Friday 21 August 2015

കാലമൊഴിയാത്ത അഗ്നി ചിന്തകള്‍

പുതിയ ലോകം വേഗത്തിന്റേതാണ് .ഓര്‍മ്മകള്‍ക്കും വേദനകള്‍ക്കും ഈ കാലഘട്ടത്തില്‍ വലിയ പ്രസക്തിയില്ലെന്ന തിരിച്ചറിവോടെ പറയട്ടെ! 
ഈ കഴിഞ്ഞ ജൂണ്‍ മാസം ആദ്യ ആഴ്ചയില്‍ ഞാനെന്‍റെ ഡയറിക്കുള്ളില്‍ ആ ദിവസങ്ങളില്‍ വായിച്ചു തീര്‍ത്ത നമ്മുടെ അഭിമാനമായ Dr.അബ്ദുല്‍ കലാമിന്‍റെ "അഗ്നിച്ചിറകുകള്‍" എന്ന പുസ്തകത്തിന്‍റെ വായനാക്കുറിപ്പ്‌ എഴുതുകയുണ്ടായി. എയ്റോനോട്ടിക്കല്‍ എന്ജിനീയറിംഗ് പഠിച്ച സുഹൃത്തിനോട് വായനാനുഭവം പങ്കുവെച്ചപ്പോള്‍ ചോദിച്ചത് നിനക്കതിനു അതില്‍ പറഞ്ഞിരിക്കുന്ന ടെക്നോളജി എന്തെങ്കിലും മനസ്സിലാകുമോ എന്നായിരുന്നു. അഗ്നിച്ചിറകുകളില്‍ ശ്രീ കലാം നിറച്ചത് മിസൈല്‍ ടെക്നോളജി മാത്രമായിഎനിക്ക് തോന്നിയില്ല . ഉറവ വറ്റിയെന്ന്‍ നാം കരുതുന്ന അവസ്ഥയിലും മനസ്സിന്‍റെ അപാരമായ ശക്തിയുപയോഗിച്ച് ഉണര്‍ന്നു പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജമായിരുന്നു. കേവലം രണ്ടു മാസങ്ങള്‍ക്ക് മുമ്പ് ആ പുസ്തകം വായിച്ചു തീര്‍ക്കാന്‍ എനിക്ക് കഴിഞ്ഞില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ദിവസങ്ങള്‍ക്കു മുമ്പ് നമ്മുടെ നാടിനുണ്ടായ ആ നഷ്ടം അതേ അളവില്‍ തിരിച്ചറിയാന്‍ എനിക്ക് സാധ്യമാവുമായിരുന്നില്ല ..
കാലം വീണ്ടുമെന്നെ ഒത്തിരി പിന്നോട്ട് പായിച്ച് പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള എന്റെ യു. പി. സ്കൂള്‍ ജീവിതം ഓര്‍ത്തു പോകുന്നു. ഏതോ മത്സരയിനത്തില്‍ സമ്മാനമായി ലഭിച്ച അന്നത്തെ പ്രസിഡന്റിന്റെ ആത്മകഥ "അഗ്നിച്ചിറകുകള്‍", അടുത്തെങ്ങും വായനാസുഖം സമ്മാനിക്കാന്‍ കഴിയാത്ത വലിയ ഗ്രന്ഥമായി തോന്നിയ സമയം. ആ പുസ്തകം ഒരു ബന്ധു കൊണ്ടു പോയപ്പോഴും കുട്ടിക്കഥകള്‍ക്കും കടങ്കഥകള്‍ക്കും പിന്നാലെ പാഞ്ഞ മനസ്സ് വേദനിച്ചില്ല. എന്നാല്‍ അതിനി തിരികെ ലഭിക്കില്ലെന്നറിഞ്ഞപ്പോള്‍ തെല്ലു നഷ്ടബോധം തോന്നി.വീണ്ടും വര്‍ഷങ്ങള്‍ കടന്നു പോയി. ഈ കാലമത്രയും ശ്രീ. എ.പി. ജെ. അബ്ദുല്‍ കലാം നമ്മുടെ മുന്‍ രാഷ്ട്രപതിയും ഐ. എസ്. ആര്‍. ഓ യ്ക്കും പ്രതിരോധ സേനയ്ക്കും നിരവധി സംഭാവനകള്‍ നല്‍കിയ ശാസ്ത്രജ്ഞനുമായി മനസ്സില്‍ സ്ഥാനം പിടിച്ചിരുന്നെന്നല്ലാതെ എന്റെ വ്യക്തി ജീവിതത്തെ അത്രമാത്രം സ്വാധീനിക്കാന്‍ കെല്‍പ്പുള്ള ഒരു അനുഭവവും ഉണ്ടായില്ല. ഒടുവില്‍ കഴിഞ്ഞ വര്‍ഷം പിറന്നാള്‍ സമ്മാനമായി കിട്ടിയ "അഗ്നിച്ചിറകുകള്‍" എന്ന പുസ്തകം വീണ്ടും ഞാന്‍ അലസമായി മറിച്ചു നോക്കി ഷെല്‍ഫില്‍ ഭദ്രമായി വയ്ച്ചു.
ഏതൊന്നിനും അതിന്റേതായ സമയമുണ്ട്. നാമെത്ര ആഗ്രഹിച്ചാലും പ്രയത്നിച്ചാലും അത് നമ്മുടെ കൈകളില്‍ എത്തിച്ചേരുന്നതിനും അനുഭവിക്കുന്നതിനും നമുക്ക് മേലെയുള്ള ശക്തി ഒരു സമയം നിശ്ചയിച്ചിട്ടുണ്ടാകും . കൃത്യമായ സമയത്ത് അത് നമ്മെത്തേടിയെത്തും. അനുഭവയോഗ്യമാണെങ്കില്‍ അതും സാധിച്ചു തരും. മാനസികമായി ഏറെ പിരിമുറുക്കത്തിലായിരുന്ന ആ ദിനങ്ങളില്‍ തന്നെ ശ്രീ അബ്ദുല്‍ കലാം ലോക മനസാക്ഷിയിലേക്ക് തൊടുത്തു വിട്ട അഗ്നി സ്ഫുലിംഗങ്ങള്‍ എനിക്ക് അടുത്തറിയാനുള്ള സമയമായതില്‍ പിന്നീട് സന്തോഷം തോന്നി.
പുസ്തകത്തിന്‍റെ പുറംചട്ടയില്‍ പെന്‍സില്‍ കൊണ്ട് എഴുതിയ ചില പേജ് നമ്പരുകള്‍ കാണാനാകും. എന്നെയേറെ സ്വാധീനിച്ച ആ വാക്കുകള്‍ കുടിയിരിക്കുന്ന ആ പേജുകള്‍ ഞാന്‍ മറിച്ചു നോക്കി.ഇന്ത്യന്‍ ജനത ഒന്നടങ്കം ശ്രീ എ.പി.ജെ അബ്ദുല്‍ കലാമിന്‍റെ വിയോഗത്തില്‍ മനസ്സ് നൊമ്പരപ്പെട്ടത് എന്തുകൊണ്ടാകുമെന്ന്‍ വാട്ട്സ് ആപ്പ് ,ഫെയിസ് ബുക്ക് മുതലായ സോഷ്യല്‍ മീഡിയകളില്‍ ഒഴുകിയെത്തിയ സന്ദേശങ്ങള്‍ നോക്കി ഞാന്‍ ആലോചിച്ചു.ആ ആദരവ് നേടിയെടുക്കാന്‍ അദ്ദേഹം ചെലവഴിച്ച സമയത്തെപ്പറ്റിയും കഠിനാധ്വാനത്തെപ്പറ്റിയും ഞാനോര്‍ത്തു. "അഗ്നിച്ചിറകുകള്‍" വായിച്ചു തീര്‍ത്ത ദിവസങ്ങളില്‍ ഇത്തരമൊരു കുറിപ്പ് എഴുതണമെന്ന്‍ ആഗ്രഹിചിരുന്നതാണ്. എന്നാല്‍ മുമ്പേ  സൂചിപ്പിച്ച പോലെ എല്ലാത്തിനും ഒരു സമയമുണ്ട്.
തത്വചിന്താപരമായ നിരവധി ഉദ്ധരണികള്‍ നാം ദിനവും വായിക്കാറുണ്ട്. ആഗ്രഹിച്ചില്ലെങ്കിലും സന്ദേശങ്ങളുടെയും പോസ്റ്റുകളുടെയും രൂപത്തില്‍ അത് നമ്മെത്തേടി എത്താറുണ്ട്. അലസമായി വായിച്ചു കളയുന്ന എത്രയോ മഹദ്വചനങ്ങള്‍... സത്യത്തില്‍ അവയ്ക്കൊക്കെ യഥാര്‍ത്ഥ ജീവിതവുമായി ബന്ധമുണ്ടോ?പച്ചയായ ജീവിതത്തില്‍ അത്തരമൊരു തത്വചിന്തയ്ക്ക് സ്ഥാനമുണ്ടോ? തീര്‍ച്ചയായും അതേയെന്നാണ്‌ എനിക്കുള്ള ഉത്തരം. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയിലേറെയായി നമുക്കരികിലെത്തുന്ന ശ്രീ കലാമിന്‍റെ വാക്കുകള്‍ക്ക് ഇന്നുവരെ അറിയാത്ത ഒരു ശക്തിയുണ്ട്.കഠിനമായ പ്രയത്നവും ലക്ഷ്യ ബോധവും കൊണ്ട് ഒരു ജീവിതം എങ്ങനെ മഹത്തരമാകുമെന്ന്‍ അദ്ദേഹം നമുക്ക് സ്വ ജീവിതം കൊണ്ട് കാണിച്ചു തന്നു. അഗ്നിച്ചിറകുകളിലെ തത്വചിന്താത്മകമായ ഓരോ വാചകവും  അദ്ദേഹം സ്വന്തം ജീവിതം കാണിച്ച അനുഭവങ്ങളിലൂടെയാണ്‌ പറഞ്ഞത്. എസ്. എല്‍. വി ത്രീ യുടെ ആദ്യ പറപ്പിക്കല്‍ പരാജയപ്പെട്ട് അറബിക്കടലില്‍ പതിക്കുമ്പോള്‍ തളര്‍ച്ചകളില്‍ നിന്നും ഉയര്‍ന്നെഴുന്നേല്‍ക്കാനുള്ള ശക്തി എങ്ങനെ ആര്‍ജ്ജിക്കണമെന്ന്‍ അദ്ദേഹം വിവരിച്ചു.
ഒരു നല്ല രക്ഷിതാവിനും ഒരു നല്ല അധ്യാപകനും നന്മയുള്ള ഒരു മനുഷ്യനെ സൃഷ്ടിക്കാനാകും. നേതൃ പാടവമുള്ള അത്തരം ജനതയുടെ കൈകളിൽ നമ്മുടെ രാജ്യത്തിന്റെ വളർച്ചയുണ്ട്‌.അത്തരംസൃഷ്ടികൾ അഥവാ ജീവിതങ്ങള്‍ നിരവധിയാകുമ്പോൾ പുരോഗതിയിലേക്കുള്ള ദൂരം കുറയുന്നു. ജീവിതംതന്നെ സന്ദേശമാക്കിയ ഒരു മഹാഗുരുവായി നമുക്ക് ശ്രീ കലാമിനെ കാണാനാകും.അദ്ദേഹംപറഞ്ഞ,എന്നെ.ഏറെ.സ്വാധീനിച്ച വരികൾ ഇവയാണ്.
"നിങ്ങളുടെ ഭാവി എന്തായാലും അത് മാറ്റാൻ നിങ്ങൾക്ക് സാധിക്കില്ല.പക്ഷേ ശീലങ്ങൾ മാറ്റാൻ സാധിക്കും.തീര്ച്ചയായും നല്ല ശീലങ്ങൾക്ക്‌ നിങ്ങളുടെ ഭാവിയെ മാറ്റി മറിക്കാൻ സാധിക്കും."
സ്വജീവിതം കൊണ്ട് അദ്ദേഹം അത് തെളിയിച്ചു. അതി രാവിലെ തന്നെ താമസിക്കുന്ന ലോഡ്ജ്‌ മുറിയായാലും ഹോട്ടലായാലും അതിനു മുന്നിലൂടെയുള്ള പ്രഭാതസവാരി, ആ സമയം അന്ന് മുൻഗണന കൊടുത്ത് ചെയ്ത് തീർക്കേണ്ട കാര്യങ്ങളെപ്പറ്റിയുള്ള ചിന്തകൾ... വിജയത്തിലേക്ക് നമ്മെ നയിക്കുന്ന നല്ല ശീലങ്ങൾ അദ്ദേഹം നമുക്ക് കാണിച്ചു തന്നു.സ്വന്തം പ്രവൃത്തികളിലൂടെയുള്ള ഒരു പുനർചിന്തനത്തിനു സാധ്യതയുണ്ടോ എന്ന് നമുക്കും പരിശോധിക്കാം.
ശ്രീ.കലാമിന്റെ വിയോഗത്തിൽ അനുശോചിച്ചുകൊണ്ടുള്ള സന്ദേശങ്ങളും കുറിപ്പുകളും സൈബർ ലോകത്ത് നിന്നും മാഞ്ഞു തുടങ്ങുന്നു. പകരം സൗഹൃദവും പ്രണയവുമൊക്കെ ആ ചുമരുകളിലേക്ക്‌ തിരിച്ചെത്തുന്നു. ഇവിടെ കൂട്ടിച്ചേർക്കാൻ ഒന്നുകൂടിയുണ്ട്. പ്രിയസുഹൃത്തുക്കളേ, ഡോക്ടർ കലാം ആഗ്രഹിച്ചത് താൻ മഹാനായി ആദരിക്കപ്പെടണമെന്നല്ല. മറിച്ച് തന്റെ ജീവിതകഥ മറ്റൊരാളുടെ ജീവിതത്തെ മാറ്റി മറിക്കാനും തൻമൂലം ആ വ്യക്തിക്കും സമൂഹത്തിനും രാജ്യത്തിനും ഈ ലോകത്തിനാകമാനവും നന്മ വരുത്താനും സാധിച്ചിരുന്നെങ്കിലെന്ന്‍ അദ്ദേഹം സ്വപ്നം കാണുകയായിരുന്നു.
"ഗുരുവേ നമ!"

ആദരപൂർവ്വം
വൃന്ദാ ശിവൻ.

No comments:

Post a Comment