Tuesday 25 November 2014

ഒരു ഏപ്രില്‍ ഫൂള്‍ കഥ

മൂന്നു വര്‍ഷം മുമ്പൊരു മാര്‍ച്ച് മാസം,കൃത്യമായി പറഞ്ഞാല്‍ 2011 മാര്‍ച്ച് മുപ്പത്തൊന്നാം തീയതി ഒരുപാട് പ്രതീക്ഷയോടെയാണ് ഞങ്ങള്‍ മാംഗ്ലൂര്‍ ട്രെയിനിറങ്ങിയത്.നാല് ആണുങ്ങളും ഞങ്ങള്‍ പതിമൂന്നു പെണ്ണുങ്ങളും പിന്നെ "ഞങ്ങളെ നോക്കുക" എന്ന ചുമതല കൂടിയുള്ള ശ്രീന മാമും അടങ്ങിയ സംഘം. "മുതിര്‍ന്ന കുട്ടികളല്ലേ സ്വയം തീരുമാനങ്ങള്‍ എടുക്കാനൊക്കെ അറിയാമല്ലോ." എന്ന ചിന്തയില്‍ വിലക്കുകളൊന്നുമേല്‍പ്പിക്കാതെ, ഞങ്ങള്‍ തെളിച്ച വഴിയില്‍ മാമും ഉണ്ടായിരുന്നത് ആദ്യമായി സ്വാതന്ത്ര്യം കിട്ടിയതിന്‍റെ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി. ഫാദര്‍ മുല്ലെഴ്സ് ആശുപത്രിയുടെ സ്പീച്ച് ആന്‍ഡ്‌ ഹിയറിംഗ് വിഭാഗം നടത്തുന്ന മൂന്നു ദിവസത്തെ കോണ്‍ഫറന്‍സ് ആയിരുന്നു മുഖ്യ ലക്‌ഷ്യം. അവര്‍ തന്ന താമസ സൗകര്യം ഒരു ഗസ്റ്റ് ഹൗസ് ആയിരുന്നു. അവിടെ പെണ്‍കുട്ടികള്‍ക്കായി രണ്ടു ഡോര്‍മെട്രി മുറികളുണ്ടായിരുന്നു. മറ്റൊരു കെട്ടിടത്തിലെ സ്പെഷ്യല്‍ റൂമില്‍ മാമുണ്ടായിരുന്നു. പിന്നെ ആണ്‍ കുട്ടികള്‍ ആ കെട്ടിടങ്ങള്‍ക്കടുത്ത് തന്നെ വേറെയേതോ ഒരു മുറിയില്‍.

ആദ്യ ദിവസത്തെ ക്ലാസിനു ശേഷം അത്യാവശ്യം കറക്കവും കഴിഞ്ഞു മുറിയിലെത്തിയ ഞങ്ങളില്‍ ചിലരുടെ ബുദ്ധിയില്‍ പിറ്റേന്ന് ഏപ്രില്‍ ഫൂള്‍ ആണെന്ന ബോധം വന്നു. ഒപ്പമുള്ളവരെത്തന്നെ പറ്റിച്ചു കളയാം! എന്‍റെ മുറിയില്‍ ലിബ, ജിബി, ദീപ്തി,ലമീസ്,പാത്തു,ശ്രീജി . അടുത്ത മുറിയില്‍ രണ്ട് അമൃതമാരും അഞ്ചുവും ശില്‍പ്പയും ഹര്‍ഷയും പിന്നെ ഹെമിയും.ആസൂത്രണക്കമ്മിറ്റിയില്‍ അമൃതമാരും ഹെമിയും ദീപ്തിയും ഞാനുമുണ്ട്. ഗൂഢലോചനയനുസരിച്ച് രാവിലെ കൃത്യം അഞ്ചു മണിക്ക് അടുത്ത മുറിയിലുള്ള അമൃത (എം.എല്‍) ന്‍റെ ഫോണില്‍ അലാറം കേള്‍ക്കും. എന്നാല്‍ ശ്രീന മാമിന്‍റെ കോള്‍ ആണെന്ന രീതിയില്‍ അങ്ങേത്തലയ്ക്കൽ ആരുമില്ലാതെ അവള്‍ സംസാരിക്കണം.

"അയ്യോ! ആണോ മാം ..ശരി ശരി. ഒക്കെ.ഞങ്ങള്‍ പെട്ടെന്നിറങ്ങാം." 

ഇങ്ങനെ അവള്‍ ഉച്ചത്തില്‍ പറയുന്നത് കേട്ടുകൊണ്ട് ഉറക്കത്തില്‍ നിന്നും ഉണരുന്ന അഞ്ചു ഉറപ്പായും കാര്യമെന്താണെന്ന് അന്വേഷിക്കും.

"എടീ, ശ്രീന മാമാണ് വിളിച്ചത്.മാംഗ്ലൂര്‍ ബീച്ചില്‍ സുനാമി സൂചന. പെട്ടെന്ന് എല്ലാവരും ഇറങ്ങിച്ചെല്ലാന്‍. നീ പോയി അവരെക്കൂടി വിളിക്കൂ..."

വാതിലില്‍ മുട്ട് കേട്ട് ഞാന്‍ ചിരിയടക്കിക്കിടന്നു. ലമീസ് ഉറക്കച്ചടവില്‍ വാതില്‍ തുറന്നു. അഞ്ചുവും അമൃതയും പുറകില്‍ മറ്റുള്ളവരും. വിവരം കേട്ട് ലമീസ് ആദ്യം "അയ്യോ" എന്ന് വിളിച്ചു.പാത്തു ചാടിയെഴുന്നേറ്റു. പെട്ടെന്ന് ഭൂതോദയം ഉണ്ടായ പോലെ ലമീസ് പറഞ്ഞു.
"ഓ ഏപ്രില്‍ ഫൂള്‍. പോയി കിടന്നുറങ്ങ് പിള്ളാരെ"
അത് കേട്ട്, "പണി പാളി"യല്ലോ എന്ന് ഞാന്‍ ആത്മഗതം പറഞ്ഞെങ്കിലും അമൃത വിട്ട് കൊടുക്കാന്‍ തയ്യാറായിരുന്നില്ല. പാവം അഞ്ചു ഈ കള്ളവും വിശ്വസിച്ചു അവള്‍ക്കൊപ്പമുള്ളപ്പോള്‍ പിന്നെന്തിനു ഉദ്യമത്തില്‍ നിന്നും പിന്മാറണം. അമൃത വീണ്ടും ദേഷ്യം അഭിനയിച്ചു.

"എടീ അഞ്ചു നീ പറഞ്ഞ് കൊടുക്ക്. ശ്രീന മാം ഫോണ്‍ വിളിച്ചു പറഞ്ഞത് നീയും കേട്ടതല്ലേ"
അഞ്ചു ചാടിത്തുള്ളി. "ലമീ എഴുന്നേല്‍ക്ക്. നമുക്ക് പെട്ടെന്ന് പോകാം"
രംഗം മുഴുപ്പിക്കാന്‍ ഞാന്‍ ഫോണുമെടുത്ത് വെളിയിലേക്ക് പോയി. അഞ്ചു പുറകേ വന്നു.
"നീ ആരെയാടീ വിളിക്കുന്നത്" പാവത്തിന്‍റെ മുഖം കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല. വെളുത്ത മുഖം സുനാമി ഭയത്താല്‍ റോസാപ്പൂ പോലെ ചുമന്നിരിക്കുന്നത് അരണ്ട വെളിച്ചത്തില്‍ ഞാന്‍ കണ്ടു.

"അമ്മയെ വിളിച്ചു പറയട്ടെ. നമ്മള്‍ ചത്ത്‌ പോയാലോ!" പരിഭ്രമം അഭിനയിക്കാന്‍ ഞാന്‍ പാടുപെട്ടു.     
"ഹും മനുഷ്യനിവിടെ ടെന്‍ഷന്‍ അടിക്കുന്നത് പോരാഞ്ഞിട്ട് വീട്ടുകാരെക്കൂടി പേടിപ്പിക്കുന്നോ !"
അപ്പോഴാണ്‌ ഞാന്‍ മറ്റൊരു കാര്യം ശ്രദ്ധിച്ചത്. അവളുടെ കൈയില്‍ സോപ്പുപെട്ടിയും തോര്‍ത്തും. അത്ഭുതത്തോടെ ഞാന്‍ ചോദിച്ചു.

"എടീ നീ ഇതൊക്കെ കൊണ്ട് എവിടെപ്പോകുന്നു??"

വെപ്രാളത്തില്‍ അവള്‍ പറഞ്ഞൊപ്പിച്ചു.

"ഞാന്‍ കുളിച്ചിട്ട് വരാം.നിങ്ങള്‍ വേഗമിറങ്ങൂ...."

"എന്റീശ്വരാ സുനാമി വരുന്ന മരണ ഭയത്താല്‍ നില്‍ക്കുന്ന പെണ്ണ് കുളിക്കാന്‍ പോകുന്നു." ചിരിയടക്കാന്‍ പറ്റിയില്ല. അഞ്ചുവിന് കുളി വളരെ പ്രാധാന്യമുള്ള കാര്യമാണ്. രാവിലേ ആദ്യം കുളിച്ചില്ലേല്‍ സമാധാനക്കേടുണ്ടെന്നൊക്കെ എല്ലാവര്‍ക്കും അറിയാം...

"എങ്കിലും അഞ്ചൂ....സുനാമി ഹോസ്റ്റല്‍ പടിമേല്‍ വന്നു നില്‍ക്കുമ്പോള്‍ നിനക്കെങ്ങനെ കുളിക്കാന്‍ തോന്നുന്നു...." എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് ഞാന്‍ പൊട്ടിച്ചിരിച്ചു പോയി.ആ സമയത്തെ എന്‍റെ ചിരിയും തൊട്ടു മുമ്പ് ലമീസ് ഏപ്രില്‍ ഫൂള്‍ ആണെന്നുള്ള ഓര്‍മ്മപ്പെടുത്തല്‍ നടത്തിയിരുന്നതുമൊക്കെ കൊണ്ടാകും സുനാമി ഭീതി അധികനേരം അവിടെ നിലനിര്‍ത്താന്‍ ഞങ്ങള്‍ ആസൂത്രണക്കമ്മിറ്റിക്കാര്‍ക്ക് കഴിഞ്ഞില്ല.

നേരം വെളുക്കാന്‍ ഇനിയുമുണ്ട് സമയം. പരമ "സാധുക്കളായ" ഞങ്ങളുടെ ആണ്‍ പടയാളികള്‍ അവിടെ സുഖ നിദ്രയിലാകും. അവരെക്കൂടി ഒന്നുണര്‍ത്തി ജഗ പൊഗയുണ്ടാക്കാതെ ഞങ്ങള്‍ക്ക് സ്വസ്ഥതയില്ല. ഒടുവില്‍ ഒരാശയത്തിലെത്തി. ഞങ്ങളുടെ താമസസ്ഥലത്ത് ഏതോ സാമൂഹികദ്രോഹി ഒളിഞ്ഞു നോക്കി. ഞങ്ങളിവിടെ ഭയന്നിരിക്കുന്നു. ഓടി വരണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് അവര്‍ക്ക് ഫോണ്‍ ചെയ്യാം. കൂട്ടത്തില്‍ അവരുടെ ഉത്തരവാദിത്വബോധവും ഒന്ന് പരീക്ഷിച്ചു കളയാം.വിഷ്ണു,അരവിന്ദ് ,സാജന്‍,നന്ദു എന്നിവരില്‍ അരവിന്ദിനെ വിളിക്കാന്‍ എല്ലാവരും തീരുമാനിച്ചതനുസരിച്ച് അമൃത ഫോണ്‍ എടുത്തു വിളിച്ചു. ഫോണില്‍ കസ്റ്റമര്‍ കെയറിലെ ചേച്ചി വെളുപ്പിനും ഉറങ്ങാതെ ഇരുന്നു ചിലക്കുന്നത് കേട്ട് അവള്‍ നെറ്റി ചുളിച്ചു. അത് കണ്ട് ഞാന്‍ എന്‍റെ ഫോണില്‍ നിന്നും അവനെ വിളിക്കാന്‍ നോക്കി. അപ്പോള്‍ ലൈന്‍ കണക്റ്റ് ആയി. ഉറക്കച്ചടവില്‍ അരവിന്ദ് ഫോണ്‍ എടുത്തു.
"എടാ ഓടി വരുമോ ? ഇവിടെ ഞങ്ങളുടെ മുറിയില്‍ ഏതോ ഒരാള്‍ ഒളിഞ്ഞു നോക്കി.ഞങ്ങള്‍ അയാളെ കണ്ട് പേടിച്ചു വിളിച്ചപ്പോള്‍ ഓടിക്കളഞ്ഞു."
ഒരു നിമിഷത്തെ മൗനത്തിന് ശേഷം അവന്‍ പറഞ്ഞു.
"കളിക്കല്ലേ വൃന്ദാ ഏപ്രില്‍ ഫൂള്‍ ആക്കാന്‍ നോക്കണ്ട. നിനക്കെന്താ ഉറക്കോമില്ലേ? എവിടെ വരാന്‍!"
എനിക്ക് ദേഷ്യം വന്നു.
"ടാ ഞങ്ങളുടെ ഹോസ്റ്റലിലേക്ക്..വേഗം വാ. അവരേം കൂട്ട്."
ഭാഗ്യത്തിന് ചീത്ത വിളിക്കാതെ മറുതലയ്ക്കല്‍ എന്തോ പിറുപിറുക്കല്‍ കേള്‍പ്പിച്ചു കൊണ്ട് ഫോണ്‍ കട്ടായി.
ഞങ്ങള്‍ക്കാകെ അരിശം. സത്യത്തില്‍ ഞങ്ങളെ ആ അപരിചിതമായ സാഹചര്യത്തില്‍ ആരെങ്കിലും ശല്യം ചെയ്തുവെന്ന് കരുതുക. അപ്പോള്‍ ഞങ്ങളുടെ മേല്‍ ഉത്തരവാദിത്വമുള്ള ഈ ആണുങ്ങള്‍ ഇങ്ങനെയല്ലേ പെരുമാറുക. എന്തായാലും ചമ്മലുണ്ടെങ്കിലും അന്ന് അവരോട് അധികം കൂട്ട് വേണ്ടെന്നും ഈ അവഗണന ഞങ്ങള്‍ പെണ്‍കുട്ടികള്‍ ക്ഷമിക്കാന്‍ തയ്യാറല്ലെന്ന ഭാവം മുഖത്ത് വേണമെന്നുമുള്ള ചട്ടം കെട്ടിയാണ് അന്നത്തെ ക്ലാസിനു പോകാന്‍ ഞങ്ങള്‍ തയ്യാറായത്.പുറത്ത് അവര്‍ നാലുപേരും കുളിച്ചു സുന്ദരക്കുട്ടപ്പന്മാരായി നില്‍ക്കുന്നു. ഞങ്ങളെ കണ്ടു ഒന്നും സംഭവിക്കാത്ത പോലെ പെരുമാറുന്നു. ഒടുവില്‍ വെട്ടിത്തുറന്ന് പറഞ്ഞു.

"എന്നാലും നിങ്ങള്‍ക്ക് ഇത്രേമൊക്കെ ഉത്തരവാദിത്തമേ ഉള്ളൂ. അല്ലേടാ?"

വിഷ്ണു ഒന്നുമറിയാതെ അന്തംവിട്ട് നോക്കി. " നീ അരവിന്ദിനോട് ചോദിക്ക്. അവന്‍ പറഞ്ഞ് തരും. വെളുപ്പിന് ഞങ്ങളെ ഇവിടെ ആരോ ഒളിഞ്ഞു നോക്കി. പേടിച്ചു വിളിച്ചത് അരവിന്ദിന്റെ ഫോണില്‍. അവന്‍ ഏപ്രില്‍ ഫൂള്‍ എന്നും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു."

നാല് പേരുടെയും മുഖം ഒന്ന് പോലെ വിളറി.
" അയ്യോ എന്നെയോ ? എനിക്ക് കോള്‍ വന്നില്ലടി "
എന്ന് അരവിന്ദ് പറഞ്ഞെങ്കിലും നന്ദുവിനായിരുന്നു കൂടുതല്‍ ദേഷ്യം.
"എടാ അളിയാ നീ എന്ത് പണിയാ കാണിച്ചത്. നിനക്ക് വന്നു നോക്കാന്‍ വയ്യെങ്കില്‍ ഞങ്ങളോട് ഒരു വാക്ക് പറഞ്ഞൂടായിരുന്നോ"
അരവിന്ദ് ദയനീയമായി എന്നെ നോക്കി. "ഒരു രക്ഷയുമില്ല മോനേ. നീ പെട്ടു." എന്ന ഭാവത്തില്‍ ഞാനും നിന്നു. എന്നാല്‍ അധികം വൈകാതെ അവര്‍ ചില കരിങ്കാലികളില്‍ നിന്നും വിവരം അറിഞ്ഞു.ഞങ്ങള്‍ പറ്റിക്കാന്‍ വേണ്ടി പറഞ്ഞ കഥയാണ് അതൊക്കെയെന്ന്. എങ്കിലും ഇത് ഏപ്രില്‍ ഫൂള്‍ ദിവസം തന്നെ നടന്ന ഒരു യാഥാർത്ഥ സംഭവം ആയിരുന്നുവെങ്കില്‍.... ഞങ്ങളെ വിശ്വസിക്കാന്‍ അവര്‍ തയ്യാറാകുമായിരുന്നില്ല എന്ന തോന്നല്‍ ഏവരുടേയും മനസ്സില്‍ കിടന്നു പുകഞ്ഞു. എങ്കിലും അന്യ നാട്ടില്‍ ആശ്രയത്തിനുള്ള ആണ്‍ സുഹൃത്തുക്കളോട് ഈ ചെറിയ കാരണത്തില്‍ പിണങ്ങി നടക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല.

അങ്ങനെ മൂന്നു ദിവസത്തെ ആഘോഷങ്ങള്‍ക്കൊടുവില്‍ മാവേലി എക്സ്പ്രെസ്സില്‍ മടക്കയാത്ര.
ഒരുപക്ഷേ ക്രിക്കറ്റ് ദൈവം സച്ചിന്‍ അവസാനമായി പങ്കെടുക്കുന്ന ലോകകപ്പ് മത്സരം.....യാത്രയിലുടനീളം ഏവരും ആകാംക്ഷയുടെ മുള്‍മുനയിലായിരുന്നു. ഫൈനല്‍ മത്സര സമയത്ത് ട്രെയിനിലായിപ്പോയ ഒരു കൂട്ടം ക്രിക്കറ്റ് ആരാധകര്‍ ! ട്രെയിനില്‍ കയറിയാല്‍ വാതിലിനോടല്‍പ്പം ചേര്‍ന്ന് നിന്ന് പ്രകൃതിഭംഗി ആസ്വദിക്കുന്ന ശീലമുള്ള ഞാന്‍ ഫൈനല്‍ മത്സര വിവരങ്ങള്‍ തത്സമയം വീട്ടിലുള്ള കൂട്ടുകാര്‍ മാര്‍ഗം അറിഞ്ഞുകൊണ്ടിരുന്ന അവരുടെ ഇടയില്‍ നിന്നും അല്‍പ്പം മാറി വാതിലിലേക്ക് പോകാന്‍ തുടങ്ങി. അവിടെ അരവിന്ദ് നില്‍ക്കുന്നു. ക്രിക്കറ്റ് ഫലം അറിയാനുള്ള ആകാംക്ഷയില്‍ നിന്ന അവനുമായി അന്താരാഷ്ട്ര ക്രിക്കറ്റ് ചര്‍ച്ചകള്‍ നടത്തിയൊടുവില്‍ വീണ്ടും ഏപ്രില്‍ ഫൂള്‍ സംഭവം ഉള്ളില്‍ കത്തിക്കയറി.

"എന്നാലും ദുഷ്ടാ നീ ഫോണ്‍ എടുത്തിട്ട് എന്നോട് അങ്ങനെ പറഞ്ഞില്ലേ !"

അവന്‍റെ മുഖത്ത് വീണ്ടും ദയനീയ ഭാവം. ഫ്രെയിം ലെസ്സ് കണ്ണടയുടെ ചില്ലിനു വെളിയിലൂടെ അവനെന്നെ നോക്കി പറഞ്ഞു.
"നീ വിളിച്ചിട്ടില്ലടി. സത്യമാ" എനിക്ക് വീണ്ടും ദേഷ്യം. കള്ളം പറയുന്നോ ! ഫോണിലെ കോള്‍ ലിസ്റ്റ് കാണിച്ച് വീണ്ടും ഞാന്‍ പറഞ്ഞു.

"നോക്ക്. അരവിന്ദ് നീ അല്ലേ ?? ദാ വെളുപ്പിന് നിന്നെ വിളിച്ചതിനുള്ള തെളിവ്"

വീണ്ടും അവന്‍റെ നോട്ടത്തിലെ പന്തികേട് എന്നെ കൂടുതല്‍ ചിന്തിപ്പിച്ചു. മാത്രമല്ല അവന്‍റെ ഫോണില്‍ അങ്ങനെയൊരു വിളി ചെന്നിട്ടുമില്ല. ഏതാനും നിമിഷത്തിനൊടുവില്‍ എനിക്ക് മനസിലായി അരവിന്ദ് എന്ന പേരില്‍ ഞാന്‍ സേവ് ചെയ്തിരുന്നത് സ്കൂളില്‍ ഒപ്പം പഠിച്ച സുഹൃത്ത് അരവിന്ദിന്റെ നമ്പര്‍. നിഷ് എന്ന ഞങ്ങളുടെ കോളേജില്‍ ഒപ്പം പഠിക്കുന്ന ഈ അരവിന്ദിന്റെ നമ്പര്‍ "അരവിന്ദ് നിഷ്" എന്നായിരുന്നു സേവ് ചെയ്തിരുന്നത്. വീട്ടില്‍ സുഖമായി കിടന്നുറങ്ങുന്ന സ്കൂള്‍ സഹപാഠിയെ വിളിച്ചാണ് ഞാന്‍ ......!

സുഹൃത്തുക്കള്‍ക്കിടയില്‍ സോറി എന്ന വാക്കിനു അവിടെ പ്രസക്തിയില്ല. ഞങ്ങള്‍ വീണ്ടും ട്രെയിനില്‍ കൂട്ടുകാര്‍ക്കിടയിലേക്ക്. ഇന്ത്യ ലോക കപ്പ്‌ നേടിയെന്ന അത്യധികം ആഹ്ലാദകരമായ വാര്‍ത്തയെ സ്വീകരിക്കാന്‍ മിനറല്‍ വാട്ടെറിന്റെ ഒഴിഞ്ഞ കുപ്പികള്‍ ഇരു കൈകളിലും സജ്ജമാക്കി വച്ചു  കാത്തിരിക്കുന്ന കൂട്ടുകാരിലേക്ക് ഏപ്രില്‍ ഫൂളില്‍ ഞാന്‍ ഫൂളായ വാര്‍ത്ത പെട്ടെന്നു തന്നെ അരവിന്ദ് എത്തിച്ചു.എങ്കിലും ഇന്ത്യ ജയിച്ച ആവേശത്തിമിര്‍പ്പില്‍ പ്ലാസ്റ്റിക്ക് കുപ്പികള്‍ പരസ്പരം അടിച്ച് ഉച്ചത്തിലുള്ള ശബ്ദമുണ്ടാക്കി അടുത്ത കമ്പാര്‍ട്ടുമെന്റിലെ യാത്രക്കാരെക്കൂടി ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി ആ സന്തോഷവാര്‍ത്ത അറിയിക്കുന്നതിനിടയില്‍ എനിക്കുമിട്ട് കിട്ടി രണ്ട് തട്ട്.
"അവളുടെ ഒരു ഫോണ്‍ വിളി. ഹും " കൈയില്‍ കിട്ടിയ രണ്ട് കുപ്പികള്‍ തട്ടി ശബ്ദമുണ്ടാക്കി ചിരിച്ചു കളഞ്ഞെങ്കിലും സ്വയം ഫൂളായ സംഭവം മറക്കില്ലൊരിക്കലും ഞാന്‍ !!!

No comments:

Post a Comment