Saturday 21 July 2018

ശ്രദ്ധാഞ്ജലി

ചിലരുടെവിയോഗം ജീവിതത്തിൽ നികത്താനാകാത്ത വിടവ് സൃഷ്ടിയ്ക്കും.എന്നിരുന്നാലും മരണാനന്തര ജീവിതത്തിൽ അത്രമേൽ വിശ്വാസമില്ലാത്തവർ പോലും തങ്ങളുടെ പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിനായി കൊതിയ്ക്കും..നമുക്ക് അപ്രാപ്യമായ ആ ലോകത്തിരുന്നു അവർ നമ്മെ വീക്ഷിക്കുമെന്നു വെറുതേയങ്ങ് ആശിക്കും.അത്തരം ആഗ്രഹമാണ് എന്റെ സാറിനെപ്പറ്റി ഓർക്കുമ്പോഴൊക്കെ മനസിൽ നിറയുന്നത്.കിളിമാനൂർ നിവാസികൾക്ക് സുപരിചിതനായ അദ്ധ്യാപകൻ "തുളസീദാസ്".അദ്ദേഹമെനിക്കു വെറുമൊരു സാർ മാത്രമായിരുന്നില്ല.പിതൃതുല്യനെന്നോ, ഈശ്വരനിലേക്കുള്ള വീചിയിൽ വെളിച്ചമായി നിറഞ്ഞ, നിറയുന്ന, ഇനിയെന്നും നിറയേണ്ട മഹത് വ്യക്തി എന്നൊക്കെപ്പറഞ്ഞാൽ....വാക്കുകൾ മതിയായി ലഭ്യമാകുന്നില്ലെന്നു സൂചിപ്പിക്കുന്നതാവും നല്ലത്..

യു.പി.സ്കൂൾ പഠനം അവസാനിച്ചു ടൗൺ യു. പി സ്കൂൾ എന്ന ഞങ്ങളുടെ സ്വന്തം വിദ്യാലയത്തിൽ നിന്ന് ഇറങ്ങുന്നതിന് മുൻപ് ഏഴാം ക്ലാസ് ടീച്ചറായി സദാ പുഞ്ചിരിക്കുന്ന മുഖവും അതിലുപരി നന്മ നിറഞ്ഞ മനസുമായി അദ്ദേഹം കടന്നു വന്നു.ഒരു അദ്ധ്യാപകൻ എങ്ങനെയായിരിക്കണമെന്ന് കാണിച്ചു തന്നു. സ്വന്തം മക്കളായി കരുതി ഞങ്ങളെ സ്നേഹിച്ചു."മക്കളേ.." എന്ന് മനസ്സിൽ തൊട്ടു വിളിച്ചു.പാഠ്യേതര വിഷയങ്ങളിൽ ഓരോ കുട്ടിയുടേയും കഴിവുകൾ മനസിലാക്കി അവയെ പരിപോഷിപ്പിക്കാനുള്ള വിത്തുകൾ പാകി....ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന ആശയത്തെ കലർപ്പ് ചേർക്കാതെ വിദ്യാലങ്ങളിലേക്കു എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തി.
ലാഭേശ്ചയേതുമില്ലാതെയുള്ള അദ്ദേഹത്തിന്റെ പ്രവൃത്തികൾ കണ്ടു വളർന്ന എന്റെയുള്ളിൽ ആ മനുഷ്യൻ ഈശ്വരസ്വരൂപനാണ്.നോട്ടുപുസ്തകത്തിൽ കുറിച്ചിട്ട വരികൾ കണ്ടുപിടിച്ച കൂട്ടുകാരുടെ പരിഹാസത്തിൽ വിഷമിച്ചു നിന്ന ആ പതിനൊന്നു വയസുകാരിയ്ക്ക് അക്ഷരത്തിന്റെ, വായനയുടെ മാഹാത്മ്യം പറഞ്ഞു മനസിലാക്കി തന്ന മനുഷ്യൻ.
കറുത്ത ബോർഡിന് മുന്നിലായി ജീർണിച്ച തടിമേശയ്ക്കരികിലായി സാറിന്റെ ഓരം ചേർന്ന്നിന്ന് അതൊക്കെ ശ്രവിക്കുന്നത് ഓർമ്മയിലിപ്പോഴും സൂക്ഷിച്ചു വെയ്ക്കുന്നു.വലിയ സ്കൂളിലേക്കുള്ള പറിച്ചു നടലിൽ വേരുറയ്ക്കാൻ മടിച്ചു നിന്ന ചെടിയിലേക്ക് ആശ്വാസത്തിന്റെ അമൃതജലമായി സാറുമായുള്ള ഫോൺ സംഭാഷണങ്ങൾ മാറുകയായിരിന്നു.പുതിയ ലോകവുമായി പൊരുത്തപ്പെട്ടപ്പോഴും ജീവിതത്തിന്റെ മറ്റെല്ലാ സുപ്രധാന ഘട്ടങ്ങളിലും ഗുരുസ്ഥാനീയനായി അനുഗ്രഹം വാങ്ങിയത് അദ്ദേഹത്തിൽ നിന്നായിരുന്നു.
എസ് .എസ്.എൽ .സി. പരീക്ഷാഫലം വിളിച്ചറിയിറിച്ചപ്പോഴാണ് തിരുവനന്തപുരം ആയുർവേദാശുപത്രീൽ നടുവേദനയെത്തുടർന്ന് ചികിത്സയിലാണെന്നറിഞ്ഞത്.എത്രയും പെട്ടെന്നുതന്നെ സാറിനരികിലെത്തി."മക്കളേ,നല്ല മാർക്കുവാങ്ങി പാസായിട്ട് ഒരു മിഠായിപ്പോലും വാങ്ങിത്തരാൻ സാറിനു പറ്റിയില്ലല്ലോ" എന്നുപറഞ്ഞു വേദനയിലും വിരിയുന്ന ചിരി സമ്മാനിച്ചു.എന്നെയും കൂടെക്കൂട്ടിച്ചെന്ന ടീച്ചറിനോട് " ഈ കിലുക്കാംപെട്ടിക്കിതെന്തുപറ്റി ടീച്ചറേ ഒന്നും മിണ്ടുന്നില്ലല്ലോ"എന്നു പരിഭവം പറഞ്ഞു.സാറിന്റെ കിലുക്കാംപെട്ടിയ്ക്ക് താങ്ങാനാകാത്ത വേദനയായിരുന്നു ആ രൂപമെന്നു പറയാതെതന്നെ മനസിലാക്കീട്ടാകണം തുടർന്നു വേണ്ടിവന്ന ശാസ്ത്രക്രിയയ്ക്കു ശേഷം ഇനിയൊരിക്കലും കാലുകൾ സ്വയം ചലിപ്പിക്കാൻ തനിക്കാവില്ലെന്ന് മനസിലാക്കിയ അദ്ദേഹം ആ വിവരം എന്നിൽനിന്നും മറച്ചുവയ്ക്കാൻ ചുറ്റുമുള്ളവരോട് ആവശ്യപ്പെട്ടത്.എങ്കിലും ചില സത്യങ്ങൾ എക്കാലവും മൂടിവയ്ക്കാൻ ചിലർക്കാവില്ലല്ലോ!
തുടർന്നുള്ള എട്ടിലധികം വർഷങ്ങൾ . അന്നോളം ഞാൻ അപ്രാധാന്യത്തോടെ സമീപിച്ചിരുന്നു അദ്ദേഹഹത്തിന്റെ കുടുംബാംഗങ്ങൾ എന്റെ മനസ്സിനെ അത്രമേൽ സ്വാധീനിച്ച നീണ്ട കാലഘട്ടം. മനസ്സിന്റെയും ശരീരത്തിന്റെയും പരിചരണമേറ്റെടുത്ത് തന്റെ നല്ലപാതിയെ ജീവനും ജീവിതവുമായിത്തന്നെ തുടർന്നും സമീപിച്ച ശകുന്തള ടീച്ചർ. ടീച്ചറെന്നോ ആന്റിയെന്നോ അമ്മയെന്നോ ഞാൻ വിളിക്കുന്ന ആ അത്ഭുതവനിത അദ്ദേഹത്തിന് തണൽ മാത്രമായിരുന്നില്ല മനസാക്ഷി കൂടെയായിരുന്നു .
ദിവസങ്ങളും മാസങ്ങളും വർഷങ്ങളും വീണ്ടും കടന്നുപോയി . വീൽ ചെയറിലിരുന്നുകൊണ്ട് സാമാന്യം വലിയൊരു സ്‌കൂളിന്റെ പ്രധാന അധ്യാപകനായി സേവനം ചെയ്തു വിരമിച്ച അദ്ദേഹം വിദ്യാർത്ഥികൾക്കും സഹപ്രവർത്തകർക്കും രക്ഷിതാക്കൾക്കുമൊക്കെ അത്ഭുതം തന്നെയായിരുന്നു .
ഭിന്നശേഷിക്കാരായ നിരവധി കുട്ടികളെ എന്റെയരുകിലേക്ക് തെറാപ്പിക്കായി നിർദ്ദേശിച്ചയക്കുമ്പോൾ നേരിട്ടറിഞ്ഞിട്ടുണ്ട് ആ കുട്ടികളുടെ രക്ഷിതാക്കൾ സാറിനെ എത്രമാത്രം ബഹുമാനിക്കുന്നുണ്ടന്ന്. അത്രമേൽ പ്രകാശം ചൊരിഞ്ഞു നിന്ന ഊർജ്ജ സ്രോതസ്സായിരുന്നു എന്റെ സാർ.
2015 ൽ എന്റെ വിവാഹം ക്ഷണിക്കാൻ ചെന്നപ്പോൾ പക്ഷെ വരും ദിവസങ്ങളെപ്പറ്റി ആവലാതി നിറഞ്ഞ പ്രതീക്ഷ നഷ്ടപ്പെട്ട ആ സ്വരം എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞു.
എത്രമേൽ സ്വാന്ത്വനിപ്പിക്കാൻ ശ്രമിച്ചാലും വിദ്യാലയവും ഉത്തരവാദിത്വങ്ങളുമില്ലാതെ സ്വന്തം ശരീരത്തെ നിയന്ത്രിക്കാനാകാതെയുള്ള ഓരോ നിമിഷവും അദ്ധേഹത്തിന്റെ സന്തോഷങ്ങളൊക്കെയും നഷ്ടപ്പെടുത്തുകയാണെന്നതായിരുന്നു സത്യം.
മകൻ ഉദരത്തിൽ പൂർണ്ണ വളർച്ചയെത്തിയപ്പോൾ കൃത്യം ഒരു വര്ഷം മുൻപ് 'അമ്മ വിളിച്ചു പറഞ്ഞു ' മോളേ തുളസി സാർ...... നീയിപ്പോ വരണ്ട ഈ അവസ്ഥയിൽ നീയെവിടെ പോകണ്ട ...''
ഒരു യാത്രയിലായിരുന്ന ഞാനുമെന്റെ പ്രിയനും വീട്ടിൽ തിരിച്ചെത്തി .
''നിനക്ക് പോകണമെങ്കിൽ ആരെതിർത്താലും ഞാനവിടെ കൊണ്ടുപോകും '' തോളോട് ചേർത്തെന്നെ സമാധാനിപ്പിച്ച ഏട്ടനെ ഒരുവട്ടം പോലും സാറിനെ പരിചയപ്പെടുത്താനായില്ലല്ലോ എന്നോർത്ത് വിങ്ങിപ്പൊട്ടാനേ അപ്പോൾ കഴിഞ്ഞുള്ളു .
സാറിന്റെ നമ്പറിൽ നിന്നും സാറിന്റെ മകൻ വിളിച്ചു . സാധാരണ കോൾ വരുമ്പോൾ കേൾക്കാറുള്ള 'മക്കളേ ....' എന്നുള്ള വിളിയാവണേ എന്നൊരു കൊതിയോടെ ഫോൺ അറ്റൻഡ് ചെയ്തു . ''അച്ഛന് വേണ്ടപ്പെട്ടവരെ അറിയിക്കാനാണ് ഈ നമ്പറിൽ നിന്നുതന്നെ വിളിച്ചത് '' പാർത്ഥൻ ചേട്ടന്റെ സ്വരത്തിന് 'ഞാനറിഞ്ഞു ' എന്നുമാത്രം മറുപടി .
കഴിഞ്ഞ മാസം മുട്ടിലിഴഞ്ഞു നടക്കുന്ന സച്ചുമോനുമായി ഞാനവിടെ പോയി . എല്ലാം സാധാരണ പോലെ സാറിന്റെ അസ്സാനിധ്യം അറിയുന്നതേയില്ല ഒരു വർഷമായിട്ടും കണ്ണുനീർ തോരാത്ത ആ അമ്മയുടെ വാക്കുകളിലൊഴികെ.
ഇരുവശവും ചെടികൾ വച്ചുപിടിപ്പിച്ച നടപ്പാതയിലൂടെ എന്റെ കുഞ്ഞിനേയുമെടുത്ത് അദ്ദേഹം സുഖമായുറങ്ങുന്നയിടത്തേക്ക് ആ അമ്മ നടന്നു. ചെവിയിലെന്തൊക്കെയോ സ്വകാരം പറഞ്ഞു മകനെക്കുറിച്ച് .പിന്നാലെ ചെന്ന എന്നെക്കണ്ട് ചാടിവന്ന മോനോട് നിറകണ്ണുകളോടെ ഞാൻ പറഞ്ഞു ''മോനേ അവിടൊരു അച്ഛാച്ചനുണ്ട് ..നീയും വളരുക മകനേ ലോകാ സമസ്താ സുഖിനോ ഭവന്തു എന്നേറ്റു ചൊല്ലിക്കൊണ്ട് ... ഗുരു കാട്ടിത്തന്ന ദൈവത്തെ കാണുവാൻ നിന്റെ കുഞ്ഞിക്കണ്ണുകൾക്കാവട്ടെ ''
എന്നെന്നും എന്റെ ഗുരുനാഥന്റെ സ്മരണക്കുമുന്നിൽ കൂപ്പുകൈ .
വൃന്ദാ അഭി ശിവൻ
24ജനുവരി 2018( ഇന്നേക്ക് ഒരു വർഷം.എന്തെങ്കിലുമൊന്നെഴുതാതെ കഴിയില്ലെന്നവസ്ഥയിൽ കുറിച്ചുവച്ചത്)

No comments:

Post a Comment