Wednesday, 26 February 2014

ശേഷിപ്പ്


വെള്ളിയാഴ്ച്ച ദിവസത്തെ അനാട്ടമി ക്ലാസ്സ് കഴിഞ്ഞ് സ്ഥിരമായി ഓറഞ്ചു ജൂസ് കഴിക്കാറുള്ള കടയില്‍ കയറിയപ്പോഴാണ് അമ്മയുടെ ഫോണ്‍ വിളി.
"എന്താ അമ്മേ?"
മറുതലക്കല്‍ അമ്മ പറഞ്ഞ മറുപടി കേട്ട് വിതുമ്പിക്കരയാന്‍ തുടങ്ങുമ്പോഴേക്കും അടുത്തു നിന്ന് സൈനു ചോദിച്ചു .
"എന്താടീ  എന്തു പറ്റി ? കരയാതെ കാര്യം പറയൂ "
എങ്ങനെയോ  പറഞ്ഞൊപ്പിച്ചു.
"സൈനൂ... നന്ദേട്ടന്‍..."
സൈനുവിനും, ഒപ്പം നിന്ന മറ്റു സുഹൃത്തുക്കള്‍ക്കും  സമാധാനിപ്പിക്കാന്‍  വാക്കുകള്‍ കിട്ടിയിട്ടുണ്ടാവില്ല. ഒക്കെ അവര്‍ക്ക് അറിയാമായിരുന്നു . ഏതോ യാന്ത്രിക ലോകത്തു പെട്ട പോലെ ഞാന്‍ ബാഗുമെടുത്ത് റോഡിലിറങ്ങി. ആദ്യം കണ്ടത് കോട്ടയം ഫാസ്റ്റ്. മറ്റൊന്നും ആലോചിച്ചില്ല. എത്രയും പെട്ടെന്ന് നാട്ടിലെത്തണമെന്ന ചിന്തയില്‍ ബസിനുള്ളിലേക്ക് ചാടിക്കയറി. സീറ്റില്‍  ഇരുന്നു കഴിഞ്ഞ് നിറഞ്ഞു തുളുമ്പുന്ന കണ്ണുകള്‍ തുടച്ചുകൊണ്ട് ആലോചിച്ചു.
"ഇത്ര ധൃതിയില്‍ നാട്ടിലേക്ക് പോയിട്ടെന്തു കാര്യമാണുള്ളത്? ഒന്നുമില്ല. നിസ്സഹായരായ കുറെയേറെ ആളുകളെ കാണാമെന്നല്ലാതെ!"
ചിന്തകള്‍ കടിഞ്ഞാണില്ലാതെ പായാന്‍ തുടങ്ങി. ഉള്ളില്‍ കത്തിയമരുന്ന തീയില്‍ അവ കൂടുതല്‍ വെന്തുരുകുകയായിരുന്നു.
ഈ വര്‍ഷത്തെ  പ്രണയ ദിനം കഴിഞ്ഞിട്ട് ഇന്നേക്ക് ഒരു മാസം തികയുന്നു. അന്ന് യാദൃശ്ചികമായാണ് ജീനേച്ചിയെ വിളിച്ചത്. ഞാനോ ജീനേച്ചിയോ ഒരിക്കലും പ്രണയ ദിനം ആഘോഷിക്കാറുണ്ടായിരുന്നില്ല. എങ്കിലും ഫോണ്‍ എടുത്തുടന്‍ ജീനേച്ചി പറഞ്ഞ വാര്‍ത്ത  അതൊരു പ്രണയ ദിനമാണെന്നുള്ള ഓര്‍മ്മ എന്നില്‍  ഉണര്‍ത്തി .
"ശ്രീക്കുട്ടീ , നന്ദേട്ടന്‍ അവിടെ ഐ. സി. യു വില്‍ ആണ്. പനി കൂടിയതാണെന്നാ കൂട്ടുകാര്‍ പറയുന്നത്. എനിക്കാകെ പേടിയാകുന്നു. പ്രാര്‍ഥിക്കണേ മോളെ"
ജീനേച്ചി ഒരിക്കലും എനിക്ക് ഇളയച്ഛന്റെ മകള്‍ മാത്രമായിരുന്നില്ല. ഒരുമിച്ച് കളിച്ചു വളര്‍ന്ന കുട്ടിക്കാലത്ത് എന്നും നന്മയുടെ പാഠങ്ങള്‍ പഠിപ്പിച്ച കൂട്ടുകാരിയും , ഈശ്വരനെ കാണിച്ചു തന്ന  തികഞ്ഞ ഈശ്വര വിശ്വാസിയുമാണ്. എട്ടു വര്‍ഷത്തെ ദൈര്‍ഘ്യമുള്ള ജീനേച്ചിയുടേയും നന്ദേട്ടന്റേയും പ്രണയ ബന്ധം കണ്ടു വളര്‍ന്ന ഞാനായിരുന്നു ,പിന്നീട് അവര്‍ക്കിടയിലെ ഹംസമായി മാറിയത്. സ്വന്തം സഹോദരനായി സ്നേഹിക്കുന്ന നന്ദേട്ടന്‍ ദുബായിലെ  ഐ. സി. യു വില്‍ ആണെന്നു കേട്ടപ്പോള്‍ നെഞ്ചില്‍ ആരോ കൂര്‍ത്ത മുനയുള്ള ആയുധം കുത്തിയിറക്കിയ പോലെ തോന്നി. എന്നാല്‍ എന്റെ ആശങ്ക ഒരിക്കലും ജീനേച്ചി അറിയരുതെന്ന് മനസ്സ് പറഞ്ഞു.
“അയ്യേ ചേച്ചി എന്തിനാ കരയുന്നത് ? നാട്ടിലെപ്പോലെ ഒന്നുമല്ല. അന്യ നാട്ടില്‍ ഒരു കാര്യോം ഇല്ലെങ്കിലും അവര്‍ക്ക് രോഗിയെ ഐ. സി. യു വില്‍  ആക്കി പൈസ വാങ്ങാനോക്കെ വല്യ മിടുക്കാണ്. ഹണിയേട്ടന് ഒന്നുമുണ്ടാകില്ല.”  
ലോകത്തിലെ ഏറ്റവും നിഷ്ക്കളങ്കനായ മനുഷ്യനായാണ് എനിക്ക് നന്ദേട്ടനെ തോന്നിയിട്ടുള്ളത്. അതു കൊണ്ടു തന്നെ സ്വന്തം  ജീവിതത്തേക്കാള്‍ എന്റെ മനസ്സില്‍ മുന്‍ഗണന അവരുടെ ഇഷ്ടം സാക്ഷാത്കരിക്കുക എന്നുള്ളതായിരുന്നു.  വാര്‍ത്തയറിഞ്ഞു ആദ്യം ചിന്തിച്ചത് രണ്ടു മാസം കഴിഞ്ഞു നടത്താന്‍ നിശ്ചയിച്ചിട്ടുള്ള അവരുടെ വിവാഹം ചിലപ്പോള്‍ നീട്ടി വെച്ചേക്കാം എന്നായിരുന്നു. ഒത്തിരി കോളിളക്കം സൃഷ്ടിച്ച് ഒടുവില്‍ ഇരു കുടുംബക്കാരുടേയും പൂര്‍ണ്ണ സമ്മതത്തോടെയാണ് അത് നിശ്ചയിച്ചത്.
ഫോണ്‍ സംഭാഷം കഴിഞ്ഞും എന്റെ മുഖത്തെ മ്ലാനത കണ്ടിട്ടാകണം ഹോസ്റ്റലില്‍ ഒപ്പമുള്ള കൂട്ടുകാര്‍ വിവരം അന്വേഷിച്ചു. ജീന - നന്ദന്‍   പ്രണയ രഹസ്യങ്ങളില്‍ ചിലതും, ഇപ്പോള്‍ നന്ദേട്ടന്‍  ആശുപത്രിയിലാണെന്നും സൈനുവിനോടും മറ്റു കൂട്ടുകാരോടും പറഞ്ഞു കഴിഞ്ഞപ്പോള്‍ അവരെന്നെ ആശ്വസിപ്പിച്ചു. അവരുടെ  പ്രാര്‍ഥനയിലും ഞങ്ങളുടെ നന്ദേട്ടന്‍ സ്ഥാനം പിടിച്ചു.
അധികം ആരോടും സംസാരിക്കാതെ തങ്ങളുടെ ലോകത്ത് ഒതുങ്ങിക്കൂടി കഴിയുകയായിരുന്ന പതിനഞ്ചു വയസുകാരി ജീനയും ഇരുപത് വയസുകാരന്‍ നന്ദനും  കണ്ടു മുട്ടിയത് തികച്ചും യാദൃശ്ചികം . അന്ന് ഞാന്‍ ബാല്യത്തിന്റെ കുസൃതി വിട്ടു മാറാത്ത സ്കൂള്‍ക്കുട്ടി. പിന്നീട് അവര്‍ക്കിടയിലെ പ്രണയം അടുത്തറിഞ്ഞപ്പോള്‍ എന്തു കൊണ്ടോ ഈ പ്രപഞ്ചത്തിലെ തന്നെ ഏറ്റവും മനോഹരങ്ങളായ രണ്ടു പൂമ്പാറ്റകളാണ് അവരെന്നു തോന്നി . അത്രക്കും മനോഹരമായിരുന്നു അവരുടെ അഭിലാഷങ്ങള്‍.....
“ആചാരങ്ങളും വിശ്വാസങ്ങളും പാലിക്കപ്പെടേണ്ടതാണ്. ദൈവ ഭയം ഉണ്ടായാലേ നമ്മുടെ പ്രവൃത്തികള്‍ നന്നാകൂ . ഉള്ളറിഞ്ഞു പറഞ്ഞാല്‍ ഈശ്വരന്‍ കേള്‍ക്കും”
ഈശ്വര ഭക്തി തീരെയും ഇല്ലാതിരുന്ന എന്റെ  കുഞ്ഞു മനസ്സില്‍ ഈശ്വരനെ കാണിച്ചു തരാനുള്ള  എന്റെ ജീനേച്ചിയുടെ ശ്രമം വിജയിക്കുകയും ചെയ്തു. ഒപ്പം എന്റെ  പ്രാര്‍ഥനകളില്‍ നിറയെ അവരിരുവരുടേയും ജീവിതം നിറഞ്ഞു നിന്നു.
..................................................................................................................................
ടൗണില്‍ ബസിറങ്ങി ആദ്യം കണ്ട ഓട്ടോയില്‍ കയറി വീട്ടിലേക്ക് പോയി. ഉമ്മറപ്പടിയില്‍ ബാഗ് വെച്ച് അടുത്തു തന്നെയുള്ള ജീനേച്ചിയുടെ വീട് ലക്ഷ്യമാക്കി വേഗത്തില്‍ നടക്കുമ്പോള്‍ ജീനേച്ചിയുടെ സഹോദരീ  ഭര്‍ത്താവ് വിനുവേട്ടനെ കണ്ടു. എനിക്ക് ജീനേച്ചിയുടെ അവസ്ഥയെപ്പറ്റി  ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
“മീനയുടെ പ്രസവം അടുത്തെന്ന് കള്ളം പറഞ്ഞു സ്കൂളില്‍ നിന്നും കൊണ്ടു വന്നു. വിവരങ്ങള്‍ ഒന്നും അവളെ അറിയിക്കാതെ വീട്ടിലെത്തിക്കാന്‍ , അവള്‍ക്കൊപ്പം ജോലി ചെയ്യുന്ന അദ്ധ്യാപികമാരും ഞങ്ങളെ സഹായിച്ചു. ശ്രീക്കുട്ടി അങ്ങോട്ട് ചെല്ലൂ . അവളെക്കൊണ്ട് എന്തെങ്കിലും കഴിപ്പിക്കണേ”
ഒരു മാസമായി ജീനേച്ചി ഊണും ഉറക്കവും ഉപേക്ഷിച്ചു പ്രാര്‍ഥനയിലായിരുന്നു. എന്നെ കണ്ടുടന്‍,
“ശ്രീക്കുട്ടീ  ഇന്ന് വെള്ളിയാഴ്ച അല്ലേ ? നാളെയെന്താ ക്ലാസില്ലേ ?”
 ഉള്ളില്‍ നിറഞ്ഞ വേദന കടിച്ചമര്‍ത്തി ഞാന്‍ പറഞ്ഞൊപ്പിച്ചു.
“കൂട്ടുകാരൊക്കെ ഒരു സെമിനാറിനു പോകുന്നു. എനിക്ക് ഒറ്റക്ക് ഹോസറ്റലില്‍ നിക്കാന്‍ വയ്യ. ചേച്ചി ഇന്ന്  സ്കൂളില്‍ നിന്നും നേരത്തേ എത്തിയോ  ?”
ആ മുഖം വല്ലാതെ മാറിപ്പോയി. നന്ദേട്ടന്റെ അസുഖത്തിന്റെ വേദന മുഴുവന്‍ തിന്ന് ,ശോഷിച്ച ശരീരം.
“നീ അറിഞ്ഞില്ലേ ? മീനയുടെ പ്രസവം അടുത്തു,വേദന തുടങ്ങി എന്നൊക്കെ പറഞ്ഞെന്നെ ഇങ്ങു കൊണ്ടു വന്നു. ഇപ്പോളുണ്ട് ഇവള്‍ക്ക് ഒരു കുഴപ്പവുമില്ല. വേദന മാറിയത്രേ!”
വിഷയം മാറ്റാനായി ഞാന്‍ ചോദിച്ച ചോദ്യം വീണ്ടും വിഷമത്തിലേക്കു  തന്നെ കൊണ്ടു പോയി .
“ചേച്ചിയെന്താ ഒന്നും കഴിക്കാറില്ലേ? ആകെ ക്ഷീണിച്ചോരു കോലമായല്ലോ?”
ഇടറുന്ന സ്വരത്തില്‍  ചേച്ചി പറഞ്ഞു.
“നീയെന്താ ഒന്നും അറിയാത്തവളെപ്പോലെ... എന്റെ നന്ദേട്ടനവിടെ വയ്യാതെ .......” ശേഷം പൊട്ടിക്കരയാന്‍ തുടങ്ങി.
ഒരു മാസം മുമ്പ് നന്ദേട്ടനു  ചെറിയ   പനിയും തല വേദനയും തോന്നി. വിവാഹത്തീയതി അടുത്തു വരുന്നു. എട്ടു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമുള്ള പ്രണയ സാഫല്യം. ഒരു ദിവസം ലീവെടുത്താല്‍ നാട്ടില്‍ നില്‍ക്കാന്‍ കഴിയുന്ന അവധി ദിവസങ്ങളില്‍ ഒരെണ്ണം കുറയുമെന്ന് കരുതിയാണ് ജീനേച്ചി ഫോണ്‍ വഴി അപേക്ഷിച്ചിട്ടും വക വെയ്ക്കാതെ ഓഫീസിലേക്ക് പോയത്. ആ പ്രണയ ദിനത്തിനു ശേഷം  ആരോടും സംസാരിക്കാന്‍ ഞങ്ങളുടെ നന്ദേട്ടനു കഴിഞ്ഞില്ല.  സഹ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ച നന്ദേട്ടന്  മെനിന്‍ജൈറ്റിസ് ആണെന്നാണ്‌ പിന്നീട് അറിഞ്ഞ വാര്‍ത്ത.
നന്ദേട്ടന്‍  ആശുപത്രിയിലാണെന്നു അറിഞ്ഞ ദിവസം മുതല്‍ എന്ത് കഴിച്ചാലും അതൊക്കെ ജീനേച്ചിയുടെ ശരീരം ചര്‍ദ്ദിയുടെ രൂപത്തില്‍ പുറന്തള്ളാന്‍   തുടങ്ങി. മനസ്സിന്റെ വേദന ശരീരവും അറിയുന്നുണ്ടായിരുന്നിരിക്കും.
എന്നാല്‍ അന്ന് മൂന്നു ദോശ എനിക്കൊപ്പം കഴിച്ചപ്പോള്‍ കണ്ടു നിന്നവര്‍ തെല്ലൊന്നു ആശ്വസിച്ചു. ജീനേച്ചിയുടെ ശരീരത്തെ ബലപ്പെടുത്താന്‍ അവ ഉതകുമെന്ന് ധരിച്ചു.
ജീനേച്ചിയുടെ ഫോണില്‍ പലരും വിളിക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് പ്രശ്നം മണത്തു. ചില നികൃഷ്ഠ ജീവികളുണ്ട്. മറ്റുള്ളവരുടെ വേദന കണ്ട് സന്തോഷിക്കുന്നവര്‍. ഇനിയും മൂന്നു ദിവസമുണ്ട് നന്ദേട്ടനെ  നാട്ടിലെത്തിക്കാന്‍. ഫോണ്‍ വിളിച്ച് ആ വാര്‍ത്ത ആരും ചേച്ചിയെ അറിയിക്കണ്ട എന്ന വാശിയില്‍ കളിക്കുകയാണെന്ന വ്യാജേന അതിലേക്ക് വരുന്ന കോളുകള്‍ എല്ലാം എന്റെ ഫോണിലേക്ക് തിരിച്ചു വിടാനായി  ഡൈവര്‍ട്ട് എന്ന സംവിധാനം ഉയോഗിച്ചു.
“നന്ദേട്ടന്‍റെ അമ്മയും പെങ്ങളും ഇന്ന് വിളിച്ചില്ലല്ലോ. ശ്രീക്കുട്ടീ, ഫോണില്‍ കളിച്ചത് മതി. ഇങ്ങു തരൂ .”
കുറച്ചു തവണ ശ്രമിച്ചു നോക്കി. അവരുടെ ഫോണിലേക്ക് വിളിക്കാനാകാതെ ,
“ഇതിന് എന്തോ പ്രശ്നമുണ്ട്. നീ കളിച്ചു  നശിപ്പിച്ചോ ?”
അവര്‍ അവിടെ ഉണ്ടാകില്ല, ഏതെങ്കിലും അമ്പലത്തില്‍ പ്രാര്‍ഥനയ്ക്ക്‌ പോയിട്ടുണ്ടാകും എന്നൊക്കെ പറഞ്ഞു രാത്രി വരെ ജീനേച്ചിയോടൊപ്പം നിന്നു.  രാത്രി ഉറങ്ങാന്‍ കിടന്ന ശേഷം ജീനേച്ചി പെട്ടെന്ന് കട്ടിലില്‍ നിന്നും ചാടി എഴുന്നേറ്റു. ഒരു നിമിഷം എന്താണ് സംഭവിച്ചതെന്നറിയാതെ ഞാന്‍ പകച്ചുപോയി. എന്നാല്‍ പെട്ടെന്നു തന്നെ ചേച്ചി കിടക്കയിലേക്ക് തിരികെ വന്നു. ഒരു കുഞ്ഞു പേപ്പര്‍ കഷണം കൈലുണ്ട്. അരണ്ട വെളിച്ചത്തില്‍ അതില്‍ നോക്കി എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. ഇടയ്ക്കു ശല്യം ചെയ്തില്ല. പ്രാര്‍ഥന ആകുമെന്ന് മനസ്സ് പറഞ്ഞു. പേപ്പര്‍ തിരികെ വെച്ച് എന്റെ അരികിലായി വന്നു കിടന്നതിനു ശേഷം കാര്യം അന്വേഷിച്ചു.
“ഇത് യേശുവിന്റെ പ്രാര്‍ഥനയാണ്. ഏഴു ദിവസം മുടങ്ങാതെ ചൊല്ലിയാല്‍ നമ്മുടെ ആഗ്രഹം സാധിക്കുമെന്ന്! രാവിലെ അവിടുന്ന് അമ്മ വിളിച്ചു പറഞ്ഞതാണ്. അവര്‍ ചൊല്ലാന്‍ തുടങ്ങി. എന്നോടും ചൊല്ലണമെന്ന്.”
അപ്പോള്‍ മനസില്‍ നിറഞ്ഞ വികാരങ്ങളെ അക്ഷരങ്ങളിലേക്ക് പകര്‍ത്താന്‍ അശക്തയാണ്.    വേദന കടിച്ചമര്‍ത്തി ഞാന്‍ ചോദിച്ചു.
“എന്തു പറ്റി ഇപ്പോള്‍ കൃഷ്ണ ഭക്തി ഒക്കെ മാറിയോ ?”
 മറുപടി എന്നെ അതിശയിപ്പിച്ചു.
“ശ്രീക്കുട്ടീ,കൃഷ്ണനോ ക്രിസ്തുവോ നബിയോ ആരുമായിക്കോട്ടെ എനിക്കെന്റെ നന്ദേട്ടനെ  തിരിച്ചു വേണം. അവരാരോടും ഞങ്ങള്‍ ഒരു തെറ്റും ചെയ്തില്ലല്ലോ. എന്നും നന്ദി പറഞ്ഞിട്ടേ ഉള്ളൂ. അറിയാതെ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിച്ചിട്ടേ ഉള്ളൂ..."
എന്താണ് മറുപടി പറയേണ്ടതെന്നറിയാതെ ഞാന്‍ മൗനം പാലിച്ചു.
"ശ്രീക്കുട്ടി ...ഉറക്കപ്രാന്തീ  നീ ഉറങ്ങിയോ??”
ഉറക്കം വന്നു കഴിഞ്ഞാല്‍ നിമിഷ നേരം കൊണ്ട് ഉറങ്ങുന്ന ശീലം എന്നെ ആ പ്രതിസന്ധിയില്‍ നിന്നും രക്ഷിച്ചു. ഞാന്‍ ഉറങ്ങിക്കാണുമെന്നു തന്നെ ചേച്ചിയും ധരിച്ചു.
പിന്നെയുള്ള രണ്ടു ദിവസം ഞങ്ങളെ സംബന്ധിച്ച് വല്ലാത്ത സമ്മര്‍ദ്ദം നിറഞ്ഞതായിരുന്നു. പതുക്കെപ്പതുക്കെ നന്ദേട്ടന്‍റെ അവസ്ഥ അല്‍പ്പം മോശമാണെന്നും ചിലപ്പോള്‍ മികച്ച ചികിത്സ ലഭിക്കുന്നതിനായി നാട്ടിലേക്ക് കൊണ്ടു വരാന്‍ സാധ്യതയുണ്ടെന്നും അറിയിച്ചു.
 “ ചേച്ചി വിഷമിക്കണ്ട. നമുക്ക് വീട്ടില്‍ പോയി കാണാം കേട്ടോ” സമധാനിപ്പിക്കനെന്നോണം ഞാന്‍ പറഞ്ഞു.
“ഏയ്‌ അതെങ്ങനെ പറ്റും ? ആശുപത്രിയിലേക്കല്ലേ കൊണ്ടു വരുന്നത്. എനിക്ക് കണ്ടില്ലെങ്കിലും വേണ്ടില്ല മോളേ. അസുഖം പെട്ടെന്നു മാറിയാല്‍ മതി.”
സ്കൂളില്‍ വിളിച്ചു ലീവ് അറിയിച്ചപ്പോള്‍ അവിടെ ജീനേച്ചിയുടെ കൂടെ ജോലി ചെയുന്ന ചില അദ്ധ്യാപകര്‍ വീട്ടിലേക്ക് വരുകയാണെന്നും ജീനയെ കാണണമെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു. അതിനു തക്ക കാരണം എന്തായിരിക്കുമെന്ന്  ചേച്ചി ചിന്തിച്ചില്ല.
 “ഇന്ന് സ്കൂളില്‍ നിന്നും ചിലര്‍ വരും . എന്നെ സമാധാനിപ്പിക്കാന്‍ വേണ്ടി. പാവങ്ങള്‍. അല്ലേ ?”
അതെ അവര്‍ വരുന്നത് അതിനു തന്നെയായിരുന്നു.പക്ഷെ നന്ദേട്ടന്റെ  അസുഖം പെട്ടെന്നു കുറയുമെന്ന് പറഞ്ഞു സമാധാനിപ്പിക്കാന്‍ ആയിരുന്നില്ലെന്നു മാത്രം. എന്തുകൊണ്ടോ ആ ദിവസം പതിവിലും കൂടുതല്‍ ബന്ധുക്കള്‍ ആ വീട്ടിലേക്ക് വന്നതു  കൊണ്ടാകണം ചേച്ചി കട്ടിലില്‍ നിന്നും തല പോക്കിയില്ല. ഇടയ്ക്കു എന്നെ അടുത്തേക്ക് വിളിച്ചു.
“ശ്രീക്കുട്ടീ, നീ നന്ദേട്ടന്‍റെ വീട്ടില്‍ ഒന്ന് വിളിക്കൂ. എന്നോട് സ്നേഹമുണ്ടെങ്കില്‍ ...പ്ലീസ് മോളെ. മൂന്നു ദിവസമായി ഞാന്‍ അവരോടു വിവരങ്ങള്‍ അന്വേഷിച്ചിട്ട്...”
അതിലും കൂടുതല്‍ സഹിക്കാന്‍ എനിക്ക് ത്രാണിയില്ലായിരുന്നു. നന്ദേട്ടന്‍റെ  ചേതനയറ്റ ശരീരം വിമാനത്താവളത്തില്‍ നിന്നും ബന്ധുക്കള്‍ ഏറ്റു വാങ്ങിക്കഴിഞ്ഞു. ഇനിയും ആ സത്യം മറച്ചു വെച്ചിട്ട് ആര്‍ക്കെന്തു ലാഭം കിട്ടാനാണ്‌.! എന്റെ നാവില്‍ നിന്നും അതറിയുവാനായിരുന്നു ജീനേച്ചിയുടെ വിധി.
“ ഇനി അങ്ങോട്ട് വിളിച്ചിട്ട് കാര്യമില്ല ചേച്ചി. നന്ദേട്ടന്‍ പോയി . ഇനി വരില്ല.”
 വ്യക്തമായിത്തന്നെ ഞാന്‍ അത് പറഞ്ഞു. ഒരു വേള പ്രപഞ്ചമാകെ നിശ്ചലമായ പോലെ തോന്നി.
അവസാനമായി ആ ശരീരം ഒന്നു കാണാന്‍ ആരും ഞങ്ങള്‍ക്ക് അവസരം ഉണ്ടാക്കിയില്ല.അതുകൊണ്ടു തന്നെ,
“ എന്റെ നന്ദേട്ടന്‍  മരിച്ചിട്ടില്ല ശ്രീക്കുട്ടീ . ദുബായിലെ ഏതോ തടവറയില്‍ രഹസ്യമായി പാര്‍പ്പിച്ചിരിക്കുകയാണ്. ആ മുഖം പോലുള്ള ഒരു മുഖം മൂടി ധരിപ്പിച്ച് ആരെയോ അവര്‍ കടത്തി വിട്ടതാണ്. എനിക്ക് ഉറപ്പുണ്ട്.”
ഇങ്ങനെ ചേച്ചി പറയുമ്പോള്‍ അത് സമനില തെറ്റിയ മനസിന്റെ തോന്നലായി എടുക്കേണ്ട ഞാന്‍ ഉള്ളില്‍ എവിടെയോ അത് സത്യമായിരുന്നെങ്കില്‍ എന്നാശിച്ചു പോയി.
മാസങ്ങളും വര്‍ഷങ്ങളും കടന്നു പോയി. നന്ദേട്ടന്‍ സ്ഥിരമായി എന്റെ സ്വപ്നങ്ങളെ പിന്‍ തുടര്‍ന്നു. കാലത്തിനു മുറിവിന്റെ ആഴം കുറയ്ക്കാനല്ലാതെ ഒരിക്കലും ആ വേദന പൂര്‍ണ്ണമായും തുടച്ചു നീക്കാന്‍ കഴിയില്ല. ഇതെഴുതുമ്പോള്‍ എന്റെ അരികില്‍ വന്നിരുന്ന ആ പച്ചക്കുതിര അതിനു തെളിവാണ്.
"നന്ദേട്ടാ, ആര്‍ക്കാണ് മറക്കാനാകുക !!"
അതിനെ  നോക്കി ഞാന്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.
............................................................................................................


No comments:

Post a Comment