Thursday, 27 February 2014

“കത്തിൻറെ ഔപചാരികത ഒഴിവാക്കി ഞാൻ കുറിക്കുന്നു”

“കത്തിൻറെ ഔപചാരികത ഒഴിവാക്കി ഞാൻ കുറിച്ചോട്ടെ ???കാരണം, അറിയില്ലെനിക്ക്എന്ത് അഭിസംബോദന ചെയ്യണമെന്ന്. ഒരു ഡോക്ട്ടർക്ക് താൻ ചികിത്സിക്കുന്ന രോഗിയോട് പ്രണയം തോന്നാൻ പാടുണ്ടോ ? ചോദ്യം ഞാൻ പലയാവർത്തി സ്വയം ചോദിച്ചു നോക്കി.. പക്ഷെ ഞാൻ പോലും അറിയാതെ നിന്നോടുള്ള പ്രണയം എന്നിൽ പൂവിടുകയായിരുന്നു. എനിക്കാദ്യം എന്നിലെ എന്നെ വിശ്വസിക്കാൻ കഴിഞ്ഞില്ല.  തൊട്ടു മുമ്പ് വരെ എന്റെ വിശ്വാസം ഞാൻ അറിയാതെ എന്നിൽ ഒന്നും സംഭവിക്കില്ല എന്നായിരുന്നുഅതുകൊണ്ട് തന്നെയാണ് എനിക്കാദ്യം വിശ്വസിക്കാൻ പ്രയാസം തോന്നിയതും.  പോകെ പോകെ എനിക്കത് വിശ്വസിക്കേണ്ടി വന്നുകാരണം അതുവരെ ഞാൻ അനുഭവിച്ചിട്ടില്ലാത്ത ഒരു പ്രത്യേക അനുഭൂതിയിലേക്ക്‌ നീ എന്നെ ആനയിച്ചു കൊണ്ടുപോവുകയായിരുന്നുനിന്നെപ്പറ്റിയുള്ള എന്റെ തിരിച്ചറിവിനു യുഗ യുഗാന്തരങ്ങളായി കമിതാക്കൾ കൈമാറിയ സ്നേഹത്തിന്റെ നിറമില്ല, ഗന്ധമില്ല, കാമാർത്തിയില്ല. കുറിപ്പിന് അവർ കൈ മാറിയ പ്രണയ ലേഖനത്തിന്റെ മുഖഭാവം പോലും ഇല്ല. ഇന്നേവരെ ഒരു പ്രണയലേഖനം എഴുതുവാനോ, വായിക്കുവാനോ ഞാൻ തുനിഞ്ഞിട്ടില്ല എന്നതാണ് സത്യംമാത്രമല്ല എന്റെയീ വികാരങ്ങളെ പ്രപഞ്ചത്തിലെ മറ്റൊന്നിനോടും സാദൃശ്യപ്പെടുത്താൻ എനിക്ക് കഴിയില്ല.

നിന്നെ ചികിത്സിക്കുന്ന ഒരു ഡോക്ട്ടർ കൂടിയാണ് ഞാൻ. അപ്പോൾ ഇത് വായിക്കാൻ നിനക്ക് കഴിയുമെന്ന എന്റെ  പ്രതീക്ഷ എന്നിൽ കുഴിച്ചു മൂടുകയെ മാർഗമുള്ളെന്നെനിക്ക് നന്നായറിയാം. പക്ഷേ തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും നിനക്കായി മാറ്റി വെച്ച മുറിയിലേക്ക് നിന്നെയും കൊണ്ട് സ്റ്റ്രെചെരും അനുബന്ധ ഉപകരണങ്ങളും പോകുമ്പോൾ ഹൃദയം കുത്തി നീറുന്ന വേദന ഞാനറിഞ്ഞു.കാരണം എനിക്കിനി അവിടെ വന്ന് നിനക്ക് കൂട്ടിരിക്കാൻ അനുവാദമില്ല. അതുള്ളത് ബന്ധുക്കൾക്കാണ്‌.

പ്രിയേ, നീ എന്തിനാണ് അത്രയും ഉയരത്തിൽ വലിഞ്ഞു കയറിയത്? അടി തെറ്റി വീണ നിമിഷത്തിൽ നീ അറിഞ്ഞോ ബോധത്തോടെയുള്ള അവസാന നിമിഷമാണ് അതെന്നു? അറിഞ്ഞിരിക്കില്ല.  എന്നിലൂടെ രോഗിയെ / രോഗത്തെ അറിയാനും പഠിക്കാനുമായി നിരവധി മെഡിക്കൽ വിദ്യാർഥികൾ ഇടം വലം നിൽക്കുന്നുണ്ടായിരുന്നു.അവർ എന്നോടുള്ള ഭയം വെളിവാകും വിധമുള്ള സ്വരത്തിൽ നീ എന്ന രോഗിയെ പറ്റിയുള്ള നിജസ്ഥിതി അറിയിച്ചപ്പോൾ ,എനിക്ക് നീ തീവ്ര പരിചരണം വേണ്ട ഒരു രോഗി മാത്രമായിരുന്നു.പിന്നീട് തിരക്കുകളുമായി ഓടി നടന്ന എന്നരികിലേക്ക് നിന്നെ ഒരു നോക്ക് കാണണമെന്ന അപേക്ഷയുമായി നിരവധിപ്പേർ എത്തി. രോഗിയെക്കാണാൻ പറ്റില്ലെന്ന് പരുഷമായ സ്വരത്തിൽ ഞാനവരോട് പറഞ്ഞ് കൊണ്ടിരുന്നു. ഒരു ദിവസം എന്റെ കരങ്ങളിലേക്ക് ഒരു ചെറിയ കാര്ഡ് വെച്ചു നീട്ടി കുഞ്ഞു മാലാഖയെപ്പോലെ നിന്റെ അനിയത്തി നിന്ന് വിതുമ്പി. അവയവദാനം ചെയ്യാനുള്ള നിന്റെ വിഷ് കാർഡ് ആയിരുന്നു അത്. പിന്നീടുള്ള ഏതാനും മിനിട്ടുകളിൽ അവളിലൂടെ നിന്നെ ഞാൻ അറിഞ്ഞു തുടങ്ങി. നീയെന്ന 23 കാരിയെ ഇരട്ടി പ്രായമുള്ള ഞാൻ പ്രണയിക്കാൻ തുടങ്ങിയത് അതിലുമേറെ കഴിഞ്ഞായിരുന്നെന്നു തോന്നുന്നു.

"മോൾ കരുതും പോലെ ഇച്ചക്ക് ഒന്നും സംഭവിക്കില്ല. ധൈര്യമായി പൊകൂ.”
വിഷ് കാർഡ് തിരികെ നൽകി ഞാൻ അവളോട് പറഞ്ഞു
"ഇച്ച കാർഡ് കൈയിൽ സൂക്ഷിച്ചിരുന്നു, ഡോക്ട്ടർ.പെട്ടെന്ന് എന്തെങ്കിലും പറ്റിയാൽ ചികിത്സിക്കുന്ന ഡോക്ട്ടറെ കാണിക്കണം എന്നും പറഞ്ഞിരുന്നു."
ഞാൻ അവളെ പിന്നിലാക്കി അവളുടെ ഇച്ചയുടെ അരികിലേക്ക് പോയി. അവിടെ മുഖത്തെ ചൈതന്യത്തിനു ഒട്ടും കോട്ടമേൽക്കാതെ നീ കിടപ്പുണ്ടായിരുന്നു.മുരടൻ ഡോക്ട്ടർ എന്നെല്ലാവരും മുദ്ര കുത്തിയിരുന്ന ഞാൻ നിന്നരികിലായി ഇരുന്നു.

അനിയത്തി പിന്നീട് എത്തിച്ചു തന്ന ചില പുസ്തകത്താളുകളിലൂടെ ഞാൻ നിന്നെ പ്രണയിക്കാൻ ആരംഭിച്ചത് നീ അറിഞ്ഞിരുന്നോ പ്രിയേ ? എങ്ങനെ അറിയാൻ! ഒന്നുമറിയാതെ ,ഒന്നും കാണാതെ നീ എന്നരികിൽ ഉറങ്ങുമ്പോൾ ഞാൻ മറ്റൊരാളായി മാറുകയായിരുന്നു. അതെ , കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളം കണ്ട് മറന്ന ഒരു രോഗിയും എന്റെ ഏകാന്തതയിൽ കൂട്ട് കൂടാൻ വന്നില്ല. പക്ഷേ എന്നിലെ മാംസ മാംസ നിബദ്ധമല്ലാത്ത രാഗത്തെ ഉണർത്താൻ നിനക്ക് കഴിഞ്ഞു. പ്രിയേ ,നിനക്ക് വേണ്ടി കരുതി വെച്ച ഒരു നൂറു സംവത്സരങ്ങൾ എന്നിലുണ്ട്.നീ അറിയണം."


ന്യൂറൊളജിസ്റ്റ്  Dr . ദേവ് അയാളുടെ കൈയിൽ ഏതാനും മണിക്കൂറുകൾ മുമ്പ് വന്നു പെട്ട പ്രണയ ലേഖനം കണ്ട് അത്ഭുതപെട്ടു പോയി.അയാൾ താൻ ചികിത്സിക്കുന്ന ഒരു രോഗിയെ അവളുടെ രചനകളിലൂടെ,പ്രവര്ത്തികളിലൂടെ അറിയുകയായിരുന്നു .പക്ഷേ ബോധമുള്ള അവസ്ഥയിൽ നാളുകൾക്ക് മുമ്പ് നീല മഷിയിൽ അവളെഴുതിയ ലേഖനം പതിവിനു വിപരീതമായി അയാളെ അസ്വസ്ഥനാക്കി.മരുന്നുകൾ കുറിച്ചു കൊടുത്തു ശീലിച്ച അയാളുടെ കൈകൾ  വർഷങ്ങൾക്കു ശേഷം വീണ്ടും മലയാള ഭാഷയിൽ ഏതാനും വരികൾ എഴുതി. അത് ഇങ്ങനെയായിരുന്നു.

“ഇനി ഞാൻ ഞാനായിത്തന്നെ  പറയട്ടെ പ്രിയേ,
നിന്നെ ഞാൻ പ്രണയിച്ചത് നിമിഷമാണ്. കാരണം നിന്റെ ലേഖനം കണ്ടെടുക്കുമ്പോൾ, നീ എന്ന പോലീസ് ഉദ്യോഗസ്ഥക്ക് എങ്ങനെ ഒരു ഡോക്ട്ടറായി സ്വയം അവരോധിച്ച് ഇങ്ങനെ ഒരു പ്രണയലേഖനം എഴുതാൻ കഴിഞ്ഞെന്ന ഉത്തരം കിട്ടാത്ത ചോദ്യം എന്നിൽ അവശേഷിക്കുന്നു.നിന്റെ പ്രണയ ലേഖനം തന്നെയാണ് എന്റെയും . കാരണം നീ അകക്കണ്ണിലൂടെ ഞാനായി മാറിയവളാണ്.പ്രിയേ ഞാനിന്നു നിന്നെ അഗാധമായി പ്രണയിക്കുന്നു  എന്ന് പറഞ്ഞു കൊണ്ട് സത്യവും  മിഥ്യയും  വേർതിരിച്ചറിയാൻ പ്രയാസപ്പെട്ട് അവസാനിപ്പിക്കുന്നു.


എന്ന്.....
നിന്നിലൂടെ പ്രണയമെന്തെന്നറിഞ്ഞ ഒരു
ഏകാകി”

Dr  ദേവിന് തന്റെ കൈകളെ വിശ്വസിക്കാനായില്ല. തനിക്കിതിനു കഴിഞ്ഞോ? താൻ അവൾക്കായി എഴുതിയിരിക്കുന്നു.! പ്രണയമെന്തെന്നറിയാത്ത തന്നിൽ നുര പൊങ്ങിയ വികാരം സത്യത്തിൽ പ്രണയമായിരുന്നോ എന്ന് പോലും അയാൾക്കുറപ്പിക്കാനാകുന്നുണ്ടായിരുന്നില്ല.


No comments:

Post a Comment