Sunday 22 September 2019

*****മീര *****(കഥ)

*****മീര *****(കഥ)

ആദ്യമായാണ് ഉള്ളുപൊള്ളുന്ന വേദനയുമായി ഞാൻ വിമാനയാത്ര ചെയുന്നത്. നാലു മണിക്കൂർ നീണ്ട യാത്രയിലുടനീളമുള്ള ചിന്തകളിൽ അവൾ മാത്രമായിരുന്നു. എന്റേതെന്നു കരുതി ഞാൻ സ്നേഹിച്ചവൾ. ഒടുവിൽ ഒരു സ്നേഹചുംബനം പോലുമേകാതെ എന്നെ വിട്ടകന്നുപോയവൾ.

വെളുപ്പിനേ തിരിച്ച യാത്രയാണ്. റിയാദ് എയര്പോര്ട്ട് വിട്ട് വിമാനമുയരുമ്പോൾ സൂര്യനുദിച്ചിരുന്നില്ല.ഉറങ്ങാൻ കഴിയില്ലെന്നുറപ്പുണ്ടായിട്ടും കണ്ണുകളടച്ചു വെറുതെ ചാരിയിരുന്നു. മീരയുടെ ചിരിയുടെ,കരച്ചിലിന്റെ ,പരിഭവത്തിന്റെയൊക്കെ ശബ്ദം കാതുകളിൽ നിറഞ്ഞുനിന്നു. ഞാനറിയാതെ എന്റെ ഇടറിയ സ്വരം പുറത്തുവന്നുപോയി. "എന്റെ മീരാ,.ഇത്രവേഗം നീയെന്നെവിട്ടകന്നു  പോകുമെന്ന് കരുതിയില്ല." പെട്ടെന്ന് കണ്ണുതുറന്നു ചുറ്റും നോക്കി. ഇല്ല.ആരും കേട്ടില്ല. തൊട്ടടുത്തിരുന്ന യുവാവ് ഇയർ ഫോൺ ചെവിയിൽ വെച്ചു ഫോണിൽ ഏതോ സിനിമ കാണുകയാണ്. അതിനുമപ്പുറമിരിക്കുന്ന മധ്യവയസ്കൻ നല്ല ഉറക്കത്തിലാണ്.
അല്ലെങ്കിലും ഞാനിനി ആരെയാണ് ഭയക്കേണ്ടത്... ഭയപ്പെടേണ്ട നിമിഷങ്ങളൊക്കെ കഴിഞ്ഞുപോയി. ഇന്നലെ അഷ്‌റഫ് ഇക്കയുടെ ഫോൺ സന്ദേശമെത്തിയതോടെ എല്ലാ ഭയവും അവസാനിച്ചു.മീരയ്ക്ക് എന്തെങ്കിലും അപകടം നടന്നുകാണുമോ എന്നായിരുന്നു കഴിഞ്ഞ ഒരാഴ്ചയായി ചിന്ത. അവൾ മരിച്ചുപോയെന്നറിഞ്ഞപ്പോൾ പിന്നെന്തു ഭയം. ഇനിയെനിക്ക് സ്വന്തം മരണത്തെപ്പോലും ഭയമില്ല.

സൂര്യപ്രഭയേറ്റ് മേഘങ്ങൾ സ്വർണ്ണവർണ്ണമായിരിക്കുന്നു. മറ്റേതൊരു യാത്രയിലും ഈ രംഗം ഞാൻ മതിയാവോളം ആസ്വദിക്കുമായിരുന്നു. മേഘങ്ങളെ തൊട്ടുതലോടികൊണ്ട് സഞ്ചരിക്കുമ്പോൾ മനസു നിറയെ നാടിന്റെ പച്ചപ്പിലേക്ക് തിരിച്ചെത്തുന്നതിന്റെ സന്തോഷമായിരുന്നേനെ.പക്ഷേ ഈ യാത്ര വിഭിന്നമാണ്‌.

കൃത്യസമയത്തു തന്നേ ഫ്ളൈറ്റ് തിരുവന്തപുരം എയർപോർട്ടിൽ ലാൻഡ് ചെയ്തു. ബാഗേജ് പെട്ടെന്നുതന്നെ കസ്റ്റംസ് ക്ലിയറൻസ് കഴിഞ്ഞു വന്നു. മീരയുടെ ഒരയൽവാസി എയർപോര്ട്ടിലിനുള്ളിൽ ജോലി ചെയുന്നുണ്ട്. അയാൾ ആദ്യംതന്നെ വന്നെന്നെ കണ്ടു. അവിടെത്തുടങ്ങി ആ ചോദ്യം ഒത്തിരിത്തവണ പലരിൽ നിന്നും കേട്ടു.
"മീരയുടേയും ശ്രീജന്റേയും സുഹൃത്താണോ?"
എല്ലാവരും  ചോദിക്കാനിടയുണ്ടെന്ന് പറഞ്ഞു അഷ്‌റഫ് ഇക്കാ പഠിപ്പിച്ചതുപോലെ തന്നെ എല്ലാം പറഞ്ഞൊപ്പിച്ചു.
"അതെ. ശ്രീജന്റെ കൂടെ ഓഫീസിൽ ജോലി ചെയുന്നു. അയാളെ അറിയാമെന്നല്ലാതെ മീരയെ വലിയ പരിചയമില്ല. ബോഡിയുടെ കൂടെ നിർബന്ധമായും ഒരാൾ നാട്ടിലേക്ക് വരണമായിരുന്നു. കമ്പനി നിയോഗിച്ചത് എന്നെയായിരുന്നു."
അങ്ങനെ മീരയുടെ കുടുംബാങ്ങൾക്കും
പരിചയക്കാർക്കുമിടയിൽ  ഞാൻ
ശ്രീജന്റെ വെറുമൊരു സഹപ്രവർത്തകനായി സ്വയം അവതരിപ്പിക്കപ്പെട്ടു.
യാഥാർഥത്തിൽ ശ്രീജനെ ഒരിക്കൽപ്പോലും നേരിട്ട്
കണ്ടിട്ടില്ലാത്ത അയാൾക്ക് അപരിചിതനായ ഒരു പ്രവാസി മാത്രമായിരുന്നു താൻ.

എയർപോർട്ടിൽ നിന്നും  ഞങ്ങളെ കൂട്ടികൊണ്ടുപോകാൻവന്ന മീരയുടെ വല്യച്ഛന്റെ മകനോട് സംസാരിക്കുമ്പോൾ സ്വരം ഇടറാതിരിക്കാനും കണ്ണുകൾ നിറയാതിരിക്കാനും പരമാവധി ശ്രദ്ധിച്ചു.
അയാളുടെ കാറിലിരുന്ന് പൊൻമുടിയിലെ മീരയുടെ വീടുവരെ യാത്ര ചെയാമായിരുന്നെങ്കിലും ഞാൻ പറഞ്ഞു.
"വേണ്ട,ശ്യാം. ഞാൻ ആംബുലൻസിൽ ഇരിക്കാം. എനിക്ക് കാറിലിരുന്നാൽ ഛർദിക്കാൻ തോന്നും. "

അവളുടെ എംബാം ചെയ്ത ശരീരത്തേയും വഹിച്ചുകൊണ്ട് ആംബുലൻസ് പൊന്മുടിയിലേക്ക് തിരിച്ചു. പെട്ടിയ്ക്ക് മുകളിൽ മുഖമമർത്തി ഞാൻ ചുംബിച്ചു. ഒരിക്കലെങ്കിലും എന്റെ മീരയുടെ ചുവന്നുതുടുത്ത ചുണ്ടുകളിൽ ചുംബിക്കണമെന്ന മോഹം,അവളെപ്രതി നെയ്തുകൂട്ടിയ മറ്റുപല സ്വപ്നങ്ങൾക്കുമൊപ്പം ആ മഞ്ഞപ്പെട്ടിക്കുള്ളിൽ ആരോ കെട്ടിപ്പൂട്ടി വെച്ചുകഴിഞ്ഞിരുന്നു...
മീരയ്‌ക്കൊപ്പം ആംബുലൻസിൽ യാത്ര ചെയ്യാൻ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശ്യാമിന് അതിനുള്ള ധൈര്യമില്ലായിരുന്നിരിക്കണം. അതേതായാലും നന്നായി. എനിക്കും എന്റെ മീരയ്ക്കും ഒന്നര മണിക്കൂർ ഒരു ആംബുലസിന്റെ പിൻഭാഗത്തു ഒരുമിച്ച് സമയം ചെലവഴിക്കാനായല്ലോ. പെട്ടിതുറന്ന് അവളെ ഒരുനോക്ക് കാണണമെന്നുതോന്നിയെങ്കിലും അതത്ര  പ്രയോഗികമായിരുന്നില്ല.
ഉണങ്ങിവരണ്ട എന്റെ പ്രതീക്ഷകൾക്കുമീതെ ദാഹജലം തളിക്കാൻ വന്നെത്തിയെന്നു വിശ്വസിച്ചിരുന്ന എന്റെ മീരയിനി ഇല്ലെന്നോർത്തപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി.

അവളുടെ വീട്ടിൽ എല്ലാം തയാറായിരുന്നു. ആംബുലൻസ് ഡോർ തുറന്നു ആരൊക്കെയോ ചേർന്ന് അവളെ ഉയർത്തികൊണ്ടുപോകുംവരെ ഞാൻ അങ്ങനെ തന്നെയിരുന്നു. ശ്യാം വിളിച്ചു.
"നന്ദേട്ടൻ ഇറങ്ങുന്നില്ലേ?" പെട്ടെന്നു സ്ഥലകാലബോധം വന്നതുപോലെ  ഞാൻ എഴുന്നേറ്റു. ആർക്കും എന്നെ പിടികൊടുക്കരുതെന്ന ദൃഢനിശ്ചയവുമായി ഇറങ്ങി നടന്നു ശ്യാമിനൊപ്പം.
പിന്നീട് അവസാനമായി ഒരിക്കൽക്കൂടി ഞാൻ എന്റെ മീരയുടെ മുഖം കണ്ടു. കണ്ണടച്ചുറങ്ങികിടക്കുന്നതായേ തോന്നിയുള്ളൂ. ചടങ്ങുകൾ പെട്ടെന്നു നടത്തി ശരീരം വീടിനുപിൻഭാഗത്തെ ചിതയിലേക്കെടുത്തു.അന്നേരംവരെ ഞാൻ വീടിന്റെ ഉമ്മറത്തെ ചുവരിൽനോടു ചേർന്ന് നിൽക്കുകയായിരുന്നു.


ആളുകൾ ഒഴിയാൻ തുടങ്ങിയപ്പോൾ വീണ്ടും ശ്യാം അരികിലെത്തി കുളിച്ചൊന്ന് ഫ്രഷ് ആകണ്ടേയെന്നു ചോദിച്ചു. അതേന്നു പറഞ്ഞു അയാളെ പിൻതുടർന്നു വീടിനുള്ളിലേക്ക് കയറി. മീരയുടെ അച്ഛനമ്മമാർ താമസിച്ചിരുന്ന ആ വീട് അത്ര വലുതായിരുന്നില്ല.
ശ്യാം പറഞ്ഞു. "ബുദ്ധിമുട്ടില്ലെങ്കിൽ മീരേച്ചിയുടെ മുറി ഉപയോഗിക്കുമോ? ബാക്കി രണ്ടു മുറികളിലും നിറയെ സ്ത്രീകളാണ്. നന്ദേട്ടന് അത് കൂടുതൽ അസൗകര്യമാകും."
മനസുകൊണ്ട് ഞാൻ ആഗ്രഹിച്ചത് അതുതന്നെയാണെന്ന് അയാൾ അറിഞ്ഞില്ല. അത്യധികം  ആകാംക്ഷയോടെ ഞാനാ മുറിക്കുള്ളിലേക്ക് കയറി. എന്റെ മീര അവളുടെ കൗമാരവും യൗവനത്തിന്റെ ആദ്യപകുതിയും ചെലവഴിച്ച മുറി. എന്തോ അവളെന്നെവിട്ട് യാത്രയായെന്നുള്ള തോന്നൽ പതിയെ അകന്നുപോകുന്നതുപോലെ തോന്നി. ശ്യാം മുറിയുടെ വാതിൽ ചേർത്തടച്ച് പുറത്തേക്കുപോയെന്നു മനസിലായി. ഭിത്തിയിൽ തൂക്കിയിട്ടിരുന്ന രണ്ടു ചിത്രങ്ങൾ ഞാൻ ശ്രദ്ധിച്ചു. ഒന്ന് എന്റെ കഥ എന്ന പുസ്തകത്തിന്റെ പുറംചട്ടയിലെ കമലാദാസിന്റെ ഫോട്ടോ. ആ ഫോട്ടോയ്ക്ക് ഒരു വശ്യതയുണ്ടായിരുന്നു. രണ്ടാമത്തേത് മീരയുടെ അതേപ്രായത്തിലുള്ള ഏകദേശം അതേ വേഷവിധാനത്തിലുള്ള മറ്റൊരു ചിത്രം. മീര പറഞ്ഞതോർക്കുന്നു. അവൾ ഇടയ്ക്കിടെ ഈ രണ്ടു ചിത്രങ്ങളിലും മാറിമാറി നോക്കി സംസാരിക്കുമായിരുന്നത്രെ. ആമി എന്നു സ്നേഹത്തോടെ വിളിച്ചുകൊണ്ട് അവളുടെ പ്രിയപ്പെട്ട മാധവിക്കുട്ടിയോട് പരിഭവങ്ങൾ പറയുമായിരുന്നത്രേ .യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ക്‌ളാസ് കഴിഞ്ഞു ബേക്കറി ജങ്ഷനിലുള്ള ബസ്സ്റ്റോപ്പിലേക്ക് നടന്നുപോകുമ്പോൾ ആമിയെ ഖബറടക്കിയ പള്ളിയുടെ പിൻവശത്തെ മതിലിനോട് ചേർന്നുനിന്ന് അവരോട് സംവദിക്കാൻ ശ്രമിച്ചിരുന്നത്രേ. ആദ്യമൊക്കെ മീരയുടെ ഇത്തരം വർത്തമാനങ്ങൾ തനിക്ക് ദഹിച്ചിരുന്നില്ല. അവളെ പണ്ടത്തെ ,സ്‌കൂൾ സമയത്തെ പാവാടക്കാരിയായ നിഷ്കളങ്കയായ സുന്ദരിയായി കാണാനേ എനിക്കാകുമായിരുന്നുള്ളൂ. അവൾ വളർന്നതും നല്ലൊരു വായനക്കാരിയായതുമൊന്നും ഉൾക്കൊള്ളാനും മനസിനെ പാകപ്പെടുത്തിയെടുക്കാനും കുറേ സമയമെടുത്തു. അല്ലെങ്കിലും ധാരാളം സമയമുണ്ടായിരുന്നല്ലോ എനിക്കും അവൾക്കും!

ആദ്യമായി അവളുടെ ഫോണിലേക്ക് എന്റെ കോൾ നമ്പർ മാറിച്ചെന്ന ദിവസത്തെപ്പറ്റി ഓർക്കുമ്പോൾ അത്ഭുതമാണ്. കെട്ടുപോകും മുമ്പ് ഒരിത്തിരി എണ്ണയാകാൻ എനിക്കുകഴിഞ്ഞതോർത്ത് ഇപ്പോൾ ഉള്ളിലെവിടെയോ ഒരാശ്വാസം തോന്നുന്നുണ്ടോ എന്നുപോലും സംശയം. ആ സ്വരം ഒരു വലിയ ഇടവേളയ്ക്കു ശേഷം യാദൃശ്ചികമായിക്കേട്ടപ്പോൾ ഹൃദയമിടുപ്പ് കൂടി. തന്റെ ആരോ ആണ് മറുഭാഗത്തെ "റോങ് നമ്പർ"എന്നുപറഞ്ഞു കട്ട് ചെയ്ത സ്ത്രീ എന്നൊരു തോന്നൽ. പക്ഷേ
 വീണ്ടും വിളിക്കാൻ മനസുവന്നില്ല. അമ്മയുടെ മരണവാർത്ത തേടിവന്നിട്ട് അധികംദിവസമായിട്ടില്ലായിരുന്നു. നാട്ടിൽ ,വീട്ടിൽ സ്വന്തമെന്നു പറയാൻ ആകെയുള്ള അമ്മകൂടി നഷ്ടപ്പെട്ട സങ്കടത്തിൽ മനസാകെ കലങ്ങിയിരുന്നു. അതുകൊണ്ടുതന്നെ റോങ് നമ്പർ എന്ന നമ്പറുമായി പെണ്ണുങ്ങളെ ഫോൺ വഴി വളയ്ക്കാൻ നടക്കുന്ന വഷളൻ എന്ന വര്ത്തമാനം മറുതലയ്ക്കൽ നിന്നും കേൾക്കാൻ ഇഷ്ടപ്പെടാത്തതുകൊണ്ടുമാത്രം മനസിനെ നിയന്ത്രിച്ചുനിർത്തി.

 പക്ഷേ അന്നുറക്കത്തിൽ ഞാൻ മീരയെ സ്വപ്നം കാണുകയുണ്ടായി. അവളുടെ വിടർന്ന കണ്ണുകളും വശ്യമായ പുഞ്ചിരിയും. ഉറക്കത്തിൽനിന്നും ഞെട്ടിയുണർന്നു.ആ ദിവസം പകൽ മുഴുവൻ പൊന്മുടിയിലെ സ്‌കൂളിൽ നിന്നും അച്ഛന് സ്ഥലംമാറ്റം കിട്ടി നമ്മുടെ സ്വന്തം നാടായ മാവേലിക്കരയ്ക്ക് പോകുന്നതുവരെ എല്ലാ ദിവസവും നേരിട്ട് കാണാറുണ്ടായിരുന്ന ,ഉള്ളിൽ ഒരു കടലോളം ഇഷ്ടം തോന്നിയിരുന്ന മീര എന്ന ആ പെൺകുട്ടിയെപ്പറ്റി ഓർത്തു. എന്തോ ഒരുൾവിളിപോലെ മീരയുടെ സ്വരമാണോ ആ ഫോണിൽ കേട്ടതെന്ന ചോദ്യം സ്വയം ആവർത്തിച്ചുചോദിച്ചുകൊണ്ടിരുന്നു.ഒടുവിൽ
രണ്ടും കൽപ്പിച്ച് ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ഞാൻ അവളുടെ നമ്പറിൽ വീണ്ടും വിളിച്ചു. ഇത്തവണ പക്ഷേ അബ്ദുൽ ആണോ എന്നല്ല പകരം. "നിങ്ങളുടെ പേര് മീരയെന്നാണോ.?" എന്നാണ്  ചോദിച്ചത്.  അവൾ അപ്പോൾ അതെയെന്നോ അല്ലെന്നോ പറയാതെ,"ഇതാരാണെന്നു പറയൂ ,എന്റെ നമ്പർ തനിക്കാരു തന്നു?" എന്നുചോദിച്ചു..അപ്പോൾ അതിനുള്ള ഉത്തരം കൃത്യമായി പറയാനെനിക്ക് കഴിഞ്ഞില്ല. ഭയന്നപോലെതന്നെ അവൾ തെറ്റിദ്ധരിച്ചുകാണുമെന്ന ജാള്യതയിൽ ഫോൺ വെച്ചു. പിന്നെ രണ്ടു ദിവസം വല്ലാത്ത വിഷമമായിരുന്നു. അതിനിടയിലും പക്ഷേ മീരയുടെ സ്വരം ഞാൻ തിരിച്ചറിഞ്ഞു എന്നുള്ള സന്തോഷം ഉള്ളിലുണ്ടായിരുന്നു. ഏകദേശം പതിനാലുവര്ഷമായിക്കാണും മീരയും താനും പിരിഞ്ഞിട്ട്. പൊൻ‌മുടിയിൽ കോടമഞ്ഞിറങ്ങുന്ന പലദിവസങ്ങളിലും സ്‌കൂൾ നേരത്തേ
വിടുമ്പോൾ അവളുടെ കൈപിടിച്ചു മലയിറങ്ങിയിട്ടുണ്ട്. അവളുടെ നന്ദാ എന്ന വിളിയിൽ കോടമഞ്ഞിന്റെ തണുപ്പ് വിട്ടകന്നു ശരീരമാകെ ചൂട് പടർന്നിട്ടുണ്ട് .അതൊരിക്കലും അവളറിഞ്ഞിരുന്നില്ലെന്നുമാത്രം. മാവേലിക്കരയിലേക്ക് പോയിക്കഴിഞ്ഞു ജീവിതമാകെ മാറിമറിഞ്ഞു. ആഗ്രഹിച്ചിട്ടും പിന്നീട് തിരിച്ചു മലകയറാൻ കഴിഞ്ഞില്ല. എല്ലാം ഒത്തുവന്നപ്പോഴേക്കും മീര ആലപ്പുഴക്കാരൻ ഒരു ശ്രീജന് സ്വന്തമായിക്കഴിഞ്ഞിരുന്നു. അവളെ ഒരിക്കലും വിളിച്ചുസംസാരിച്ചിരുന്നില്ലെങ്കിലും പൊന്മുടിയിലെ ചില ബന്ധങ്ങൾവഴി ഞാൻ മീരയുടെ വിവരം അറിഞ്ഞിരുന്നു. സ്വന്തമാക്കപ്പെട്ടാൽ മനസിലെ പ്രണയം മരിച്ചുപോകുമെന്ന ആശ്വാസപ്പെടലിൽ പിന്നെ മീര ഒരു നഷ്ടപ്രണയമായി ആളൊഴിഞ്ഞു കിടന്ന മനസിന്റെ  നല്ലൊരു ഭാഗത്തു പ്രതിഷ്ഠിക്കപ്പെട്ടു. ആ മീരയുടെ സ്വരമാണ് ഇത്രവേഗം തനിക്ക് തിരിച്ചറിയാനായത്. എങ്കിലും വീണ്ടുമോർത്തപ്പോൾ  വല്ലാത്ത ജാള്യത. വീണ്ടും വിളിക്കേണ്ടിയിരുന്നില്ല എന്നുതോന്നി.

കോടമഞ്ഞുള്ളപ്പോൾ പൊൻ‌മുടിയിൽ ഒരു മീറ്റർ അകലെ നിൽക്കുന്നവരെപ്പോലും കാണാൻ സാധിക്കില്ല. കുറച്ചകലെമാറിനിന്ന് "നന്ദാ..." എന്നവൾ വിളിക്കുമ്പോൾ സ്വരം മാത്രം കേട്ട് അവളുടെ കൈകളിലേക്ക് ക്രിക്കറ്റ് ബോൾ ഉന്നംതെറ്റാതെ എറിഞ്ഞു കളിക്കുമായിരുന്നു പണ്ട് . അന്നൊക്കെ അവൾ ചോദിച്ചിരുന്നു. "ഇതെങ്ങനെ സാധിക്കുന്നു? ഈ മഞ്ഞിൽ നിനക്കെങ്ങനെ എന്നെ കാണാൻ സാധിക്കുന്നു?' എന്നൊക്കെ. അവളുടെ സ്വരം അത്രമേൽ ഹൃദയത്തിൽ പതിപ്പിച്ചിരുന്നതുകൊണ്ടാകണം അങ്ങനെ ഒരു ആകസ്മികമായ ഫോൺ വിളിയിൽ തികച്ചും അപ്രതീക്ഷിതമായി എനിക്കെന്റെ മീരയെ കണ്ടെത്താനായത്.

രണ്ടുദിവസങ്ങൾക്കു ശേഷം മീരയുടെ നമ്പറിൽനിന്നും എനിക്കൊരു കോൾ വന്നു.
"നന്ദാ...നീയെങ്ങനെയാടാ എന്നെ കണ്ടുപിടിച്ചത്? ശ്രീജന്റെ പേരിലുള്ള ഈ നമ്പറിൽ ഒരിക്കലും ആരും എന്നെ അന്വേഷിച്ചു വിളിച്ചിട്ടില്ല. ഇതെന്ത് അത്ഭുതമാണ്?"

അത്ഭുതമത്രയും എനിക്കായിരുന്നു. അവൾക്ക്,അതായത് എന്റെ മീരയ്ക്ക്  എന്നെ മനസിലായിരിക്കുന്നു. പേര് പറയാതെ ഏതാനും വാചകങ്ങൾ മാത്രം പറഞ്ഞൊപ്പിച്ച് ഫോൺ വെച്ചിട്ടും അവൾക്കെന്നെ മനസിലായിരിക്കുന്നു!

"മീര, ഞാൻ തന്നെ വിളിച്ചതായിരുന്നില്ല. എന്റെ ഒരു സുഹൃത്തിന്റെ നമ്പറിലേക്ക് വിളിച്ചപ്പോൾ നമ്പർ തെറ്റി ആ കോൾ തന്നെത്തേടി വരികയായിരുന്നു.ഇതൊരു നിയോഗമാണ്.ഈശ്വരൻ എന്തൊക്കെയാണ് കരുതിവെച്ചിരിക്കുന്നതെന്ന് നമുക്കറിയില്ലല്ലോ!"

കുറച്ചുസമയത്തെ മൗനത്തിനു ശേഷം  ചോദിച്ചു.
 "മീര...തനിക്ക് സുഖമല്ലേ?"
അതിനുള്ള മറുപടിയും ഒരു നീണ്ട മൗനമായിരുന്നു.പിന്നീട് ഒന്നും ചോദിയ്ക്കാൻ എനിക്കായില്ല.
ഇനി വിളിക്കുമെന്നോ ഇല്ലെന്നോ പറയാതെ അവൾ ഫോൺ വെച്ചു.

പക്ഷേ അധികം വൈകാതെ വീണ്ടും അവളുടെ വിളികൾ എന്നെത്തേടിയെത്തി. റിയാദിലെ ഒരു ഫ്ലാറ്റിൽ പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ അവൾ അനുഭവിക്കുന്ന ക്രൂരമായ പീഡനത്തിന്റെ കഥകൾ ഓരോന്നായി എന്നിലേക്ക് ഒഴുകിയെത്തി. അതെന്റെ ഹൃദയത്തെ വെന്തെരിച്ചുകൊണ്ടിരുന്നു. റിയാദിൽ നിന്നും ഏറെ അകലെയുള്ള അബ്ബ നഗരത്തിലായിരുന്നു എന്റെ ജോലി. ശ്രീജൻ എന്ന മീരയുടെ ഭർത്താവിൽ നിന്നും അവൾ അനുഭവിച്ച പീഡകൾ വിവരിക്കുമ്പോൾ അവളൊരിക്കലും വിതുമ്പിയതുപോലുമില്ല.

"എന്നെങ്കിലും അയാളെന്നെ നാട്ടിലേക്ക് കൊണ്ടുപോകുമല്ലോ നന്ദാ.പിന്നെ ഞാൻ തിരിച്ചുവരില്ല. ഈ മണ്ണിലേക്കും അയാളുടെ ജീവിതത്തിലേക്കും"
  ഞാനോർത്തു "ഒരാളെങ്ങനെയാണ് പുറമേ മാന്യനും ദയാലുവും അടച്ചിട്ട മുറിക്കുള്ളിൽ മൃഗതുല്യനുമാകുന്നത്!" തുടർന്ന് ഞാൻ അത്തരത്തിലുള്ള സ്വഭാവവൈകൃതങ്ങളെ പറ്റി നെഞ്ചിടിപ്പോടെ മനസിലാക്കി.


ഞാൻ മീരയിൽ എന്റെ അമ്മയെ, പെങ്ങളെ , കൂട്ടുകാരിയെ,ഭാര്യയെ ഒക്കെ കണ്ടു. പക്ഷേ അവളോടൊരിക്കലും ചോദിച്ചില്ല ആ ജയിലിൽ നിന്നും നിന്നെ മോചിപ്പിക്കട്ടേയെന്ന്. സൗദി പോലുള്ള ഒരു രാജ്യത്തു ,ഇത്ര അകലെ ജീവിക്കുന്ന എനിക്ക് എന്തെങ്കിലും ചെയ്യാനാകുമായിരുന്നോ എന്നുകൂടി എനിക്കറിയില്ല. അന്നും ഇന്നും.
പക്ഷേ,ഒടുവിൽ അത് സംഭവിച്ചു.ശ്രീജന്റെ കൈകൾകൊണ്ടു തന്നെ അവൾ അവസാനിച്ചു. പോസ്റ്റുമാർട്ടറിപ്പോർട്ട് പ്രകാരം മരണകാരണം തലയുടെ പിൻഭാഗത്തേറ്റ ആഘാതമായിരുന്നു. അവളുടെ ശരീരത്തിൽ മരണകാരണമല്ലെങ്കിലും നൂറോളം ഉണങ്ങാത്ത മുറിവുകൾ ഉണ്ടായിരുന്നത്രെ! അതൊന്നും ഒരൊറ്റ ദിവസത്തിൽ ഉണ്ടായതായിരുന്നില്ലെന്നത് അതറിഞ്ഞ എല്ലാവരേയും വേദനിപ്പിച്ച ഒരു സത്യമായിരുന്നു .

 മീരയുടെ ഭാവം കുറേയേറെ ദിവസങ്ങൾകൊണ്ട് മാറുന്നതായി തോന്നിയിരുന്നു.അതിൽ എവിടെയൊക്കെയോ ആശ്വാസത്തിന്റെ നേർത്ത ഒരു പാളിയുണ്ടായിരുന്നു. അതിനുള്ള കാരണം ഞാൻ തന്നെയായിരുന്നെന്നു എനിക്കുറപ്പായിരുന്നു. ശരീരത്തിന് ഓരോ രാത്രിയിലുമേൽക്കുന്ന മുറിവുകൾ പകൽ സമയത്തെ ചില സംഭാഷങ്ങൾ കൊണ്ടുമറക്കാൻ അവൾ ശ്രമിച്ചിരുന്നതായി തോന്നി. പക്ഷേ,ഒരിക്കലും അവളെന്നോടുള്ള സ്നേഹം തുറന്നുസമ്മതിച്ചില്ല.ഒരുറപ്പും എനിക്ക് തന്നില്ല.

 "നന്ദാ,എന്റെ ഭാവി എന്തായിതീരുമെന്നു എനിക്കൊരുറപ്പുമില്ല.അപ്പോളെങ്ങനെ നിനക്ക് ഞാനെന്തെങ്കിലും വാഗ്ദാനം നൽകും ?. എന്റെയീ സ്നേഹംപോലും നീയൊരു മിഥ്യയായി കരുതുക. സ്വപ്നംപോലെ പോയ്മറയുന്ന കാലമാണിതെന്നു നീ എന്നെങ്കിലും തിരിച്ചറിയും"
അതേ,ഒരു സ്വപ്നംപോലെ എന്റെ മീര പോയിമറഞ്ഞു.

ശ്രീജൻ എന്ന അതിവിദഗ്ധനായ കമ്പ്യൂട്ടർ എൻജിനീയർ സ്വന്തം ഭാര്യയെ അയൽവാസികളിൽ നിന്നുപോലും ഒളിപ്പിച്ചുനിർത്തി,ഓരോ രാത്രികളിലും അവളെ മുറിവേൽപ്പിച്ചു സന്തോഷിച്ചത് എന്തിനാണെന്നുള്ളതിനുള്ള ഉത്തരം ആ രാജ്യത്തെ പോലീസിനും നിയമത്തിനുംപോലും കണ്ടെത്താനായില്ല.സഹചര്യതെളിവുകൾ പൂർണ്ണമായും എതിരായതുകൊണ്ടുകൂടിയാകണം അയാൾ പക്ഷേ കുറ്റമേറ്റുപറഞ്ഞിരുന്നു.പോലീസിനു ഒന്നുമാത്രം വളരെ എളുപ്പത്തിൽ കണ്ടെത്താനായി,ഐ .എസ്.ഡി  കോളുകൾ ബ്ലോക്ക് ചെയ്ത ശ്രീജന്റെ പേരിലുള്ള ഒരു സിമ്മിൽ നിന്നും അബ്ബയിലുള്ള ഒരു മലയാളിയോട് ആരോ സ്ഥിരമായി സംസാരിക്കുന്നുണ്ടായിരുന്നു. അയാളെ വിളിച്ചു മീരയുടെ മരണവാർത്ത പറഞ്ഞപ്പോൾ അയാൾ ഫോണിലൂടെ ഏങ്ങലടിച്ചുകരയുന്നുണ്ടായിരുന്നെന്ന് അഷറഫ്‌ ഇക്കയോട് അന്വേഷണ ഉദ്ദ്യോഗദ്ധർ പറഞ്ഞത്രേ. ബോഡിയുടെ ഒപ്പം പോകാമോ എന്ന് എംബാമിങ് നടപടികളൊക്കെ വേഗത്തിലാക്കാൻ സഹായിക്കുന്ന ദൈവതുല്യനായ ആ മനുഷ്യൻ ചോദിച്ചപ്പോൾ, "വേണമെങ്കിൽ അവൾക്കുവേണ്ടി മരിക്കാനും ഞാൻ തയ്യാറാണ് " എന്നുപറഞ്ഞ് റിയാദിലേക്ക് വിമാനം കയറിയപ്പോൾ മനസ്സിൽ മീരയുടെ സ്വരം നിറഞ്ഞുനിന്നു.വല്ലപ്പോഴുമെങ്കിലും കേട്ടിരുന്ന അവളുടെ ചിരിയുടെ മുഴക്കവും.

ഒടുവിൽ പൊന്മുടിയിലെ വീട്ടിൽ അവളുടെ കിടക്കയിൽ കിടന്ന് ചെറുതായൊന്നു മയങ്ങിയപ്പോൾ അവളെന്റെ സ്വപ്നത്തിൽ ഒരു മാലാഖയായി വന്നു.അപ്പോൾ അവളുടെ ശരീരത്തിൽ മുറിപ്പാടുകളൊന്നുമുണ്ടായിരുന്നില്ല. അതിസുന്ദരിയായ ആ  മാലാഖ വശ്യമായൊന്നു പുഞ്ചിരിച്ചുകൊണ്ട്‌ മേഘങ്ങൾക്കിടയിലേക്ക് മറഞ്ഞുപോയി.എന്റെ സ്വപ്നവും.


*****************************************************************************************************************************************

വൃന്ദാ അഭി ശിവൻ
31മെയ് 2019

പിൻകുറിപ്പ് :ഒ .എം അബൂബക്കർ എഴുതിയ മരണപുസ്തകത്തിൽ ഒരു സംഭവം വിവരിക്കുന്നുണ്ട്. വിദേശിയായ ഒരു വനിത UAE യിൽ വെച്ചു തന്റെ ഭർത്താവിനാൽ കൊല്ലപ്പെടുന്നു .അയാൾ കുറ്റമേറ്റെടുക്കുന്നു . എന്നാൽ ശരീരം നാട്ടിലേക്ക് അയച്ചപ്പോൾ കൂടെപ്പോകാൻ തയാറായത് അവരുടെ കാമുകൻ മാത്രമായിരുന്നു.സമൂഹം കുറ്റപ്പെടുത്തുമെന്നറിഞ്ഞിട്ടും അവളുടെ ശരീരവും കൊണ്ട് വിമാനമേറാൻ അയാളെ പ്രേരിപ്പിച്ചത് എത്ര ദിവ്യമായ സ്നേഹമാകുമെന്ന് ശ്രീ അഷറഫ് താമരശ്ശേരിയെപ്പോലെ ഞാനുമേറെ ആലോചിച്ചു.ഒടുവിൽ കേരളത്തിന്റേയും സൗദിയുടെയും പശ്‌ചാത്തലത്തിൽ ഒരു കഥ വിടർന്നു . ആ സ്ത്രീയ്ക്കും അവളെ സ്നേഹിച്ച പുരുഷനും പിന്നെ ശ്രീ അഷ്‌റഫ് താമരശേരിക്കും  പൂർണ്ണമായും സ്വന്തമെന്നവകാശപ്പെടാനാകാത്ത എന്റെ ഈ കഥ സമർപ്പിക്കുന്നു.നന്ദി.

No comments:

Post a Comment