട്ട് വീണ്ടും മസറയിലേക്കു എൻറെ മനസ്സ് പോയി.
അത് എത്രയും പെട്ടെന്ന് വായിച്ചു തീർക്കുകയായിരുന്നു എൻറെ ലക്ഷ്യം.
3 പേർക്കിരിക്കാവുന്ന സീറ്റിൽ ജനാലയോട് ചേർന്നാണ് ഞാനിരുന്നത്.
മറു വശത്ത് ഒരു ചെറുപ്പക്കാരൻ ഇരിക്കുന്നുണ്ട് .
അത് ചെറുപ്പക്കാരൻ ആയത് ആശ്വാസമാണ്. കാരണം ദിവസേനയുള്ള യാത്രകളിൽ ഞാൻ കാണാറുള്ള,അറിയാറുള്ള ഞരമ്പ് രോഗികളെല്ലാം തന്നെ 35 വയസ്സ് പിന്നിട്ട ആണ്‍വർഗ്ഗം മാത്രമായിരുന്നു.
അടുത്ത സ്ഥലത്ത് ബസ് നിർത്തിയപ്പോൾ ഒരു വൃദ്ധൻ എനിക്കും ചെറുപ്പക്കാരനുമിടയിൽ ഒഴിഞ്ഞു കിടന്ന സീറ്റിൽ വന്നിരുന്നു.
നല്ല അപ്പൂപ്പൻ. ഓർമ്മ വയ്ക്കും മുമ്പ് മരിച്ച എൻറെ അപ്പൂപ്പനെ ഞാനോർത്തു.അങ്ങനെ ഒരു സ്നേഹം ഞാൻ അനുഭവിച്ചിട്ടില്ല.
"ആടു ജീവിതം" മനസ്സിനെ വീണ്ടും മാസറയിലേക്കും നജീബിലേക്കും കൊണ്ട് പോയി.
ഞാൻ അപ്പോഴും ശ്രദ്ധിച്ചു.തലേന്ന് എന്നരികിൽ വന്നിരുന്ന സ്ത്രീ കാണിച്ച അതെ വിമ്മിഷ്ടങ്ങൾ ആയാളും കാണിക്കുന്നു.
ഞാൻ അദ്ദേഹത്തിൻറെ മുഖത്തേക്ക് നോക്കി.ആ കണ്ണുകളിൽ ഞാൻ കണ്ട ആകാംഷ കഴിഞ്ഞ ദിവസം ഞാൻ കണ്ട സ്ത്രീയുടെ കണ്ണിൽ കണ്ട അതേ അളവിൽ(ഒരു പക്ഷേ അതിനേക്കാളേറെ) ഉണ്ടായിരുന്നു.
പക്ഷേ ഞാൻ അത് കണ്ടില്ലെന്നു നടിച്ചു.
ഒരു മണിക്കൂറോളം അദ്ദേഹം എനിക്കൊപ്പം ആ അക്ഷരങ്ങളിലൂടെ കണ്ണ് പായിക്കുന്നത് ഞാൻ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിച്ചു.ഒടുവിൽ ഇറങ്ങാൻ നേരം ഞാൻ ചോദിച്ചു.
"വായിച്ചിട്ടുണ്ടോ ?"
അതേ എന്നുള്ള ഉത്തരം ഒരു ചിരിയും തല കുലുക്കലുമായിരുന്നു.
എനിക്കെന്തോ വീണ്ടും ചോദിക്കണമെന്ന് തോന്നി.
അടുത്ത ചോദ്യം ഇങ്ങനെയായിരുന്നു.
"താങ്കളും ഒരു പഴയ പ്രവാസി ആണെന്ന് തോന്നുന്നല്ലോ?"
അതിനുള്ള ഉത്തരവും വ്യത്യസ്തമായ ഒരു ചിരിയും തലയാട്ടലും മാത്രമായിരുന്നു.
ബസിൽ നിന്നും ഇറങ്ങുമ്പോൾ ഞാനോർത്തു
ശ്രീ ബന്യാമിൻ ആ പുസ്തകം സമർപ്പിച്ചത് നജീബിനും ഹക്കീമിനും പിന്നെ മരുഭൂമിയിൽ ദാഹിച്ചു മരിച്ച പ്രവാസികൾക്കും വേണ്ടിയായിരുന്നു .
നിരവധി നജീബുമാർ ഇന്നും ആ മരുഭൂമിയിൽ ഉണ്ടാകും.
ഗൾഫ് എന്ന ഒരൊറ്റ വാക്കിൽ ഒതുങ്ങി നില്ക്കുന്ന കഷ്ടപാടിന്റേയും യാദനയുടേയും ഒറ്റപെടലിന്റേയും സത്യം ഞാൻ കൂടുതൽ ആഴങ്ങളിൽ അറിഞ്ഞത് ഇപ്പോഴാണ്. അവരെപ്പറ്റി പറയാത്ത കഥകൾ ഇനിയുമുണ്ടാകും.പക്ഷേ പറഞ്ഞ കഥകളിൽ ഏറ്റവും ഹൃദയ സ്പർശി ഇത് തന്നെ.
എൻറെ ഈ കുറിപ്പ് പ്രവാസി സുഹൃത്തുക്കൾക്കായി സമർപ്പിക്കുന്നു.
കേട്ടറിഞ്ഞ യാദനകളിൽ നിന്നും എത്രയോ മേലെയായിരിക്കുമല്ലേ, നിങ്ങളും നിങ്ങളോടൊപ്പമുള്ള പലരും അനുഭവിച്ചറിഞ്ഞത് !
“ജീവിക്കാൻ പടച്ചവൻ ശക്തി തരട്ടെ”
No comments:
Post a Comment