Wednesday 12 November 2014

നവജീവന്‍

           എസ്. ടി. വി. ഇന്‍റര്‍ നാഷണല്‍ സ്കൂളിലേക്ക് വളരെ കുറഞ്ഞ ശമ്പളത്തില്‍ അദ്ധ്യാപകനായിജോലിക്ക് പോകാന്‍ തയ്യാറായപ്പോള്‍ സുഹൃത്തുക്കളില്‍ പലരും ജോണിനെ കുറ്റപ്പെടുത്തി. ഇതിലും മികച്ച എത്രയോ അവസരങ്ങള്‍ അയാള്‍ക്ക് കിട്ടുമായിരുന്നിട്ടും ഇപ്പോള്‍ എന്തിനാണ് ഇങ്ങനെ ഒരു തീരുമാനം ... ?,കുറേനാള്‍ സിനിമാ സംവിധാനം എന്ന മോഹവുമായി  അലഞ്ഞതല്ലേ. കൊച്ചുകുട്ടികള്‍ക്ക് എ ബി സി ഡി പറഞ്ഞ് കൊടുക്കുന്ന ജോലി ചെയ്യാന്‍ എങ്ങനെ മനസു വന്നു ,എന്നൊക്കെയായിരുന്നു അവരുടെ ചോദ്യങ്ങള്‍.


           എന്തായാലും ജോണ്‍ പിന്മാറിയില്ല.അധ്യാപനം അയാള്‍ മനസ്സ് കൊണ്ട് ഇഷ്ട്ടപ്പെട്ടിരുന്നു എന്നതാവാം .കുട്ടികളോട് ഒരു പ്രത്യേക സ്നേഹവും വാത്സല്യവും അയാള്‍ക്കുണ്ടായിരുന്നു എന്നതും ഒരു കാരണമായി .
                 
             ജോണ്‍ ജോലിയില്‍ പ്രവേശിച്ച ദിവസം സ്കൂള്‍ യുവജനോത്സവം നടക്കുകയായിരുന്നു. ചിത്രകലാ മത്സരം നടക്കുന്ന ക്ലാസ് മുറിയിലാണ് ആദ്യമായി അയാള്‍ക്ക് ഡ്യൂട്ടി കിട്ടിയത്. കുഞ്ഞുങ്ങള്‍ നിരന്നിരുന്ന് ചിത്രം വരയ്ക്കുന്നു. വിഷയം :"വീട്" . ചിത്രം വരയ്ക്കാനുള്ള കടലാസുകള്‍ എല്ലാവര്‍ക്കും കൊടുത്ത ശേഷം ജോണ്‍ കസേരയിലിരുന്നു. പല ക്ലാസുകളിലെ ഏകദേശം മുപ്പതോളം കുട്ടികളുണ്ട് മുറിയില്‍.
അതിനിടയില്‍ ഒരു രണ്ടാം ക്ലാസ്സുകാരന്‍ കടലാസില്‍ നോക്കിയിരുന്ന് വിതുമ്പുന്നത് അയാള്‍ കണ്ടു ... ജോണ്‍ അവനരികിലേക്ക് ചെന്നു.
വൈഷ്ണവ് എന്ന ആ കുഞ്ഞിന്‍റെ ചായപ്പെന്‍സിലുകള്‍ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ എടുക്കാന്‍ മറന്നു പോയതാണ് അവനെ കരയിച്ചത്.
ആദ്യത്തെ ദിവസമായത്‌ കൊണ്ട് എന്താണ് ചെയ്യേണ്ടതെന്ന് തെല്ലിട ആലോചിച്ചിട്ട് അയാള്‍ അരികിലിരുന്ന നാലാം ക്ലാസ്സുകാരനോട് വൈഷ്ണവിനു വേണ്ടി കുറച്ചു പെന്‍സിലുകള്‍ കൊടുക്കാമോ എന്ന് ചോദിച്ചു.

"നോ സാര്‍. ഐ വോണ്ട് ഗിവ് ഹിം. ദിസ് ഈസ് മൈന്‍. ആന്‍ഡ്‌ ഐ വില്‍ വിന്‍ "

അതെ. ജോണിന് അറിവുള്ളതാണ് ഇന്നത്തെ വിദ്യാഭ്യാസം. ജയം മാത്രമേ കുഞ്ഞുങ്ങള്‍ക്ക് അറിവുള്ളൂ. സ്വന്തം ചിത്രത്തിലെ നിറം മങ്ങിയാലും കൂട്ടുകാരന് കടലാസില്‍ എന്തെങ്കിലുമൊരു നിറം പിടിപ്പിക്കാന്‍ സഹായിക്കുന്നതില്‍ എന്തു സന്തോഷമാണ് അവര്‍ക്കുണ്ടാകുക.
കുറച്ചു സമയം കഴിഞ്ഞ് മറ്റൊരു കുട്ടി ചിത്രം വരച്ചു കഴിഞ്ഞ് അവന്‍റെ പെന്‍സിലുകള്‍ അദ്ധ്യാപകന്റെ പവര്‍ ഉപയോഗിച്ച് തന്നെ വാങ്ങി അയാള്‍ വൈഷ്ണവിനു കൊടുത്തു. ഏതാനും മിനിട്ടുകള്‍ കൊണ്ട് അവന്‍ സ്വന്തം ചിത്രം പൂര്‍ത്തിയാക്കി.

         വീട് എന്ന വിഷയത്തില്‍ മറ്റ് ഭൂരിഭാഗം പേരും വരച്ചത് വിവിധങ്ങളായ വീടുകളുടെ ചിത്രങ്ങള്‍. ചിലര്‍ രണ്ടു പക്ഷികള്‍ കൊക്കുരുമി ഇരിക്കുന്ന കൂടിന്റെയും മറ്റും ചിത്രം. എന്നാല്‍ വൈഷ്ണവ് വരച്ച ചിത്രം കണ്ട് ജോണ്‍ അതിശയിച്ചു. എന്താണ് അവന്‍ ആ ചിത്രത്തിലൂടെ പറയാന്‍ ശ്രമിച്ചു കാണുക എന്ന് ചിന്തിച്ചു കൊണ്ട് എല്ലാ ചിത്രങ്ങളും കൂട്ടിക്കെട്ടി അയാള്‍ സ്റ്റാഫ് റൂമിലേക്ക് പോയി.മത്സര ഫലം വന്നപ്പോള്‍ വൈഷ്ണവിനു തന്നെ ഒന്നാം സ്ഥാനം. ഒരു മണിമാളികയുടെ ചിത്രം വരച്ചു കൊണ്ട് ഞാന്‍ തന്നെ ജയിക്കുമെന്നും ആര്‍ക്കും എന്‍റെ പെന്‍സിലുകള്‍ നല്‍കില്ലെന്നും പറഞ്ഞ നാലാം ക്ലാസുകാരന്‍ ജോണിനെ അമര്‍ഷത്തില്‍ നോക്കി സമ്മാനം തനിക്ക് കിട്ടാത്തതിലുള്ള പരിഭവം പ്രകടിപ്പിച്ചു.

              പിറ്റേന്ന് ജോണ്‍ അയാള്‍ക്ക് നിര്‍ദ്ദേശിച്ച ക്ലാസിലേക്ക് പോയി. അവിടെ പുറകിലത്തെ ബഞ്ചില്‍ ചടഞ്ഞിരിക്കുന്ന വൈഷ്ണവിനെ കണ്ടപ്പോള്‍ അയാള്‍ സ്വന്തം മനസിനെ നിയന്ത്രിക്കാന്‍ പണിപ്പെട്ടു.
അവന്‍റെ വീട്ടില്‍ എന്താണ് പ്രശ്നമെന്നറിയാന്‍ അയാള്‍ക്ക്‌ അതിയായ ആഗ്രഹം തോന്നി. പക്ഷേ ആദ്യ ദിവസം തന്നെ അത്തരം ഒരു ശ്രമം നടത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന് കരുതി സ്വന്തം വിഷയമായ ഗണിത ലോകത്തേക്ക് കുട്ടികളെ കൂട്ടിക്കൊണ്ട് പോയി.

              വലിയ വീട്ടിലെ കുട്ടികള്‍ മാത്രം പഠിക്കുന്ന അത്തരമൊരു സ്കൂളില്‍ സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ ഉള്ള കുട്ടികള്‍ വിരളമായിരിക്കുമെന്നു ജോണിനറിയാം. മറ്റെന്ത് പ്രശ്നമായിരിക്കും വൈഷ്ണവിനുള്ളതെന്ന ചോദ്യം ജോണിന്‍റെ മനസ്സില്‍ എപ്പോഴുമുണ്ടായിരുന്നു. അങ്ങനെയൊരിക്കല്‍ നോട്ടു പുസ്തകത്തിന്‍റെ പുറം ചട്ടയില്‍ വൈഷ്ണവ് കോറിയിട്ട ചിത്രങ്ങള്‍ കണ്ടു ജോണ്‍ അവനെ അരികില്‍ ചേര്‍ത്ത് നിര്‍ത്തി ചോദിച്ചു.

"മോനേ നല്ല ചിത്രമാണല്ലോ. ഇതൊക്കെ ആരാ മോന് ഇത്ര നന്നായി വരയ്ക്കാന്‍ പഠിപ്പിച്ചത്? മമ്മിയാണോ പപ്പയാണോ ? "  

           അവന്‍ ഒന്നും മിണ്ടിയില്ല.തല കുമ്പിട്ട്‌ നിന്ന വൈഷ്ണവിനെ നിര്‍ബന്ധിച്ച് ഉത്തരം ചികഞ്ഞെടുക്കാന്‍ ജോണിന് മനസ് വന്നതുമില്ല.
അതിനടുത്ത ദിവസങ്ങളിലും വൈഷ്ണവ് ജോണിനരുകില്‍ പോകാതെ മാറി നടന്നു. എല്ലാ ദിവസവും വിദ്യാര്‍ഥികളെ തെല്ലിട നേരം ഗണിത ലോകത്തുനിന്നും മറ്റെന്തെങ്കിലും ചിന്തകളിലേക്ക് കടത്തി വിടാനോ അല്ലെങ്കില്‍ വികൃതികള്‍ കാട്ടാനോ ഒക്കെ ജോണ്‍ അനുവദിച്ചിരുന്നു...
ഒരു ദിവസം അവരോട് ഒരു തുണ്ട് കടലാസ് കഷണമെടുത്ത്, അതില്‍ അവര്‍ ഓരോരുത്തരേയും സ്വന്തം വീട്ടില്‍ നിങ്ങളേ റ്റവും ഇഷ്ടപ്പെടുന്ന ആളെ സങ്കല്‍പ്പിച്ച് കുറിപ്പ് എഴുതാന്‍ ആവശ്യപ്പെട്ടു. ജോണിന് ലഭിക്കേണ്ടിയിരുന്നത് വൈഷ്ണവ് എന്ന അത്ഭുത ബാലന്റെ മറുപടിയായിരുന്നു. എന്നാല്‍ പ്രതീക്ഷയ്ക്ക് വിപരീതമായി അവന്‍ എഴുതിയ പേര്.

" ജിമ്മി - മൈ പപ്പി " എന്നായിരുന്നു.

അയാള്‍ ഓരോരുത്തരെയായി അരികിലേക്ക് വിളിച്ച് രഹസ്യമായി സംസാരിച്ചു. " അമ്മ " എന്നെഴുതിയവരോട് അച്ഛനും അവരെ വളരെ ഇഷ്ടമാണ് എന്നാല്‍ അത് പ്രകടിപ്പിക്കാത്തതാണെന്നും "അച്ഛന്‍" എന്ന് എഴുതിയവരോട് അമ്മ അവരെ വഴക്ക് പറയുന്നത് നന്നായി പഠിച്ചു അച്ഛനെപ്പോലെ വലിയ ആളാകാനാണ് എന്നുമുള്ള ഉപദേശങ്ങള്‍ കൊടുത്ത് ആ കുരുന്നുകളുടെ മനസ്സില്‍ ഒരല്‍പം വെളിച്ചം പകരാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.ഒടുവില്‍ അവസാന വരിയില്‍ ഇരുന്ന വൈഷ്ണവിന്റെ ഊഴമെത്തി. അവനോട് എന്ത് ഉത്തരമാണ് പറയേണ്ടതെന്ന് അയാള്‍ക്ക് അറിയില്ലാരുന്നു. എന്നാല്‍ അങ്ങോട്ട് ഒന്നും ചോദിക്കുന്നതിനു മുന്‍പേ ആ കുഞ്ഞു കരങ്ങള്‍ അയാളെ ഒന്നാകെ ചുറ്റി വരിഞ്ഞു പിടിച്ചു.

"സാര്‍ ജിമ്മിയ്ക്ക് മത്സരിക്കാന്‍ അറിയില്ല. സ്നേഹിക്കനേ അറിയൂ...അവനാണ് എന്നെ ചിത്രം വരയ്ക്കാന്‍ പഠിപ്പിച്ചതും. മുറ്റത്തെ മണലില്‍ എന്നും വൈകിട്ട് ഒരുപാട് നേരം ചിത്രം വരയ്ക്കും ."

എന്തൊക്കെയാണ് ഈ കുട്ടി പറയുന്നതെന്ന് ജോണിന് ഒരു പിടിയും കിട്ടിയില്ല.വിതുമ്പിക്കരയുന്ന അവനെ ചേര്‍ത്തു നിര്‍ത്തി ജോണ്‍ പറഞ്ഞു.

"ജിമ്മി പഠിപ്പിച്ച ചിത്രങ്ങള്‍ വരയ്ക്കാന്‍ സാറിനെക്കൂടി മോന്‍ പഠിപ്പിക്കുമോ ?"

     അവന്‍റെ മുഖത്ത് പെട്ടെന്ന് ഒരു പുഞ്ചിരി വിടര്‍ന്നു.കണ്ണുനീര്‍ തുടച്ചുകൊണ്ട് ആ ബാലന്‍ ജോണിനെ നോക്കി ശരിയെന്ന അര്‍ത്ഥത്തില്‍ തല കുലുക്കി. 
            അന്ന് വൈകുന്നേരം വൈഷ്ണവ് വീട്ടു ജോലിക്കാരനൊപ്പം സ്കൂളിന് ഏറെ അകലെയല്ലാത്ത സ്വന്തം വീട്ടിലേക്ക് നടന്നു പോകുന്നത് ജോണ്‍ നോക്കി നിന്നു. സ്കൂള്‍ ഗേറ്റിനു പുറത്തായി ജിമ്മിയും അവരെ കാത്ത് നില്‍ക്കുന്നത് അയാള്‍ ശ്രദ്ധിച്ചു. അടുത്ത ദിവസം രാവിലെ വൈഷ്ണവിനെ ക്ലാസിലാക്കി തിരികെ നടന്ന ജോലിക്കാരന്‍ ബാലനെ ജോണ്‍ ഒരു ചായ കുടിക്കാന്‍ ക്യാന്റീനിലേക്ക് ക്ഷണിച്ചു.വൈഷ്ണവ് എന്ന കുരുന്നിന്‍റെ മനസിനെ അലട്ടുന്ന ആ പ്രശ്നം എന്താണെന്ന് മനസ്സിലാക്കുകയായിരുന്നു ലക്‌ഷ്യം.വളരെ എളുപ്പത്തില്‍ ബാലനില്‍ നിന്നും ജോണിനു അത് മനസിലാക്കാന്‍ കഴിഞ്ഞു.

വിചിത്രമായി തോന്നിയ ഒരു മത്സര കഥയ്ക്ക് ബലിയാടാകുന്നത് വൈഷ്ണവ് എന്ന തേജസ്സു നിറഞ്ഞ,വിരല്‍ത്തുമ്പുകളില്‍ വര്‍ണ്ണങ്ങള്‍ വിരചിക്കുന്ന മനസുകൊണ്ട് അത്ഭുതം സൃഷ്ടിക്കാന്‍ കഴിവുള്ള ബാലനാണെന്ന സത്യം ജോണ്‍ തിരിച്ചറിഞ്ഞിരിക്കുന്നു. മത്സരവിഷയം -ആരാദ്യം മരിക്കുമെന്നത്.. കഥാപാത്രങ്ങള്‍ അവന്‍റെ മാതാപിതാക്കള്‍ തന്നെ . മദ്യത്തിനടിമയായ ബിസിനസുകാരനായ ഭര്‍ത്താവിനെ ജയിക്കാന്‍ അമ്മ മറ്റൊരു ബിസിനസ് ആരംഭിക്കുകയായിരുന്നില്ല. മറിച്ച് അവരും അയാള്‍ക്കൊപ്പം മദ്യം നുണച്ചു തുടങ്ങി, ഒടുവില്‍ ഇരുവരും ഒരേ അളവില്‍ മദ്യത്തിനടിമപ്പെട്ടു. അമ്മയുടെ ഇല്ലാത്ത കാമുകനേയും ചേര്‍ത്ത് കഥ മെനഞ്ഞ് അച്ഛന്‍ വീണ്ടും വീണ്ടും മദ്യപിച്ചുകൊണ്ടേയിരുന്നു. അച്ഛന്റെ ബിസിനസ് സ്ഥാപനത്തിലെ ചെറുപ്പക്കാരികളായ ജോലിക്കാരെ നോക്കി വിമ്മിട്ടപ്പെട്ടും പൊട്ടിത്തെറിച്ചും അമ്മയും മദ്യം മാറോട് ചേര്‍ത്തു. ഒടുവില്‍ അത് നീരാളിയെപ്പോലെ പിടിവിടാതെ ഇരുവരുടെയും ജീവിതത്തെ വിഴുങ്ങി .

         തകര്‍ച്ചകള്‍ തിരിച്ചറിഞ്ഞ അവര്‍ ഇരുവരും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ ഈ ചിന്ത അവര്‍ പങ്കു വച്ചില്ലെന്നു മാത്രമല്ല ഭര്‍ത്താവ് ഭാര്യയോടുള്ള വെറുപ്പ് ആത്മഹത്യാ കുറിപ്പാക്കി മേശ വിരിയില്‍ വച്ചത് ഭാര്യ കണ്ടു...അവള്‍ തന്‍റെ മരണ ശേഷം ഭര്‍ത്താവിനെ ഭൂമിയില്‍ സമാധാനമായി ജീവിക്കാന്‍ അനുവദിക്കില്ലെന്ന ലക്ഷ്യത്തില്‍ പോലീസ് മേധാവിക്ക് എഴുതിയ കത്തിന്‍റെ ഒരു പതിപ്പ് അയാളും കാണുകയുണ്ടായി. വലിയ കലഹത്തിനൊടുവില്‍ ഇരുവരും അവരുടെ പങ്കാളിയെ ആദ്യം മരിക്കാന്‍ അനുവദിക്കില്ലെന്ന തീരുമാനത്തിലെത്തി. ആദ്യം മരിക്കാനുള്ള മത്സരം തകൃതിയായി നടന്നു വരുന്നു.
          സ്ഥിര ബുദ്ധി നഷ്ടമായ രണ്ടു മനുഷ്യര്‍ പരസ്പരം മരണത്തിന്റെ പേരില്‍ മത്സരിക്കുമ്പോള്‍ അവിടെ തകര്‍ന്നുകൊണ്ടിരിക്കുന്ന ഒരു കുഞ്ഞു മനസും അവന്‍റെ ജീവിതവും അനാഥമായി . എന്താണ് വൈഷ്ണവിനു സംഭവിച്ചതെന്ന് മനസിലാക്കിയ ജോണ്‍ ആ ചിത്രം , അതായത് വൈഷ്ണവ് ചിത്ര രചനാ മത്സരത്തിനു വരച്ചു സമ്മാനം ലഭിച്ച ചിത്രം ബാലനെ കാണിച്ചു കൊടുത്തു. ആ ചിത്രത്തിന്‍റെ പശ്ചാത്തലം ഒരു വീടായിരുന്നു. ഭൂകമ്പം ഉണ്ടായി ഭൂമി അടര്‍ന്നു മാറിയതുപോലെ ആ വീടും കൃത്യം രണ്ടായി പിളര്‍ന്നിരിക്കുന്നു. അതിനു നടുവിലായി ഒരു ചെറിയ ആണ്‍കുട്ടിയുടെ അവ്യക്തമായ രൂപം. അവനും രണ്ടായി പിളര്‍ന്നിരിക്കുന്നു. എന്നാല്‍ അവന്‍റെ ശരീരത്തിനെ വരകളിലൂടെ അടര്‍ത്തി മാറ്റിയപ്പോള്‍ ആ വരകള്‍ സംയോജിച്ച് ഒരു നാല് കാലുള്ള ജീവിയുടെ രൂപമായും കാഴ്ചക്കാരില്‍ ചിലര്‍ക്ക് വായിച്ചെടുക്കാനാകും. കൃത്യം നടുവില്‍ വച്ച് അടര്‍ത്തി മാറ്റിയ വീടിന്‍റെ ആദ്യ പകുതിയില്‍ ഒരു മുറിയിലായി മേശപ്പുറത്ത് കുറെയധികം ഒഴിഞ്ഞ കുപ്പികളും ഗ്ലാസും. ഫാനില്‍ തൂങ്ങിയാടുന്ന ഒരു കുടുക്ക്. അടുത്ത പകുതിയിലും കുപ്പികളും ഗ്ലാസുകളും കാണാനാകും ഒപ്പം അതിനരുകിലായി ഒരു തോക്കുമുണ്ടായിരുന്നു.

             ജോണ്‍ ചിന്തിച്ചു. മരണം അവര്‍ക്കിടയില്‍ ജയിക്കാനുള്ള, അല്ലെങ്കില്‍ പരസ്പരം ഭീഷണി മുഴക്കാനുള്ള ഒരു ഉപകരണം മാത്രമല്ലേ. മരിക്കാന്‍ ഉറപ്പിച്ചാല്‍ ഒരിക്കലും ഒരാളെ എക്കാലവും മറ്റൊരാള്‍ക്ക് തടയാനാകില്ല. അതിനര്‍ഥം അവര്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നു എന്നുള്ളതല്ലേ.
ബാലന്‍ എന്ന വേലക്കാരന്‍ ഭയന്നു കൊണ്ടാണ് അത് ചെയ്തതെങ്കിലും ജോലി നഷ്ടപ്പെട്ടാല്‍ ജോണ്‍ മറ്റൊരിടത്ത് അയാള്‍ക്ക് ജോലി വാങ്ങിക്കൊടുക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നു .
അയാള്‍ ചെയ്തത് ഇത്രമാത്രം വൈഷ്ണവ് വരച്ച ചിത്രത്തിന്‍റെ ഒരു പതിപ്പ് കൂടിയെടുത്തു. ശേഷം രണ്ടു ചിത്രങ്ങളും ഭംഗിയുള്ള ഫ്രെയിമുകള്‍ക്കുള്ളിലാക്കി. രണ്ടുപേരുടെയും കിടപ്പ് മുറികളിലെ ചുവരില്‍ പതിച്ചു  വെച്ചു. വൈഷ്ണവ് എന്ന പേരും അതിനു താഴെയായി ജോണ്‍ എഴുതിച്ചേര്‍ത്തിരുന്നു. അവര്‍ അത് കണ്ടെങ്കിലും, തങ്ങളുടെ മകന്റെ മനസ് തിരിച്ചറിയാന്‍ തന്നെ ഇരുവരും ദിവസങ്ങളേറെയെടുത്തു. മരണത്തിന്‍റെ പേരിലോ ജീവിതത്തിന്‍റെ കണക്കിലോ മത്സരിക്കുകയല്ല മറിച്ച് ഒരുമിച്ച് ഒരു ഡീ അഡിക്ഷന്‍ സെന്‍ററിന്റെ സേവനം തേടുകയാണ് വേണ്ടതെന്ന് വൈകിയാണെങ്കിലും ഇരുവരും തിരിച്ചറിഞ്ഞു.

               വൈഷ്ണവ് ബാലന്‍റെ കൈ പിടിച്ചു "നവജീവന്‍" എന്ന ആ ഡീ അഡിക്ഷന്‍ സെന്‍ററിന്റെ ഗേറ്റ് കടന്നു വന്നപ്പോള്‍ ജിമ്മി മതിലിനോട് ചേര്‍ന്ന് നില്‍ക്കുന്നുണ്ടായിരുന്നു. മൂന്നാളും കാറിനുള്ളിലേക്ക് കയറിക്കഴിഞ്ഞ് മതിലില്‍ പറ്റിപ്പിടിച്ചിരുന്ന പായലില്‍ ജിമ്മിയുടെ നഖങ്ങള്‍ വരച്ച ചിത്രം നോക്കി ആ എട്ടു വയസുകാരന്‍ പുഞ്ചിരി തൂവി.

**************************************************************
കഥ ,തിരക്കഥ , സംഭാഷണം -ജോണ്‍ മേലേതില്‍ എന്നുള്ള അക്ഷരങ്ങള്‍ തീയേറ്ററിലെ വലിയ സ്ക്രീനിനു താഴെ നിന്നും മുകളിലേക്ക് സഞ്ചരിച്ചു. അതെ , അതൊരു ചലച്ചിത്രമായിരുന്നു. ഫലപ്രഖ്യാപന സമയത്ത് ജോണ്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല ആ കൊല്ലത്തെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ജോണിന്‍റെ "നവജീവന്‍" എന്ന ആര്‍ട്ട് ചലച്ചിത്രത്തിന് ലഭിക്കുമെന്ന്. തന്‍റെ ജീവിതം സിനിമയാക്കിയ ജോണിനെ കൂട്ടുകാര്‍ അഭിനന്ദിച്ചു. ഒപ്പം കൂട്ടിച്ചേര്‍ത്തു. " ക്യാരക്റ്റെര്‍ ഹന്ട്ടിംഗ് ഒരു കുടുംബത്തെ രക്ഷിക്കാന്‍ ഉതകുന്നതായപ്പോള്‍ ജോണ്‍ , നീ ഞങ്ങള്‍ക്കിടയിലെ ദൈവ ദൂതനായി." അടുത്ത ദിവസങ്ങളില്‍ വൈഷ്ണവ് എന്ന കഥാപാത്രത്തെ ജോണിന് സമ്മാനിച്ച എബി എന്ന എട്ടു വയസുകാരനും നവജീവനില്‍ നിന്നും തിരികെയെത്തിയ എബി മോന്‍റെ മാതാപിതാക്കളും പിന്നെ ജിമ്മിയും സിനിമ കണ്ട് സസന്തോഷം മടങ്ങി.

No comments:

Post a Comment